/sathyam/media/media_files/2024/12/11/ag9BiA17M9pEMDiKDMx2.jpg)
തിരുവനന്തപുരം: ആവശ്യ സാധനങ്ങൾക്ക് വില വർദ്ധിപ്പിച്ചിട്ടും സപ്ലൈകോയുടെ പ്രതിസന്ധി തീരുന്നില്ല.
സർക്കാരിൻ്റെ വിവിധ വകുപ്പുകളിൽ നിന്ന് സപ്ലൈകോയ്ക്ക് കോടികൾ കിട്ടാകടമായിരിക്കുന്നതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്.
സാധനങ്ങൾ വാങ്ങിയ വകയിൽ ഏതാണ്ട് 600 കോടി രൂപ സപ്ലൈകോ കരാറുകാര്‍ക്ക് നല്‍കാനുണ്ട്.
കുടിശ്ശിക കൊടുക്കാത്തത് കാരണം ടെന്‍ഡറുകള്‍ ഏറ്റെടുക്കാനും ആളില്ലാതെ വരുമ്പോൾ ക്രിസ്തുമസ് ചന്തയടക്കം തുടങ്ങുന്നതിനും പ്രയാസം സൃഷ്ടിക്കുന്നുണ്ട്.
2024 ജൂലൈ 31 വരെയുള്ള കണക്ക് പ്രകാരം സപ്ലൈകോയുടെ ബാധ്യത 2490 കോടി രൂപ വരും.
ഭക്ഷ്യപൊതുവിതരണ വകുപ്പ്, വിദ്യാഭ്യാസം, റവന്യൂ, ഫിഷറീസ് - തദ്ദേശ സ്വയംഭരണം തുടങ്ങി വിവിധ വകുപ്പുകളിൽ നിന്ന് ഏതാണ്ട് 2908.77 കോടി രൂപ സപ്ലൈകോയ്ക്ക് കിട്ടാനുണ്ട്.
ഇതിൽ 125 കോടി രൂപയാണ് വിദ്യാഭ്യാസ വകുപ്പിൽ നിന്ന് ലഭിക്കാനുള്ളത്. റവന്യൂ വകുപ്പിൽ നിന്ന് 11.17 കോടിയും. ഫിഷറീസ് - തദ്ദേശ വകുപ്പിൽ നിന്ന് 18 കോടിയോളവും ലഭിക്കാനുണ്ട്.
2,748.46 കോടി രൂപ സിവിൽ സപ്ലൈസ് വകുപ്പാണ് നൽകാനുള്ളത്. ഇതിൽ 1300 കോടിയോളം രൂപ വിപണി ഇടപെടലിനു വേണ്ടി സപ്ലൈകോ ചിലവഴിച്ചു.
ബാക്കി തുക നെല്ല് സംഭരണവുമായി ബന്ധപ്പെട്ട കുടിശ്ശികയാണ്. ഇതിൽ കുറച്ചെങ്കിലും ലഭിച്ചാൽ സാധനം വാങ്ങിയ വകയിലുള്ള തുക കരാറുകാർക്ക് കൈമാറാനാവും.
കുടിശ്ശിക കൊടുക്കാത്തത് കാരണം ക്രിസ്തുമസ് ചന്തയിലേക്ക് ആവശ്യമായ സാധനങ്ങളുടെ ടെന്‍ഡറുകള്‍ ഏറ്റെടുക്കാനും നിലവിൽ ആളില്ല. ഇത് കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുകയാണ്.
ഈ മാസം 21 മുതല്‍ ക്രിസ്മസ് ചന്ത തുടങ്ങാനാണ് പദ്ധതി. എന്നാൽ ഇതിനാവശ്യമായ പണം എങ്ങനെ കണ്ടെത്തും എന്ന ആശങ്കയിലാണ് സപ്ലൈകോ അധികൃതർ.
സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന സർക്കാർ സപ്ലൈകോയ്ക്ക് ആവശ്യമായ തുക അനുവദിച്ചില്ലെങ്കിൽ അത് വിലക്കയറ്റത്തിൽ പൊറുതിമുട്ടുന്ന പൊതുജനങ്ങളെയും സാരമായി ബാധിക്കും.