/sathyam/media/media_files/2024/12/13/8kShK4duncHlUs2s3eVS.jpg)
തിരുവനന്തപുരം: സംസ്ഥാനത്തെ കോൺഗ്രസ് പുന: സംഘടനയിൽ പത്ത് ഡിസിസി പ്രസിഡൻറുമാരുടെ പണി തെറിക്കും.
പുനസംഘടനക്ക് മുന്നോടിയായി കേരളത്തിൻെറ ചുമതലയുളള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി ഹൈക്കമാൻഡിന് സമർപ്പിച്ച റിപോർട്ടിൽ സംസ്ഥാനത്തെ ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷന്മാരിൽ പത്ത് പേരുടെയും പ്രവർത്തനം തൃപ്തികരമല്ലെന്നാണ് വിലയിരുത്തൽ.
എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ഡിസിസി പ്രസിഡന്റുമാർ മാത്രമാണ് മികച്ച പ്രവർത്തനം കാഴ്ചവെക്കുന്നതെന്നാണ് ദീപാദാസ് മുൻഷിയുടെ റിപോർട്ട് ചൂണ്ടിക്കാട്ടുന്നത്.
ബാക്കിയുളള പത്ത് ജില്ലകളിലെയും ജില്ലാ കോൺഗ്രസ് അധ്യക്ഷന്മാരെയും തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് മാറ്റിയേ തീരു എന്നാണ് റിപോർട്ടിലെ നിർദ്ദേശം.
തിരുവനന്തപുരത്തെ പാലോട് രവി, കൊല്ലത്തെ രാജേന്ദ്ര പ്രസാദ്, പത്തനംതിട്ടയിലെ സതീഷ് കൊച്ചുപറമ്പിൽ, കോട്ടയത്തെ നാട്ടകം സുരേഷ്, ആലപ്പുഴയിലെ ബി. ബാബുപ്രസാദ്, ഇടുക്കിയിലെ സി.പി മാത്യു, പാലക്കാട്ടെ എ തങ്കപ്പൻ, വയനാട്ടിലെ എൻ.ഡി അപ്പച്ചൻ, കാസർകോട്ടെ പി.കെ ഫൈസൽ എന്നിവരുടെ പ്രവർത്തനത്തിൽ വീഴ്ചയുണ്ടെന്നാണ് ദീപാദാസ് മുൻഷിയുടെ വിലയിരുത്തൽ.
ലോകസഭാ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ പിരിച്ചുവിട്ടതിനാൽ തൃശൂരിൽ ഇപ്പോൾ ഡിസിസി പ്രസിഡന്റ് ഇല്ല.
ബൂത്ത് തലം മുതൽ കമ്മിറ്റികൾ ഉണ്ടാക്കാനും വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നത് പോലെ പാർട്ടി നേതൃത്വം ഏൽപ്പിക്കുന്ന ഉത്തരവാദിത്തങ്ങൾ നിർവഹിക്കുന്നതിൽ ഈ ജില്ലാ അധ്യക്ഷന്മാർ വീഴ്ച വരുത്തിയിട്ടുണ്ട്.
പാർട്ടിയുടെ രാഷ്ട്രീയ സംഘടനാ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിലും നേതാക്കളെ ഒരുമിച്ച് കൊണ്ടുപോയി ലക്ഷ്യങ്ങൾ നിറവേറ്റുന്നതിലും ഭൂരിപക്ഷം ജില്ലാ കമ്മിറ്റികളും പരാജയമാണെന്നും എഐസിസി വിലയിരുത്തുന്നു.
ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ കോൺഗ്രസ് പുന:സംഘടന നടക്കുമ്പോൾ പത്ത് ഡിസിസി അധ്യക്ഷന്മാരുടെ പണി തെറിക്കാനാണ് സാധ്യത.
സംഘടനാ ദൗർബല്യങ്ങൾ പരിഹരിച്ച് പാർട്ടിയുടെ എല്ലാ ജില്ലാ ഘടകങ്ങളെയും ഒരുപോലെ പ്രവർത്തന സജ്ജമാക്കിയാലേ നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയം തിരിച്ചുപിടിക്കാനാവൂ എന്നാണ് കോൺഗ്രസ് ഹൈക്കമാൻഡിൻെറ വിലയിരുത്തൽ.
തലസ്ഥാനത്തെ ജില്ലാ കോൺഗ്രസിനെ നയിക്കുന്ന പാലോട് രവി സമ്പൂർണ പരാജയമാണ് എന്നാണ് കോൺഗ്രസ് സംസ്ഥാന ദേശിയ നേതൃത്വങ്ങളുടെ വിലയിരുത്തൽ.
പഴയ എ ഗ്രൂപ്പുകാരനായ പാലോട് രവിക്ക് പുതിയ കാലത്തെ പ്രവർത്തന രീതികളെപ്പറ്റി ഒരു ധാരണയുമില്ല. വലിയ സമരങ്ങളും രാഷ്ട്രീയ ദൗത്യങ്ങളും ഏറ്റെടുക്കേണ്ട തിരുവനന്തപുരത്തെ ഡിസിസിക്ക് അതിനൊന്നും കഴിയുന്നില്ലെന്നാണ് വിലയിരുത്തൽ.
കൊല്ലത്ത് കൊടിക്കുന്നിൽ സുരേഷിൻെറ നോമിനിയായാണ് രാജേന്ദ്രപ്രസാദ് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷനായത്. എന്നാൽ ഇപ്പോൾ രണ്ട് പേരും വിരുദ്ധ ധ്രുവങ്ങളിലാണ്.
എൽഡിഎഫിന് മേൽക്കൈയുളള കൊല്ലത്ത് ശക്തമായ എതിരാളിയായി പാർട്ടിയെ മാറ്റുന്നതിൽ നേതൃത്വത്തിന് വീഴ്ചയുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിൽ സമ്പൂർണ പരാജയം ഏറ്റുവാങ്ങിയ പത്തനംതിട്ടയിലെ പാർട്ടിയുടെ സ്ഥിതി പരിതാപകരമാണെന്നാണ് എഐസിസി പ്രതിനിധിയുടെ വിലയിരുത്തൽ.
എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിൻെറ തട്ടകമായ ആലപ്പുഴയിലെ ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ ബി ബാബുപ്രസാദ് പുതിയ കാലത്തിന് അനുസൃതമായ പ്രവർത്തനം നടത്തുന്നില്ല എന്നാണ് പരാതി.
കെ.സി വേണുഗോപാൽ ആലപ്പുഴയിൽ മത്സരിക്കാൻ വരുമ്പോൾ ജില്ലയിൽ 400ൽപരം ബൂത്തുകളിൽ കമ്മിറ്റിയുണ്ടായിരുന്നില്ല. ഹരിപ്പാട്, കായംകുളം നിയമസഭാ മണ്ഡലങ്ങളിൽ ലോകസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വോട്ട് ചോർച്ച ഉണ്ടായതും ഡിസിസി പ്രസിഡന്റിന് നെഗറ്റീവ് മാർക്കായി.
ഇടുക്കിയിലും സമാനമായ സ്ഥിതിയാണ്. പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ സംഘടനാ ദൗർബല്യങ്ങൾ വെളിപ്പെട്ടതാണ് അവിടത്തെ ജില്ലാ കോൺഗ്രസ് അധ്യക്ഷൻ എ തങ്കപ്പന് വിനയായത്.
മലബാറിൽ വയനാട് ജില്ലയിലെ ഡിസിസി പ്രസിഡന്റ് എൻ.ഡി അപ്പച്ചന് പ്രായാധിക്യം മൂലമുളള ശാരീരിക പ്രശ്നങ്ങളുണ്ട്. പ്രിയങ്ക ഗാന്ധി പ്രതിനിധീകരിക്കുന്ന ജില്ലയിലെ സംഘടന പ്രതീക്ഷക്കൊത്ത് ഉയരാത്തത് ജില്ലാ കോൺഗ്രസ് അധ്യക്ഷൻെറ ദൗർബല്യം മൂലമാണെന്നാണ് പരാതി.
കാസർകോട്ട് യുവ നേതാവാണ് ഡിസിസി പ്രസിഡൻെറങ്കിലും ചേരിപോരിലും വിവാദങ്ങൾക്കും വേണ്ടി സമയം പാഴാക്കുകയാണെന്നാണ് വിമർശനം.
കേരളത്തിലെ പ്രവർത്തനങ്ങൾ സസൂക്ഷ്മം നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുന്ന ദീപാദാസ് മുൻഷിക്ക് ഇതെല്ലാം നേരിട്ട് അറിയാം. അതാണ് പുനസംഘടനയിൽ ഇത്രയധികം ഡിസിസി അധ്യക്ഷന്മാർ തെറിക്കുന്ന സ്ഥിതി ഉണ്ടായത്.
കെപിസിസി അധ്യക്ഷനെ മാറ്റാതെയുള്ള പാര്‍ട്ടി പുനസംഘടനയാണ് ഇപ്പോള്‍ എഐസിസിയുടെ തീരുമാനം. അനാരോഗ്യം നേരിടുന്ന കെപിസിസി പ്രസിഡന്‍റ് കെ സുധാകരന് ചുമതലകള്‍ സജീവമായി നിര്‍വ്വഹിക്കുന്നതിന് പരിമിതികള്‍ ഉണ്ടെങ്കിലും കൂടുതല്‍ വര്‍ക്കിംങ്ങ് പ്രസിഡന്‍റുമാരെ നിയമിച്ച് ഈ കുറവ് പരിഹരിക്കുന്നതിനാണ് തീരുമാനം.
സുധാകരന്‍റെ പ്രവര്‍ത്തനങ്ങളില്‍ പാര്‍ട്ടിയിലെ ഭൂരിപക്ഷത്തിന് അതൃപ്തിയുണ്ടെങ്കിലും സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിന്‍റെ പിന്തുണ ഇപ്പോള്‍ സുധാകരനുണ്ട്. അതില്‍ വേണുഗോപാലിനും ചില രാഷ്ട്രീയ കണക്കുകൂട്ടലുകളുമുണ്ട്.