/sathyam/media/media_files/2024/12/15/KdPGzwGMFAeucA5UrXqF.jpg)
തിരുവനന്തപുരം: പുന: സംഘടനയ്ക്ക് കളമൊരുങ്ങിയതോടെ സംസ്ഥാന കോൺഗ്രസിൽ പുതിയ ധ്രൂവീകരണങ്ങൾക്കുളള ശ്രമം ശക്തമായി.
പ്രതിപക്ഷ നേതാവ് വി.ഡി സതീശനും അദ്ദേഹത്തിന് ഒപ്പമുളള യുവനേതാക്കളുടെ കൂട്ടായ്മക്കും എതിരെ മുതിർന്ന നേതാക്കളുടെ മുൻകൈയ്യിലാണ് പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നത്.
കെ.പി.സി.സി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ.സുധാകരനെ മാറ്റില്ലെന്ന് വ്യക്തമായെങ്കിലും അധ്യക്ഷ സ്ഥാനത്തേക്ക് യുവനേതാക്കളായ റോജി എം.ജോൺ, മാത്യു കുഴൽനാടൻ, ഹൈബി ഈഡന്‍ തുടങ്ങിയവരുടെ പേരുകൾ ഉയർന്ന് വന്നതോടെയാണ് മുതിർന്ന നേതാക്കൾ ഗ്രൂപ്പ് ഭേദമന്യേ ഒരുമിക്കാൻ തയാറെടുക്കുന്നത്.
മുതിർന്ന നേതാക്കളെ ഒറ്റയടിക്ക് വെട്ടിമാറ്റി സംസ്ഥാന കോൺഗ്രസിൽ തലമുറമാറ്റത്തിനാണ് ശ്രമം നടക്കുന്നതെന്ന അനുമാനത്തിലാണ് തഴക്കം ചെന്ന നേതാക്കളുടെ ഒരുമിക്കൽ നീക്കം.
മുൻ പ്രതിപക്ഷ നേതാവും കോൺഗ്രസ് പ്രവർത്തക സമിതിയിലെ ക്ഷണിതാവുമായ രമേശ് ചെന്നിത്തലയാണ് സതീശൻെറ നേതൃത്വത്തിലുളള യുവജന മുന്നേറ്റത്തിനെതിരെ മുതിർന്ന നേതാക്കളെ ഒരുമിപ്പിക്കാൻ ശ്രമിക്കുന്നത്.
2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരത്തിൽ വന്നാൽ മന്ത്രിസഭാ രൂപീകരണത്തിലും യുവ പ്രാതിനിധ്യത്തിന് ശ്രമം നടന്നേക്കുമെന്ന ആശങ്കയും മുതിർന്ന നേതാക്കൾക്കുണ്ട്. ഇതും ഗ്രൂപ്പുകൾക്ക് അതീതമായ യോജിപ്പിന് കാരണമായിട്ടുണ്ട്.
തൃശൂരിൽ രമേശ് ചെന്നിത്തലയും മുതിർന്ന കോൺഗ്രസ് നേതാവ് എം.കെ.രാഘവൻ എം.പിയും തമ്മിൽ നടന്ന കൂടിക്കാഴ്ച കോൺഗ്രസിലെ പുതിയ ധ്രുവീകരണത്തിൻെറ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.
മാടായി കോളജിലെ നിയമന വിവാദത്തിൻെറ പശ്ചാത്തലത്തിൽ രമേശ്- രാഘവൻ കൂടിക്കാഴ്ചക്ക് രാഷ്ട്രീയ പ്രാധാന്യമേറയാണ്. തൃശൂരിലെ രാമനിലയത്തിൽ വെച്ചാണ് രമേശ് ചെന്നിത്തലയും എം.കെ.രാഘവനും തമ്മിലുളള ചർച്ച നടന്നത്.
പൊതുപരിപാടിയിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തൃശ്ശൂരിലെത്തിയത്. എന്നാൽ വ്യക്തിപരമായ ആവശ്യത്തിനെന്ന് പറഞ്ഞുകൊണ്ട് രാവിലെ മുതൽ എം.കെ രാഘവൻ എം.പി രാമനിലയത്തിൽ ക്യാമ്പ് ചെയ്യുകയായിരുന്നു.
മൂന്നരയോടെ രമേശ് ചെന്നിത്തല രാമനിലയത്തിൽ എത്തി. ചെന്നിത്തലയുടെ മുറിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. ജീവനക്കാരെയും മറ്റ് നേതാക്കളെയും ഒഴിവാക്കി ബാൽക്കണിയിൽ വെച്ചായിരുന്നു ചർച്ച.
ചർച്ച അരമണിക്കൂറിലേറെ നീണ്ടുനിന്നു. മാടായി കോളേജ് വിഷയവും കോൺഗ്രസിലെ പൊതുവായ രാഷ്ട്രീയ-സംഘടനാ കാര്യങ്ങളും ചർച്ചയായി.
കോൺഗ്രസിൽ കൂടിയാലോചന നടക്കുന്നില്ലെന്നും രാഷ്ട്രീയ സംഘടനാ വിഷയങ്ങളിൽ കൂടിയാലോചനകൾ ഉണ്ടാവണമെന്നും കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. കോഴിക്കോട് വെച്ച് വാർത്താ ചാനലിന് നൽകിയ പ്രതികരണത്തിലാണ് അതൃപ്തി പരസ്യമാക്കുന്ന പരാമർശം അദ്ദേഹം നടത്തിയത്.
പല കാര്യങ്ങളും പറയാനുണ്ടെങ്കിലും പ്രവർത്തകർക്ക് വിഷമമാകുമെന്നത് കൊണ്ട് പറയാതിരിക്കുകയാണെന്നും പറയാൻ അറിയാഞ്ഞിട്ടല്ലെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചിരുന്നു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനോടുളള നീരസമാണ് ഈ പ്രതികരണങ്ങളിൽ കൂടി വ്യക്തമായതെന്നാണ് സൂചന.
കേരളത്തിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയിട്ടും ദേശിയ നേതൃത്വം ഇടപെടാത്തതിലും ചെന്നിത്തലക്ക് അതൃപ്തിയുണ്ട്. ഇത് കെ.സി.വേണുഗോപാലിനോടുളള അതൃപ്തിയാണതെങ്കിലും അത് പരസ്യമായി പറയാൻ കഴിയാത്ത അവസ്ഥയുണ്ട്.
പുതിയ സാഹചര്യത്തിൽ എ ഗ്രൂപ്പ് നേതാക്കളായ എം.എം.ഹസൻ അടക്കമുളളവർ ചെന്നിത്തലയോട് യോജിച്ചാണ് നീങ്ങുന്നത്. പുന: സംഘടനയിൽ അർഹമായ പ്രാതിനിധ്യം ലഭിക്കുന്നതിന് വേണ്ടി കൂടിയാണ് ഇപ്പോഴത്തെ നീക്കങ്ങളെന്നും സംശയമുയർന്നിട്ടുണ്ട്.