/sathyam/media/media_files/2024/12/16/sqRC770bc6d9zEdm4JpU.jpg)
തിരുവനന്തപുരം: സ്വകാര്യ കമ്പനിയ്ക്ക് അനുകൂലമായി മണിയാർ ജലവൈദ്യുത പദ്ധതിയുടെ കരാര്‍ നീട്ടുന്നതുമായി ബന്ധപ്പെട്ട തീരുമാനത്തിൽ സര്‍ക്കാറിൽ ഭിന്നത.
മണിയാര്‍ പദ്ധതിയുടെ കരാര്‍ നീട്ടരുതെന്നാണ് വൈദ്യുതി വകുപ്പിന്‍റെ നിലപാടെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി വ്യക്തമാക്കിയതോടെയാണ് വിഷയത്തിൽ ഭിന്നത പ്രകടയായത്.
കെഎസ്ഇബിയുമായി 30 വർഷത്തെ കരാർ പൂർത്തിയാക്കിയ കാർബോറണ്ടത്തിന് കരാർ നീട്ടി നൽകണം എന്നാണ് വ്യവസായ വകുപ്പിന്‍റെ നിലപാട്. മുഖ്യമന്ത്രിയ്ക്കും ഇക്കാര്യത്തിൽ അനുകൂല നിലപാടാണ് ഉള്ളത്.
എന്നാൽ കരാർ നീട്ടി നൽകുന്നതിൽ വലിയ അഴിമതി ഉണ്ടെന്ന ആരോപണം ശക്തമായതോടെയാണ് വൈദ്യുതി മന്ത്രി മലക്കംമറിഞ്ഞത്.
കരാര്‍ നീട്ടണമെന്ന വ്യവസായ വകുപ്പിന്‍റെ നിലപാട് അന്തിമ തീരുമാനം ആയില്ലെന്നും ഇതുസംബന്ധിച്ച അന്തിമ തീരുമാനം മുഖ്യമന്ത്രി എടുക്കുമെന്നും മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു.
കരാര്‍ നീട്ടുന്നതിൽ വ്യവസായ വകുപ്പിനും വൈദ്യുതി വകുപ്പിനും രണ്ട് അഭിപ്രായമാണെന്നതാണ് വൈദ്യുതി മന്ത്രിയുടെ വിശദീകരണത്തിലൂടെ വ്യക്തമാവുന്നത്.
മണിയാർ പദ്ധതി ഏറ്റെടുക്കണം എന്നാണ് വൈദ്യുതി ബോർഡിന്‍റെ അഭിപ്രായമെന്ന് ഇത് സംബന്ധിച്ച് പുറത്തുവന്ന മുൻ രേഖകളിലൂടെ വ്യക്തമായിരുന്നു. എന്നാൽ, അതെല്ലാം മറച്ചുവെച്ചായിരുന്നു സ്വകാര്യ കമ്പനിക്ക് കരാർ നീട്ടി നൽകാൻ സർക്കാർ തത്വത്തിൽ തീരുമാനമെടുത്തത്.
ഇതിനെ ചോദ്യം ചെയ്ത് പ്രതിപക്ഷവും രംഗത്തുവന്നിരുന്നു. ഈ മാസം 30 -ന് കാര്‍ബൊറാണ്ടവുമായുള്ള ബിഒടി കരാര്‍ കാലാവധി അവസാനിക്കാനിരിക്കെയാണ് 25 വര്‍ഷം കൂടി കരാര്‍ നീട്ടിക്കൊടുക്കാന്‍ സർക്കാർ തീരുമാനം എടുത്തത്.
കരാര്‍ അനുസരിച്ച് മണിയാര്‍ ജലവൈദ്യുത പദ്ധതി പൂര്‍ണ്ണമായും സര്‍ക്കാരില്‍ വന്ന് ചേരേണ്ടതാണ്. എന്നാല്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വൈദ്യുതി മന്ത്രിയെ പോലും നിശബ്ദനാക്കിയാണ് കരാർ നീട്ടി നൽകാൻ ഗൂഢാലോചന നടത്തിയത്.
യൂണിറ്റിന് വെറും അന്‍പത് പൈസ എന്ന നിസ്സാര വിലയ്ക്ക് കേരളത്തിന് വൈദ്യുതി ലഭിക്കുമായിരുന്ന ദീര്‍ഘകാല കരാര്‍ റദ്ദാക്കി അമിത വിലയ്ക്ക് വൈദ്യുതി വാങ്ങി ജനങ്ങളെ കൊള്ളയടിക്കാനുള്ള നീക്കമാണ് സർക്കാർ നിക്കത്തിന് പിന്നിൽ.
കരാർ പ്രകാരം മണിയാറിലെ 12 മെഗാവാട്ട് പ്ളാന്റില്‍ നിന്നുള്ള വൈദ്യുതി കാര്‍ബൊറാണ്ടത്തിന്റെ വ്യാവസായികാവശ്യത്തിനും അധികം വരുന്ന വൈദ്യുതി കെ.എസ്ഇബിക്കും നല്‍കേണ്ടതാണ്.
മുപ്പത് വര്‍ഷത്തേക്കാണ് കരാര്‍. അത് നീട്ടി നല്‍കാനുള്ള ഒരു വ്യവസ്ഥയും അന്നത്തെ കരാറില്‍ ചേര്‍ത്തിട്ടുമില്ല.
അത്തരമൊരു സാഹചര്യത്തിലാണ് പഴയ കരാർ പോലും അട്ടിമറിച്ച് സ്വകാര്യ കമ്പനിക്ക് പദ്ധതി പ്രവർത്തനം തുടർന്നും നൽകാൻ വ്യവസായ വകുപ്പ് ശക്തമായ സമർദ്ദം നടത്തിയത്. ഇതിന് പിന്നിൽ അഴിമതി നടന്നതായി പ്രതിപക്ഷം ആരോപിക്കുകയും ചെയ്തു.
പ്രതിപക്ഷ ആരോപണത്തിന് പിന്നാലെ വൈദ്യുതി മന്ത്രിയും കരാർ നീട്ടി നൽകുന്നതിന് എതിർത്ത രംഗത്ത് വന്നതോടെ വിഷയത്തിൽ സർക്കാർ തലത്തിലുള്ള ഭിന്നത മറനീക്കി പുറത്തുവന്നിരിക്കുകയാണ്.