സ്റ്റാലിന്റെ സമ്മര്‍ദ്ദത്തില്‍ മുല്ലപ്പെരിയാറില്‍ അറ്റകുറ്റപ്പണിക്ക് അനുമതി നല്‍കിയ ഉത്തരവ് പുതിയ ഡാം വേണമെന്ന ആവശ്യത്തെ ദുര്‍ബലപ്പെടുത്തും. അണക്കെട്ടിലും സ്പില്‍വേയിലും അറ്റകുറ്റപ്പണികള്‍ നടത്തിയതോടെ ഡാം സുരക്ഷിതമെന്ന് തമിഴ്‌നാടിന് വാദിക്കാം. 30ലക്ഷത്തിലേറെ ജനങ്ങളെ ബാധിക്കുന്ന വിഷയത്തില്‍ സര്‍ക്കാരിന് പിഴച്ചോ

ആദ്യം അറ്റകുറ്റപ്പണി, അതിനു ശേഷം സുരക്ഷാ പരിശോധന എന്ന നിലപാടായിരുന്നു തമിഴ്നാടിന്. എന്നാൽ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ പിണറായിയുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം കേരളം നിലപാട് മാറ്റി.

New Update
pinarai vijayan mk stalin
Listen to this article
0.75x1x1.5x
00:00/ 00:00

തിരുവനന്തപുരം: തമിഴ്നാടിന്റെ അതിശക്തമായ സമ്മർദ്ദം അംഗീകരിച്ച് മുല്ലപ്പെരിയാർ അണക്കെട്ടിൽ അറ്റകുറ്റപ്പണികൾ നടത്താൻ കേരളം അനുമതി നൽകിയത്, അവിടെ പുതിയ ഡാമെന്ന കേരളത്തിന്റെ ആവശ്യത്തെ ദുർബലപ്പെടുത്തുമെന്ന് വിലയിരുത്തൽ.

Advertisment

കേരളത്തിന് സുരക്ഷ, തമിഴ്‌നാടിന് ജലം എന്ന നിലപാടെടുത്ത് പുതിയ ഡാമിനായി സുപ്രീംകോടതിയിൽ നിയമപോരാട്ടത്തിലാണ് കേരളം.


പുതിയ അണക്കെട്ട് നിർമിക്കുന്നതു വരെ ജനങ്ങളുടെ ഭീതി ഒഴിവാക്കാനായി നിലവിലുള്ള അണക്കെട്ടിൽ അറ്റകുറ്റപ്പണി നടത്താനാണ് കേരളം അനുമതി നൽകിയതെങ്കിലും ഈ ഉത്തരവ് സുപ്രീംകോടതിയിൽ ചൂണ്ടിക്കാട്ടി അണക്കെട്ട് അറ്റകുറ്റപ്പണി നടത്തി സുരക്ഷിതമാക്കിയെന്ന് വാദിക്കാൻ തമിഴ്നാടിന് അവസരമൊരുങ്ങിയിരിക്കുകയാണ്.


പഴ‌ക്കമേറിയ മുല്ലപ്പെരിയാർ അണക്കെട്ട് സുരക്ഷിതമല്ലെന്ന് വിലയിരുത്തി, പുതിയ അണക്കെട്ട് നിർമ്മിക്കുന്നതിനായുള്ള പരിസ്ഥിതി ആഘാത പഠനത്തിന് ടേംസ് ഓഫ് റഫറൻസ് നിശ്ചയിക്കണമെന്ന് കേന്ദ്രത്തോട് സംസ്ഥാനം ആവശ്യപ്പെട്ടിരിക്കുകയാണ്.

അടുത്തിടെ പഠനം തുടങ്ങിയിരുന്നു. പുതിയ അണക്കെട്ട് സംബന്ധിച്ച് കേരളം പദ്ധതിരേഖ സമർപ്പിച്ചിട്ടുമുണ്ട്. എന്നാൽ പുതിയ അണക്കെട്ടിനായി പഠനം നടത്താൻ കേരളത്തെ അനുവദിക്കരുതെന്നാണ് തമിഴ്നാടിന്റെ ആവശ്യം.

B

നൂറ്റാണ്ടിലേറെ പഴക്കമുള്ള അണക്കെട്ടിന്റെ അപകടാവസ്ഥയും ലക്ഷക്കണക്കിനാളുകളുടെ സുരക്ഷയും ചൂണ്ടിക്കാട്ടിയാണ് പുതിയ ഡാമിനായി കേരളം വാദിക്കുന്നത്.


എന്നാൽ കേരളം കൂടി അംഗീകരിച്ച രീതിയിൽ ഡാമിന്റെ അറ്റകുറ്റപ്പണി നടത്തിയതിനാൽ ഡാം സുരക്ഷിതമാണെന്നും പുതിയത് പണിയേണ്ട ആവശ്യമില്ലെന്നും തമിഴ്നാടിന് ഇനി വാദിക്കാനാവും.


നിലവിലെ മുല്ലപ്പെരിയാർ ഡാമിൽ നിന്ന് 366 മീറ്റർ താഴെയാണ് പുതിയ ഡാമിന് കേരളം സ്ഥലം കണ്ടെത്തിയത്. ഇത് പെരിയർ കടുവാ സങ്കേതമുൾപ്പെട്ട സോണിലാണ്.

പുതിയ ഡാം നിർമ്മിക്കുന്നത് തമിഴ്നാടുമായി ആലോചിച്ചായിരിക്കണമെന്നാണ് 2014ലെ സുപ്രീംകോടതി ഉത്തരവ്.


പുതിയ ഡാമിനായുള്ള കേരളത്തിന്റെ എല്ലാ ശ്രമങ്ങളും തടയുന്ന നിലപാടാണ് തമിഴ്നാടിന്റേത്. പുതിയ അണക്കെട്ട് നിർമ്മിക്കാൻ 7വർഷമെങ്കിലും വേണ്ടിവരും.


എന്നാൽ അണക്കെട്ടിലും സ്പിൽവേയിലും സിമന്റ് പെയ്ന്റിംഗ് ഉൾപ്പെടെയുള്ള അറ്റകുറ്റപ്പണികൾ നടത്തിയതിലൂടെ ഡാം കൂടുതൽ സുരക്ഷിതമായെന്ന് തമിഴ്നാട് ഇനി വാദിക്കും. 

മുല്ലപ്പെരിയാറിൽ സുരക്ഷാ പരിശോധന നടത്തിയ ശേഷം മാത്രം അറ്റകുറ്റപ്പണികൾ നടത്തിയാൽ മതിയെന്നായിരുന്നു കേരളത്തിന്റെ നിലപാട്.

mk stalin pinarai meet

ആദ്യം അറ്റകുറ്റപ്പണി, അതിനു ശേഷം സുരക്ഷാ പരിശോധന എന്ന നിലപാടായിരുന്നു തമിഴ്നാടിന്. എന്നാൽ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ പിണറായിയുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം കേരളം നിലപാട് മാറ്റി.


അണക്കെട്ടിൽ അറ്റകുറ്റപ്പണിക്കായി എത്തിയ തമിഴ്നാട് സംഘത്തെ കേരള വനം വകുപ്പ് തടഞ്ഞത് വിവാദമായിരുന്നു. സ്റ്റാലിൻ കേരളത്തിൽ എത്തിയപ്പോൾ തന്നെ അറ്റകുറ്റപ്പണിക്കുള്ള സാമഗ്രികൾ അണക്കെട്ടിലേക്കു കൊണ്ടുപോകാൻ തമിഴ്നാടിന് അനുമതി നൽകി ഉത്തരവിറക്കുകയായിരുന്നു.


അതേസമയം, മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് പണിയുന്നതുൾപ്പെടെയുള്ള വിഷയങ്ങളിൽ തമിഴ്നാടുമായി ധാരണയിൽ എത്തുമെന്നാണ് സർക്കാരിന്റെ വിശദീകരണം.

പുതിയ അണക്കെട്ടിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഉദ്യോഗസ്ഥ തലത്തിലും സർക്കാർ തലത്തിലുമുള്ള വിവിധ യോഗങ്ങളിൽ പരിഗണിച്ചിരുന്നു. എന്നാൽ, സമവായത്തിലെത്താൻ കഴിഞ്ഞിരുന്നില്ല.

പുതിയ അണക്കെട്ട് നിർമ്മിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ നിബന്ധനയോടെയുള്ള പരിസ്ഥിതി ആഘാത പഠനം പുരോഗമിച്ചുവരികയാണ്.


പ്രഗതി ലാബ്സ് പ്രൈവറ്റ് ലിമിറ്റഡിനെയാണ് പരിസ്ഥിതി ആഘാത പഠനം നടത്താൻ 95 ലക്ഷം രൂപയ്ക്ക് കരാർ ഏൽപ്പിച്ചിരിക്കുന്നത്.


പരിസ്ഥിതി ആഘാത പഠനത്തിന്റെ ഭാഗമായി കരാർ എടുത്തിട്ടുള്ളവർ രണ്ടു സീസണുകളുടെ ബേസ് ലൈൻ ഡാറ്റാ കളക്ഷൻ പൂർത്തീകരിച്ചു.

മൂന്നാം സീസൺ പുരോഗമിക്കുന്നു. മുല്ലപ്പെരിയാർ അണക്കെട്ട് പെട്ടെന്നൊന്നും പൊട്ടില്ലെന്നും ഭൂകമ്പം ഉണ്ടായാൽ മാത്രമേ പ്രശ്നം ഉണ്ടാവുകയുള്ളൂവെന്നും മന്ത്രി കെ.കൃഷ്ണൻകുട്ടി നേരത്തേ നിയമസഭയിൽ പറഞ്ഞിരുന്നു.


മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്നാട് സർക്കാർ ഇപ്പോൾ നല്ല സമീപനമാണ് സ്വീകരിക്കുന്നതെന്നും ഇത് ശുഭപ്രതീക്ഷ നൽകുന്നതാണെന്നും മുഖ്യമന്ത്രി പിണറായി വിജയനും നേരത്തേ നിയമസഭയിൽ വ്യക്തമാക്കിയിരുന്നു.


തമിഴ്നാടും കേരളവും തമ്മിൽ നല്ല ബന്ധമാണുള്ളത്. സഹോദരങ്ങളായി ജീവിക്കേണ്ടവരാണ്. കേരളത്തിന്റെ നാല് അതിരിൽ ജീവിക്കുന്നവരല്ല കേരളീയർ.

mullapperiyar dam maintenence order

തെറ്റായ വികാരമുയർത്തി അനാവശ്യ സ്പർദ്ധയുണ്ടാക്കാൻ ശ്രമിക്കരുത്. സമവായത്തോടെ മാത്രമേ പ്രശ്നം പരിഹരിക്കാനാവൂ.

പുതിയ ഡാം വേണമെന്ന ആവശ്യം തമിഴ്നാടിനു മുന്നിൽ ഉന്നയിക്കും. കേന്ദ്രസർക്കാരിന്റെ സഹായം ഇല്ലാതെയും ചർച്ച ചെയ്യാവുന്ന നല്ല ബന്ധമാണ് ഇരു സംസ്ഥാനങ്ങളും തമ്മിലുള്ളത്. 

അതേസമയം രണ്ടു വർഷം മുൻപും അറ്റകുറ്റപ്പണിക്ക് തമിഴ്നാട് നീക്കം നടത്തിയിരുന്നതാണ്.


പത്തുവർഷത്തിലൊരിക്കൽ രാജ്യത്തെ പ്രധാന ഡാമുകളിൽ സുരക്ഷാപരിശോധന ആവശ്യമാണെന്നാണ് കേന്ദ്ര ജലകമ്മീഷന്റെ സുരക്ഷാ പുസ്തകത്തിൽ വ്യവസ്ഥ ചെയ്തിരിക്കുന്നത്. 


2011ലാണ് മുല്ലപ്പെരിയാർ അണക്കെട്ടിൽ അവസാനമായി സമഗ്ര സുരക്ഷാ പരിശോധന നടന്നത്.

അണക്കെട്ടിൽ അറ്റകുറ്റപ്പണിക്ക് സുപ്രീംകോടതി തമിഴ്നാടിന് 2014ൽ നിർദേശം നൽകിയിരുന്നു. ഇതിന്റെ പിന്നാലെയാണ് മേൽനോട്ട സമിതിയുടെ അംഗീകാരത്തോടെ അറ്റകുറ്റപ്പണിക്കായി തമിഴ്നാട് നീക്കം നടത്തിയത്. 


മുല്ലപ്പെരിയാർ അണക്കെട്ടിൽ സുരക്ഷാ പരിശോധന നടത്തണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര ജലകമ്മീഷൻ അംഗീകരിക്കുകയായിരുന്നു.


സ്വതന്ത്ര വിദഗ്ദ്ധന്മാർ ഉൾപ്പെടുന്ന സമിതി കേരളം കൂടി നിർദേശിക്കുന്ന അജൻഡ കൂടി ഉൾപ്പെടുത്തി അണക്കെട്ടിന്റെ ഘടനാപരമായ സുരക്ഷ, ഭൂകമ്പ പ്രതിരോധ സുരക്ഷാ, പ്രളയ സുരക്ഷ, ഓപ്പറേഷണൽ സുരക്ഷ എന്നിവ പരിശോധിക്കുകയാണ് ചെയ്തത്. 

തമിഴ്നാട് മന്ത്രിമാരുടെ സംഘം ഇന്ന് മുല്ലപ്പെരിയാർ സന്ദർശിക്കും

അന്നും അണക്കെട്ടിൽ ആദ്യം അറ്റകുറ്റപ്പണി നടക്കട്ടെ അതിന് ശേഷം സമഗ്ര സുരക്ഷാപരിശോധന എന്നതായിരുന്നു തമിഴ്‌നാട് നിലപാട്.


മുല്ലപ്പെരിയാർ അണക്കെട്ട് ഡീകമ്മിഷൻ ചെയ്യണമെന്നും ഡാമിന് എന്തെങ്കിലും സംഭവിച്ചാൽ അത് ഉണ്ടാക്കുന്ന പ്രത്യാഘാതം ചിന്തിക്കാവുന്നതിലും അപ്പുറമാണെന്നുമാണ് കേരളം സുപ്രീംകോടതിയിൽ സ്വീകരിച്ചിട്ടുള്ള നിലപാട്.


മുല്ലപ്പെരിയാർ തകർന്നാൽ അഞ്ച് ജില്ലകളിലെ 30 ലക്ഷം ജനങ്ങളുടെ സുരക്ഷ അപകടത്തിലാകും. അതിനാൽ പുതിയ ഡാം പണിയുകയാണ് വേണ്ടത്. കേരളം അതിന് തയ്യാറാണ്. തമിഴ്നാടിന് ജലവും നൽകും.

കേരളത്തിന് പ്രധാനം ജനങ്ങളുടെ സുരക്ഷയാണ്. കേന്ദ്ര ജലക്കമ്മിഷൻ അംഗീകരിച്ച റൂൾ കർവ് തമിഴ്നാട് തയ്യാറാക്കിയതാണ്.


മുല്ലപ്പെരിയാർ ജനങ്ങളുടെ ജീവനെ ബാധിക്കുന്ന ഗൗരവ വിഷയമാണെന്നും രാഷ്ട്രീയമായി കാണരുതെന്നും കേന്ദ്രത്തെയും കേരള, തമിഴ്നാട് സംസ്ഥാനങ്ങളെയും സുപ്രീംകോടതി ഓർമ്മിപ്പിച്ചിരുന്നു. 


ഐക്യരാഷ്ട്ര സംഘടനയുടെ യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വാട്ടർ, എൻവയൺമെന്റ് ആൻഡ് ഹെൽത്തിന്റെ റിപ്പോർട്ടിലും മുല്ലപ്പെരിയാർ ഡാമുമായി ബന്ധപ്പെട്ട ആശങ്കകൾ ഉന്നയിച്ചിരുന്നു.

Advertisment