/sathyam/media/media_files/2024/12/16/PyI4wc8VZjBUB7jU3VYx.jpg)
തിരുവനന്തപുരം: സർവകലാശാലകളെച്ചൊല്ലി സർക്കാരും ഗവർണറും തമ്മിൽ അതിശക്തമായ പോര് തുടരുന്നതിനിടെ, ചാൻസലർ എന്ന നിലയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നാളെ കേരള സർവകലാശാലാ ആസ്ഥാനത്തെത്തും.
പാളയത്തെ കേരള സർവകലാശാലാ ആസ്ഥാനത്തെ സെനറ്റ് ഹാളിൽ അന്താരാഷ്ട്ര സംസ്‌കൃത സെമിനാർ ഉദ്ഘാടനം ചെയ്യാനെത്തുന്ന ഗവർണറെ ഇടത് സംഘടനകളും വിദ്യാർത്ഥികളും തടയുമെന്നാണ് പോലീസിനുള്ള വിവരം.
ഇതേത്തുടർന്ന് സർവകലാശാലാ വളപ്പിൽ വമ്പൻ പോലീസ് വിന്യാസം ഏർപ്പെടുത്തി. ഗവർണറുടെ സുരക്ഷ തോക്കേന്തിയ സി.ആർ.പി.എഫ് ജവാന്മാർക്കാണ്.
സി.ആർ.പി.എഫ് വലയത്തിൽ കേരള സർവകലാശാലയിലെത്തുന്ന ഗവർണർക്ക് നേരേ കല്ലേറോ മറ്റേതെങ്കിലും അതിക്രമങ്ങളോ ഉണ്ടായാൽ സ്ഥിതി വഷളാവും.
സംഘർഷസ്ഥിതി ഒഴിവാക്കാൻ പോലീസ് ക്രമീകരണങ്ങൾ സർവകലാശാല ആവശ്യപ്പെട്ടിട്ടുണ്ട്.
ആരോഗ്യ സർവകലാശാലാ വൈസ്ചാൻസലർ ഡോ.മോഹനൻ കുന്നുമ്മേലിന് വി.സിയായി രണ്ടാം വട്ടം പുനർനിയമനം നൽകിയതിലും അദ്ദേഹത്തെ കേരള സർവകലാശാലയുടെ വി.സി പദവിയിൽ അവരോധിച്ചതിലും സർക്കാരിന് അതൃപ്തിയുണ്ട്.
ഗവർണർക്ക് ഗൂഢോദ്ദേശമുണ്ടെന്ന് മന്ത്രി ബിന്ദു പലവട്ടം തുറന്നടിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഗവർണർ കേരള സർവകലാശാലയിലേക്ക് എത്തുന്നത്.
നേരത്തേ സെനറ്റിലേക്ക് മൂന്ന് ബി.ജെ.പിക്കാരെ ഗവർണർ നോമിനേറ്റ് ചെയ്തതിനെതിരേ രൂക്ഷമായ പ്രതിഷേധമാണ് ഗവർണർക്കെതിരേ നടന്നത്.
അദ്ദേഹത്തിന്റെ കാറിന് കല്ലെറിയുകയും നടുറോഡിൽ തടഞ്ഞിടുകയും ചെയ്തിരുന്നു. ഇതേത്തുടർന്നാണ് ഗവർണർക്ക് സി.ആർ.പി.എഫ് സുരക്ഷ ഏർപ്പെടുത്തിയത്.
സർവകലാശാലയിലെ സംസ്‌കൃത വിഭാഗം മുൻകൈയെടുത്ത് സംഘടിപ്പിക്കുന്നതാണ് 'ആഗോള പ്രശ്‌നങ്ങളും സംസ്‌കൃത വിജ്ഞാന വ്യവസ്ഥയും' എന്ന വിഷയത്തിലുള്ള ത്രിദിന സെമിനാർ. വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മേൽ ചടങ്ങിൽ അധ്യക്ഷത വഹിക്കും.
ഗവർണറോടുള്ള എതിർപ്പിനെ തുടർന്ന് പരിപാടിയുടെ കൂടിയാലോചനായോഗം ഇടതുസംഘടനകൾ ബഹിഷ്‌കരിച്ചിരുന്നു.
രണ്ടു വർഷം മുൻപ് സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിന്റെ ഭാഗമായി ചാൻസലർ പങ്കെടുക്കുന്ന പരിപാടി സർവകലാശാല ആലോചിച്ചെങ്കിലും ഇടതു സിൻഡിക്കേറ്റംഗങ്ങളുടെ എതിർപ്പിനെ തുടർന്ന് മാറ്റി.
സമാനമായി സംസ്‌കൃത സെമിനാറിലും എതിർപ്പ് പ്രകടിപ്പിച്ചിരിക്കുകയാണ് ഇടതുപക്ഷം.
അതേസമയം സിൻഡിക്കേറ്റ് അംഗങ്ങളുടെ അറിവോടെയാണ് സെമിനാർ സംഘടിപ്പിച്ചിരിക്കുന്നതെന്നും സംസ്കൃത പണ്ഡിതനായതിനാലാണ് ഗവർണറെ ഉദ്ഘാടനത്തിന് ക്ഷണിച്ചതെന്നും വൈസ്ചാൻസലർ ഡോ.മോഹനൻ കുന്നുമ്മേൽ വ്യക്തമാക്കി.
സെമിനാറിൽ തിരുപ്പതി ശ്രീവെങ്കടേശ്വര വേദിക് യൂണിവേഴ്സിറ്റി വി.സി. ഡോ. റാണി സദാശിവ മൂർത്തി, ഐ.സി.പി.ആർ. മെമ്പർ സെക്രട്ടറി ഡോ.സച്ചിദാനന്ദ മിശ്ര, കാലടി സംസ്‌കൃത സർവകലാശാല വി.സി. ഡോ.കെ.കെ.ഗീതാകുമാരി, കേരള സിൻഡിക്കേറ്റ് അംഗം പി.എസ്.ഗോപകുമാർ, സംസ്‌കൃതം വിഭാഗം മേധാവി ഡോ. സി.എൻ.വിജയകുമാരി, കാലടി സർവകലാശാല മുൻ വകുപ്പ് മേധാവി ഡോ. പി.സി.മുരളീമാധവൻ തുടങ്ങിയവർ പങ്കെടുക്കുന്നുണ്ട്.
രാജ്യമാകെ നിന്ന് ഇത്രയേറെ പണ്ഡിതന്മാരെത്തുന്ന സെമിനാറിനിടെ ഗവർണർക്കു നേരേ പ്രതിഷേധമുണ്ടായാൽ കേരള സർവകലാശാലയ്ക്കും നാണക്കേടാണ്. അതിനാൽ കരുതലോടെയാവും സർവകലാശാലയും സമരക്കാരും നീങ്ങുകയെന്ന് ഉറപ്പാണ്.
നേരത്തേ എസ്.എഫ്.ഐക്കാർ ഗവർണർ ആരിഫ് മുഹമ്മദ്ഖാനെ പ്രതിഷേധക്കാർ തെരുവിൽ തടഞ്ഞതും, അദ്ദേഹം നടുറോഡിൽ ചാടിയിറങ്ങി ആക്രോശിച്ചതും രാജ്യമാകെ ചർച്ചയായിരുന്നു.
തന്നെ ശാരീരികമായി ആക്രമിക്കാൻ മുഖ്യമന്ത്രിയുടെ അറിവോടെ ഗൂഢാലോചന നടന്നെന്നും ഇതിനായി ഗുണ്ടകളെ ഇറക്കിയെന്നുമുള്ള ഗവർണറുടെ ആരോപണവും ചർച്ചയായി.
പോലീസിന്റെ ഏറ്റവും ഉയർന്ന സുരക്ഷാ തലമായ ഇസഡ് പ്ലസ് സുരക്ഷയാണ് ഗവർണർക്കുള്ളത്. ഈ പ്രതിഷേധത്തിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ സുരക്ഷാചുമതലയിൽ നിന്ന് പൊലീസിനെ പിൻവലിച്ചത്.
അടുത്തിടെ എസ്.എഫ്.ഐ മാർച്ചിനിടെ, പൊലീസിന്റെ ബാരിക്കേഡ് മറികടന്ന് പ്രതിഷേധക്കാർ രാജ്ഭവനിൽ ഓടിക്കയറിയിരുന്നു.