/sathyam/media/media_files/2024/12/16/nat9pPOCXzkTpmwRaELY.jpg)
തിരുവനന്തപുരം : 24-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള സമ്മേളനങ്ങൾ പടിപടിയായി പൂർത്തിയാക്കി ജില്ലാ സമ്മേളനങ്ങളിലേക്ക് സി.പി.എം കടക്കുമ്പോൾ പാർട്ടിയിൽ നങ്കൂരമുറപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.
ബ്രാഞ്ച്, ലോക്കൽ, ഏരിയ സമ്മേളനങ്ങളിൽ സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും പ്രവർത്തനങ്ങളുടെ വിലയിരുത്തലും വിമർശനവും പേരിന് നടന്നെങ്കിലും പഴയ പിണറായി പക്ഷത്തിന് ശക്തിക്ഷയം സംഭവിച്ചിട്ടില്ലെന്ന വിലയിരുത്തലാണ് പൊതുവെയുള്ളത്.
സമ്മേളനങ്ങൾക്ക് തൊട്ട് മുമ്പ് നിലമ്പൂർ എം.എൽ.എയായ പി.വി അൻവറിന്റെ ചുവട് മാറ്റമാണ് പിണറായി പക്ഷത്തെ കൂടുതൽ ജാഗരൂകരാക്കിയത്.
മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ കുടുംബത്തിനും പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കുമെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചു കൊണ്ട് രംഗത്തെത്തിയ അൻവറിന്റെ അടവുനയത്തിന്റെ ആഴം മനസിലാക്കിയ പിണറായി പക്ഷം സമ്മേളനങ്ങളിലുടനീളം നിതാന്ത ജാഗ്രത പാലിക്കാൻ തീരുമാനിക്കുകയായിരുന്നു.
സമ്മേളനങ്ങൾ ആരംഭിക്കും മുമ്പ് പാർട്ടി നേതാക്കൾക്കെതിരെ ചില പരാതികളുമായി രംഗത്ത് വന്ന അൻവറിന് പിന്നിൽ കണ്ണൂരിലെ ചില നേതാക്കളുണ്ടെന്ന തിരിച്ചറിവാണ് പിണറായി പക്ഷത്തെ ഇരുത്തി ചിന്തിപ്പിച്ചത്.
പാർട്ടിയിൽ പിണറായി വിജയനെതിരെ കുറുമുന്നണി സൃഷ്ടിക്കാൻ അൻവർ നടത്തിയ നീക്കം ഇതോടെ മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ പക്ഷത്തിനും മനസിലായി.
സ്വർണ്ണം പൊട്ടിക്കൽ, ഡാൻസാഫ് അന്വേഷണം, പി.ശശിക്കെതിരായ നീക്കം എന്നിവ പരാതിയാക്കി പാർട്ടി സംസ്ഥാന സെക്രട്ടറിക്ക് കൈമാറിയതോെട അനാവരണം ചെയ്യപ്പെട്ട അൻവറിന്റെ 'ഗെയിം പ്ലാൻ' പിണറായിക്കും അദ്ദേഹത്തോടൊപ്പമുള്ളവൾക്കും പൂർണ്ണമായി മനസിലായി.
അടുത്ത സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ അൻവറിന്റെ പരാതികളിൽ അന്വേഷണം വേണമെന്ന ആവശ്യം ചില സെക്രട്ടേറിയറ്റ് അംഗങ്ങൾ ഉയർത്തിയെങ്കിലും ഭൂരിപക്ഷം വിയോജിച്ചതോടെ ആവശ്യം നിരാകരിക്കപ്പെട്ടു.
മുഖ്യമന്ത്രിക്കെതിരെ ആരോപണങ്ങളുടെ ആവനാഴി അൻവറിന് നിറച്ചുകൊടുത്ത ചില സമുന്നത നേതാക്കൾ അത് സമ്മേളനങ്ങളിൽ ഉന്നയിപ്പിച്ച് മേൽക്കൈ നേടാനുള്ള ശ്രമങ്ങളും നടത്തി.
കണ്ണൂരിലെയും മറ്റ് ചില ജില്ലകളിലെയും ബ്രാഞ്ച് സമ്മേളനങ്ങളിൽ അതിന്റെ അലയൊലി ഉണ്ടായെങ്കിലും അപകടം മണത്ത പിണറായി പക്ഷം അരയും തലയും മുറുക്കി രംഗത്തിറങ്ങിയതോടെ പ്രശ്‌നങ്ങൾ പ്രാദേശിക വിഭാഗീയതയുടെ പേരിൽ ഒതുക്കപ്പെട്ടു.
പിന്നീട് അൻവർ മറുകണ്ടം ചാടിയതോടെ അദ്ദേഹമുയർത്തിയ വിഷയങ്ങൾ സമ്മേളനങ്ങളിൽ ചർച്ച ചെയ്യരുതെന്ന നിർദ്ദേശം പാർട്ടിയിൽ അംഗീകരിക്കപ്പെടുകയും ചെയ്തു.
ഇതോടെ ആർ.എസ്.എസ് - എ.ഡി.ജി.പി കൂടിക്കാഴ്ച്ചയടക്കമുള്ള രാഷ്ട്രീയ വിഷയങ്ങൾ ചർച്ചകളിൽ എങ്ങുമെത്തിയില്ല.
ഭരണതലത്തിലുള്ള പ്രവർത്തനങ്ങളിലേക്ക് വിമർശനങ്ങൾ ഒതുങ്ങി നിന്നു. സമ്മേളനങ്ങളിൽ ചില വിമർശനങ്ങൾക്ക് ആരും മറുപടി നൽകാത്ത സ്ഥിതിയുമുണ്ടായി.
പാർട്ടിക്കുള്ളിലെ പിണറായിയുടെ അപ്രമാദിത്വത്തിന് കണ്ണൂരിലെ നേതാക്കൾ തമ്മിലുള്ള ഭിന്നിപ്പ് വഴിയൊരുക്കുമെന്ന് കരുതിയെങ്കിൽ അതും അസ്ഥാനത്തായി.
കേന്ദ്ര കമ്മറ്റിയംഗവും മുൻ എൽ.ഡി.എഫ് കൺവീനറുമായ ഇ.പി ജയരാജന്റെ ആത്മകഥയെന്ന പേരിൽ പുറത്ത് വന്ന പരിപ്പുവടയും കട്ടൻ ചായയുമെന്ന പുസ്തകത്തിലെ പ്രസക്തഭാഗങ്ങൾ പാർട്ടിക്കുള്ളിലും പുറത്തും കോളിളക്കമുണ്ടാക്കിയെങ്കിലും സമ്മേളനങ്ങളിൽ ആരുമത് ഏറ്റ് പിടിച്ചില്ല.
പാലക്കാട് ഉപതിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള 'രാഷ്ട്രീയ സ്റ്റൻഡാക്കി' അതിനെ മാറ്റാൻ സി.പി.എമ്മിന് കഴിയുകയും ചെയ്തു. നിലവിലെ അവസ്ഥയിൽ പിണറായി പക്ഷത്തിനെ നേരിടാൻ മുഖ്യമന്ത്രി വിരുദ്ധ പക്ഷത്തിന് ഇനിയും കാത്തിരിക്കേണ്ടി വരുമെന്നതിൽ തർക്കമില്ല.