സിപിഐ എൽഡിഎഫ് വിടുമോ ? ചൂടേറിയ ചർച്ചകൾക്ക് വഴിതുറക്കാൻ ഇനി സമ്മേളനകാലം. സിപിഎമ്മിന് പിന്നാലെ പാർട്ടി സമ്മേളനങ്ങൾക്ക് തയ്യാറെടുത്ത് സിപിഐയും. സർക്കാരിന്റെ പ്രവർത്തനങ്ങൾ ഇഴകീറി പരിശോധിക്കും

ഇത്തവണ ആലപ്പുഴയിൽ സംസ്ഥാന സമ്മേളനം നടത്താനാണ് തീരുമാനം. പാർട്ടിക്കുള്ളിൽ നിലവിലുള്ള വിഭാഗീയ ചേരിതിരിവ് സമ്മേളനങ്ങളിൽ പ്രതിഫലിക്കാനുള്ള സാദ്ധ്യത എത്രത്തോളമാണെന്നും കണ്ടറിയേണ്ടതുണ്ട്.

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
cpim1
Listen to this article
0.75x1x1.5x
00:00/ 00:00

തിരുവനന്തപുരം:  സിപി.എമ്മിന് പിന്നാലെ സമ്മേളനങ്ങൾക്കൊരുങ്ങി സി.പി.ഐയും. 25-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള സമ്മേളനങ്ങൾക്ക് ജനുവരിയിൽ തുടക്കമാവും.


Advertisment

ഇടതുമുന്നണി ബന്ധമുപേക്ഷിച്ച് സിപിഐ പുറത്ത് വരണമെന്ന തരത്തിൽ പാർട്ടിയിൽ നടക്കുന്ന അനൗദ്യോഗിക ചർച്ചകൾ സമ്മേളനത്തിലും ഉന്നയിക്കപ്പെട്ടേക്കും. 


സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിക്കാനിരിക്കുന്ന പാർട്ടി രേഖയിൽ ഇത് സംബന്ധിച്ച ചില പരാമർശങ്ങൾ ഉൾപ്പെട്ടേക്കുമെന്നും കരുതപ്പെടുന്നു.

ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ബ്രാഞ്ച് സമ്മേളനങ്ങളും തുടർന്നുള്ള മാസങ്ങളിൽ ലോക്കൽ, മണ്ഡലം, ജില്ലാ സമ്മേളനങ്ങളും നടക്കും. ഇത് സംബന്ധിച്ച തീരുമാനം ഇക്കഴിഞ്ഞ ഒക്‌ടോബറിൽ ചേർന്ന സംസ്ഥാന കൗൺസിൽ യോഗം തീരുമാനിച്ചിരുന്നു.

ഇത്തവണ ആലപ്പുഴയിൽ സംസ്ഥാന സമ്മേളനം നടത്താനാണ് തീരുമാനം. പാർട്ടിക്കുള്ളിൽ നിലവിലുള്ള വിഭാഗീയ ചേരിതിരിവ് സമ്മേളനങ്ങളിൽ പ്രതിഫലിക്കാനുള്ള സാദ്ധ്യത എത്രത്തോളമാണെന്നും കണ്ടറിയേണ്ടതുണ്ട്.


നിലവിൽ പാർട്ടിയിലെ ഒരു എംഎൽഎ യുഡിഎഫുമായി ചർച്ച നടത്തിയെന്ന തരത്തിൽ വാർത്തകൾ പുറത്ത് വരുന്നുണ്ട്. വടക്കൻ ജില്ലകളിലെ വിഭാഗീയ പ്രവർത്തനങ്ങളുടെ ഭാഗമായി മാത്രമാണ് പാർട്ടി ഇതിനെ നിലവിൽ വിലയിരുത്തുന്നത്. ഇതടക്കം എല്ലാ കാര്യങ്ങളും സമ്മേളനങ്ങളിൽ പാർട്ടി പരിശോധിക്കും. 


പാർലമെന്റ് തിരഞ്ഞെടുപ്പിൽ തൃശ്ശൂരിലുണ്ടായ തോൽവി പാർട്ടി ആഴത്തിൽ പരിശോധിച്ചിരുന്നു. പൂരം കലക്കി ബിജെപിക്ക് ജയിക്കാൻ പൊലീസ് വഴിയൊരുക്കിയെന്ന് നിയമസഭയിലടക്കം സിപിഐ ആരോപണം ഉന്നയിച്ചിരുന്നു.

ഇത് സംബന്ധിച്ച് സർക്കാർ നടത്തുന്ന അന്വേഷണം എങ്ങുമെത്തിയിട്ടില്ല. തിരുവനന്തപുരം മണ്ഡലത്തിൽ പന്നയൻ രവീന്ദ്രന് വേണ്ടി സിപിഎം കളത്തിലിറങ്ങിയില്ലെന്നും ഇടത് വോട്ടുകൾ ബിജെപിയിലേക്ക് ചേർന്നുവെന്നും വിലയിരുത്തലുണ്ടായിരുന്നു.


ഇക്കഴിഞ്ഞ വയനാട് ഉപതിരഞ്ഞെടുപ്പിലും സിപിഐ സ്ഥാനാർത്ഥി സത്യൻ മൊകേരിയുടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സിപിഎം വേണ്ടത്ര സഹകരിച്ചില്ലെന്ന ആരോപണം വയനാട് ജില്ലാ സെക്രട്ടറി തന്നെ ഉന്നയിച്ചിരുന്നു.


ഇക്കാര്യങ്ങളിലെല്ലാം സിപിഎമ്മിനോട് സിപിഐക്ക് അമർഷമുണ്ട്. എന്നാൽ ഇത്തരം കാര്യങ്ങൾ സിപിഐ നേതൃതവം വേണ്ടത്ര ഗൗരവത്തോടെ കൈകാര്യം ചെയ്യുന്നില്ലെന്ന പരാതിയും പാർട്ടിക്കുള്ളിൽ ശക്തമാണ്.

Advertisment