/sathyam/media/media_files/2024/12/16/zYbsS4nCAbpYugzmS5zx.jpg)
തിരുവനന്തപുരം: സ്കൂൾ പരീക്ഷാ നടത്തിപ്പിൽ അടിമുടി മാറ്റം വരുത്താനും ചോദ്യപേപ്പർ ചോർച്ച കർശനമായി തടയാനും കടുത്ത നടപടികളുമായി സർക്കാർ.
ഓണപ്പരീക്ഷ, ക്രിസ്തുമസ് പരീക്ഷ എന്നിങ്ങനെ ടേം പരീക്ഷകളുടെ ചോദ്യപേപ്പർ തയ്യാറാക്കുന്നത് അധ്യാപകരെ ഏൽപ്പിച്ചതോടെയാണ് ചോദ്യചോർച്ച അടക്കം ആരോപണങ്ങൾ ഉയരുന്നത്.
ഇതൊഴിവാക്കാൻ ടേം പരീക്ഷകൾക്ക് ചോദ്യ പേപ്പർ തയ്യാറാക്കുന്നത് ആധുനിക സാങ്കേതിക വിദ്യയുടെ സാദ്ധ്യതകളുപയോഗിച്ചാക്കാനാണ് നീക്കം.
കൂടുതൽ രഹസ്യാത്മകമായിട്ടായിരിക്കും ഇനി മുതൽ ചോദ്യപേപ്പർ തയ്യാറാക്കുക.
ചോദ്യപേപ്പർ ചോർത്തുന്നതും പരസ്യപ്പെടുത്തുന്നതും കുട്ടികളോട് ചെയ്യുന്ന ക്രൂരതയാണെന്നും ഈ ക്രൂരത ചെയ്യുന്നവരെ തീർച്ചയായും നിയമത്തിന് മുമ്പിൽ കൊണ്ടു വരുമെന്നും വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി വ്യക്തമാക്കി.
എസ്എസ്എൽസി, പ്ലസ് വൺ ക്രിസ്‌മസ് പരീക്ഷയുടെ ചോദ്യപേപ്പറുകൾ സ്വകാര്യ ഓൺലൈൻ ട്യൂഷൻ പ്ലാറ്റ്‌ഫോമിന്റെ യൂട്യൂബ് ചാനലിലൂടെ ചോർന്നതിൽ ക്രൈംബ്രാഞ്ച് കേസെടുത്തതിന് പിന്നാലെയാണ് കടുത്ത നടപടികളുമായി സർക്കാർ രംഗത്തെത്തിയത്.
ക്രിസ്‌മസ് പരീക്ഷയിൽ എസ്എസ്എൽസിയുടെ ഇംഗ്ലീഷ്, പ്ലസ് വണ്ണിന്റെ മാത്തമാറ്റിക്സ് ചോദ്യങ്ങളാണ് യൂട്യൂബിലെത്തിയത്.
പരീക്ഷയുടെ തലേന്ന് ചോദ്യം ലീക്കായെന്നും ഉറപ്പായും വരുമെന്നും പറഞ്ഞാണ് അധ്യാപകൻ ലൈവായി ഈ ചോദ്യങ്ങൾ പറഞ്ഞുകൊടുത്തത്.
ചോദ്യപേപ്പർ ചാനലിൽ കാട്ടിയില്ലെങ്കിലും ചോദ്യങ്ങളുടെ ക്രമംപോലും തെറ്റാതെയാണ് അവ പറഞ്ഞുകൊടുത്തത്. വിദ്യാർത്ഥികൾ അധ്യാപകരോട് ഇതിൽ പലചോദ്യങ്ങളുടെയും ഉത്തരങ്ങൾ ചോദിച്ചിരുന്നു.
പിറ്റേന്ന് ചോദ്യപേപ്പർ കണ്ടപ്പോൾ സംശയം തോന്നിയ അധ്യാപകരാണ് ചോർച്ച പുറത്തുവിട്ടത്.
പിന്നാലെ കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടർ സി.മനോജ്കുമാർ പൊലീസിൽ പരാതിനൽകി. വിവാദമായതോടെ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഡിജിപിക്കും സൈബർ സെല്ലിലും പരാതി നൽകുകയായിരുന്നു.
ഇതിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം. കൊടുവള്ളിയിലെ എംഎസ് സൊല്യൂഷനെതിരെയാണ് മുഖ്യമായും അന്വേഷണം.
കേരളാ വിദ്യാഭ്യാസ നിയമ പ്രകാരം ടേം പരീക്ഷകൾ നടത്തി കുട്ടികളുടെ പഠന പുരോഗതി വിലയിരുത്തുന്ന ഉത്തരവാദിത്വം അതത് സ്‌കൂൾ പ്രധാനാധ്യാപകരിൽ നിക്ഷിപ്തമാണ്.
ഇത് പ്രകാരം സ്‌കൂൾ അടിസ്ഥാനത്തിലാണ് ചോദ്യപേപ്പർ തയ്യാറാക്കിയിരുന്നത്. ഇപ്പോഴിത് കച്ചവട രൂപത്തിലേക്ക് മാറി. അതാണ് ഒട്ടേറെ ആക്ഷേപങ്ങൾക്ക് ഇടയാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
അധ്യാപക സംഘടനകളും ചോദ്യപേപ്പർ നിർമാണവും അതിന്റെ വിൽപനയും നടത്തുന്നുണ്ട്.
പല സബ് ജില്ലകളിലും എഇഒമാരുടെ നേതൃത്വത്തിൽ സബ് ജില്ലാടിസ്ഥാനത്തിൽ അധ്യാപകരെ പങ്കെടുപ്പിച്ച് ചോദ്യപേപ്പർ നിർമിച്ച് വിതരണം ചെയ്യുന്ന സംവിധാനവുമുണ്ടായിരുന്നു.
ഈ ഘട്ടത്തിലെല്ലാം കുട്ടികളിൽ നിന്നാണ് ചോദ്യപേപ്പർ നിർമാണത്തിന് ആവശ്യമായ തുക ശേഖരിച്ചിരുന്നത്. 2009ൽ വിദ്യാഭ്യാസ അവകാശ നിയമം വന്നതോടെ കുട്ടികളിൽ നിന്ന് പണം പിരിക്കാതെ സൗജന്യമായി നൽകിത്തുടങ്ങി.
അതിനാൽ സർവ്വശിക്ഷാ അഭിയാനെ (എസ്എസ്എ) ഉപയോഗപ്പെടുത്തി കൊണ്ട് കേന്ദ്രീകൃതമായ ചോദ്യനിർമാണവും വിതരണവും ആരംഭിച്ചു.
ചോദ്യപേപ്പറുമായി ബന്ധപ്പെട്ട വിവാദങ്ങളുയർന്ന പശ്ചാത്തലത്തിൽ ഈ സംവിധാനം നവീകരിക്കും.
പരീക്ഷകൾ സമൂഹം കൂടി ശ്രദ്ധിക്കുന്ന ഒന്നാണ്. പരീക്ഷകളുടെ സ്വഭാവവും രഹസ്യാത്മകതയും ഗുണനിലവാരവും ഉറപ്പാക്കും - മന്ത്രി വ്യക്തമാക്കി.
ഇക്കൊല്ലത്തെ ഓണപ്പരീക്ഷയുടെ എസ്എസ്എൽസി പരീക്ഷയുടെ ചോദ്യപേപ്പറുകൾ കോഴിക്കോട്ടെ യൂട്യൂബ് ചാനലിലൂടെ ചോർന്നിരുന്നു. എട്ട്, ഒമ്പത് ക്ലാസ് വാർഷികപരീക്ഷയുടെ ചോദ്യവും ചോർന്നു.
അന്ന് യൂട്യൂബ് ഉടമയുടെ മൊഴിയെടുത്തിരുന്നെങ്കിലും തുടർ നടപടികളുണ്ടായില്ല. കൂടുതൽ ലേണിംഗ് പ്ലാറ്റ്ഫോമുകൾക്ക് ചോർച്ചയിൽ പങ്കുണ്ടെന്നും ആരോപണമുണ്ട്.
ചോദ്യപേപ്പറുകൾ ചോർന്ന വഴിയും ചോർത്തിയതാരാണെന്നും ഇതിനു പിന്നിലെ സാമ്പത്തിക ഇടപാടുകളും ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തും.
ചോദ്യപേപ്പർ ചോർത്താൻ പല വഴികളുണ്ട്. ഇതെല്ലാം ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. ചോദ്യപേപ്പർ തയ്യാറാക്കിയ അധ്യാപകർ യൂട്യൂബ് ചാനലിന് ചോർത്തി നൽകിയതാവാം.
സ്കൂളുകളിലെ അധ്യാപകരാണ് ചോദ്യമുണ്ടാക്കുന്നത്. 2 സെറ്റ് ചോദ്യം തയ്യാറാക്കി അതിലൊരെണ്ണം പ്രിന്റിംഗിനയയ്ക്കും. ഡയറ്റ് വഴിയാണ് വിതരണം.
ചോദ്യപേപ്പർ അച്ചടിച്ചത് ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ സി-ആപ്‌റ്റിലാണ്. അവിടെ ലോട്ടറിയടക്കം സുപ്രധാന രേഖകളുടെ പ്രിന്റിംഗ് അതിസുരക്ഷയോടെ നടക്കുന്നതാണ്. അതിനാൽ ചോരാൻ സാദ്ധ്യതകുറവാണ്. എന്നാലും സി-ആപ്‌റ്റിലും അന്വേഷണമുണ്ടാവും.
ഒരാഴ്ചമുൻപ് സ്കൂളുകളിലെത്തിക്കുന്ന ചോദ്യപേപ്പറുകൾ, കൂടുതൽ കുട്ടികളുള്ള സ്കൂളുകളിൽ തലേന്നുതന്നെ പൊട്ടിച്ച് ഹാളുകളിലേക്കുള്ള കെട്ടുകളാക്കും. ഇതിൽ നിന്ന് ഫോട്ടോയെടുത്ത് ചോർത്തിയതാവാനും സാദ്ധ്യതയേറെയാണ്.
ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ അധ്യാപകർക്ക് വീഴ്ചയുണ്ടായെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തൽ.
ഈ സാഹചര്യത്തിൽ അധ്യാപകരിലേക്കും ക്രൈംബ്രാഞ്ച് അന്വേഷണം വ്യാപിപ്പിക്കും.
സമഗ്ര ശിക്ഷാ കേരളത്തിലാണ് ചോദ്യപേപ്പർ തയ്യാറാക്കൽ നടക്കുന്നത്. ഇവിടെ ചോദ്യപേപ്പർ തയ്യാറാക്കൽ സംഘത്തിലുണ്ടായിരുന്ന അധ്യാപകരെല്ലാം സംശയനിഴലാണ്.
പൊതുപരീക്ഷയല്ലാത്തതിനാൽ ലാഘവത്തോടെ കണ്ട അധ്യാപകർ സ്വകാര്യ ട്യൂഷൻ ഏജൻസികളെ സഹായിക്കനായി രഹസ്യ സ്വഭാവം കാത്തുസൂക്ഷിച്ചില്ലെന്നും ആരോപണമുണ്ട്.