/sathyam/media/media_files/2024/12/20/Ljz05UgzVuTDBRKlC0ry.jpg)
തിരുവനന്തപുരം: യൂണിവേഴ്സിറ്റി അറിയാതെ യൂണിവേഴ്സിറ്റിയുടെ പരീക്ഷാ ഫലം പ്രഖ്യാപിക്കുക ! കേരളത്തിൽ കേട്ടുകേൾവിയില്ലാത്ത കാര്യമാണിത്.അൽഭുതപ്പെടേണ്ട, കേരളത്തിൽ ഇങ്ങനെയൊരു കാര്യം സംഭവിച്ചിരിക്കുന്നു.
കണ്ണൂർ സർവകലാശാലയുടെ ബിരുദ പരീക്ഷയുടെ ഫലമാണ് സർവകലാശാല പോലും അറിയാതെ സോഫ്‍റ്റ്‍വെയർ കമ്പനി പ്രസിദ്ധീകരിച്ചത്.
സർവകലാശാലകളിലെ വിദ്യാർത്ഥി പ്രവേശനം മുതൽ ഫലപ്രഖ്യാപനം വരെ ഒരു കുടക്കീഴിലാക്കുന്ന കെ - റീപ്പ് സോഫ്‍റ്റ്‍വെയറിന്റെ കരാറെടുത്ത മഹാരാഷ്ട്ര കമ്പനിയാണ് യൂണിവേഴ്സിറ്റി അറിയാതെ ഫലം പ്രഖ്യാപിച്ചത്.
പരീക്ഷ കഴിഞ്ഞ് എട്ടു ദിവസത്തിനകം ഫംലം വന്നെന്ന് പറഞ്ഞ് ഇക്കാര്യത്തിൽ അഭിമാനിക്കുകയാണ് സർക്കാർ.
പുറം കമ്പനി ഇത്തരത്തിൽ ഫലം പ്രഖ്യാപിക്കുന്ന സ്ഥിതിയുണ്ടായാൽ യൂണിവേഴ്സിറ്റി പരീക്ഷകളുടെ വിശ്വാസ്യത ഇല്ലാതാവുമെന്നാണ് ഉന്നത വിദ്യാഭ്യാസ രംഗത്തുള്ളവരുടെ ആശങ്ക.
കണ്ണൂർ സർവകലാശാലയുടെ ഒന്നാം സെമസ്റ്റർബിരുദപരീക്ഷ ഫലം പ്രസിദ്ധീകരിച്ചത് സർവ്വകലാശാല അറിയാതെയാണെന്ന് വ്യക്തമായിട്ടുണ്ട്.
അഫിലിയേറ്റഡ് കോളേജ് പ്രിൻസിപ്പൽമാരുടെ മെയിലിൽ പരീക്ഷഫലം വന്നതോടെ റിസൾട്ട് വിദ്യാർഥികൾക്ക് ലഭിക്കുകയായിരുന്നു.
യൂണിവേഴ്സിറ്റിയുടെ അനുമതി കൂടാതെ ഫലം പുറത്തു വിട്ട മഹാരാഷ്ട്ര കമ്പനിക്കെതിരെ നടപടി കൈക്കൊള്ളുന്നതിനു പകരം, കോളേജ് പ്രിൻസിപ്പൽമാരോട് വിശദീകരണം ചോദിക്കാനുള്ള തയ്യാറെടുപ്പിലാണ്ഇപ്പോൾ കണ്ണൂർ സർവ്വകലാശാലാ അധികൃതർ.
ഉന്നത വിദ്യാഭ്യാസ ഹബാവാനുള്ള കേരളത്തിന്റെ ശ്രമങ്ങളെ തുരങ്കം വയ്ക്കുന്ന നടപടിയാണ് ഫലപ്രഖ്യാപനം പോലും പുറംകരാർ നൽകുന്നതെന്നാണ് ആക്ഷേപം.
സർവകലാശാല നിയമത്തിലെ വകുപ്പ് 25(15) പ്രകാരം പരീക്ഷാ ഫലം സിൻഡിക്കേറ്റ് അംഗീകരിച്ചുമാത്രമേ പ്രസിദ്ധീകരിക്കാവുവെന്ന വ്യവസ്ഥ അവഗണിച്ചാണ് മഹാരാഷ്ട്ര കമ്പനി യൂണിവേഴ്സിറ്റിയുടെ അനുമതി വാങ്ങാതെ നേരിട്ട് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചത്.
വിസിയും പരീക്ഷ കൺട്രോളറും പരീക്ഷഫലം മഹാരാഷ്ട്രയിലെ എം.കെ.സി.എൽ പ്രസിദ്ധീകരിച്ചവിവരം അറിഞ്ഞതോടെ ഫലം ഔദ്യോഗികമായി പ്രസിദ്ധീകരിച്ചതായി അറിയിച്ച് സർവ്വകലാശാലയുടെ പത്രക്കുറിപ്പ് ഇറക്കി തലയൂരുകയായിരുന്നു.
തൊട്ടുപിന്നാലെ റെക്കോഡ് വേഗതയിൽ കെ - റീപ്പ് സോഫ്റ്റ്‌വെയറിലൂടെ പരീക്ഷ ഫലം പ്രസിദ്ധീകരിച്ചത് ചരിത്രനേട്ടമാണെന്ന പ്രസ്താവനയുമായി ഉന്നത വിദ്യാഭ്യാസ മന്ത്രിയും രംഗത്തെത്തി.
കെ - റീപ്പ് സോഫ്റ്റ്‌വെയറിന്റെ ചുമതല കരിമ്പട്ടികയിൽ പെട്ട മഹാരാഷ്ട്ര കമ്പനിയായ എംകെസിഎല്ലിന് നൽകിയതോടെ പരീക്ഷ നടത്തിപ്പിലും ഫല പ്രഖ്യാപനത്തിലും യൂണിവേഴ്സിറ്റികൾക്ക് ഒരു നിയന്ത്രണവു മില്ലാതായി.
എംകെസിഎല്ലുമായോ, അസാപ്പുമായോ ധാരണാ പത്രത്തിൽ ഒപ്പുവയ്ക്കാതെ കണ്ണൂർ യൂണിവേഴ്സിറ്റി വിദ്യാർത്ഥികളുടെ ഡാറ്റാ കൈമാറ്റം ചെയ്യ്തത് ഗുരുതര വീഴ്ചയാണ്.
ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ നിർദ്ദേശാനുസരണം കെ-റീപ്പ് നടപ്പാക്കിയതോടെ യൂണിവേഴ്സിറ്റികളിൽ മാർക്ക് പരിശോധന നടക്കുന്നില്ലെന്നും, എംകെസിഎല്ലിൽ നിന്നും സർവകലാശാല പരീക്ഷ നടത്തിപ്പ് ചുമതല സർവകലാശാലകൾ ഏറ്റെടുക്കണമെന്നും കെ - റിപ്പ് സോഫ്റ്റ്‌വെയറിന്റെ സേവന ചുമതല ഡിജിറ്റൽ യൂണിവേഴ്സിറ്റിക്ക് കൈമാറണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി കേരള, എംജി, കാലിക്കറ്റ്, കണ്ണൂർ വിസി മാർക്ക് പരാതി നൽകി.
അതേസമയം, അവസാന പരീക്ഷ കഴിഞ്ഞ് എട്ടു ദിവസത്തിനകം നാലുവർഷ ബിരുദ ഫലം പ്രസിദ്ധീകരിക്കാൻ കണ്ണൂർ സർവ്വകലാശാലയ്ക്ക് സാധിച്ചത് ചരിത്രനേട്ടമാണെന്ന് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.
ഡിസംബർ 19നു ഫലം പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചതാണ് ഒരു കാലതാമസവും കൂടാതെ നടപ്പായത്. ഉന്നതവിദ്യാഭ്യാസ സമഗ്രപരിഷ്കരണ ഭാഗമായി കൊണ്ടുവന്ന കെ റീപ് സംവിധാനത്തിൻ്റെ വിജയം കൂടിയാണിത്.
അമ്പത്തൊന്നോളം പ്രോഗ്രാമുകളുടെ ഫലം വിദ്യാർത്ഥികൾക്ക് ലഭ്യമാക്കാൻ വിപുലമായ സൗകര്യങ്ങളാണ് സർവ്വകലാശാലയിൽ ഒരുക്കിയിട്ടുള്ളത്.
പ്രിൻസിപ്പാൾ പ്രൊഫൈലിൽ കോളേജിൻ്റെ കൺസോളിഡേറ്റഡ് റിസൽട്ടും വിദ്യാർത്ഥികളുടെ പ്രൊഫൈലിലും മൊബൈൽ അപ്പിലും അവരുടെ ഫലവും കാണാൻ സാധിക്കും.
തടസ്സങ്ങളില്ലാതെ ലഭ്യമാക്കാൻ വിവിധ പ്രോഗ്രാമുകളുടെ ഫലം വിവിധ സമയങ്ങളിലായി പോകുന്ന രീതിയിൽ ഓട്ടോമാറ്റിക്ക് ഷെഡ്യൂളിങ് ചെയ്തിട്ടുണ്ട്.
സർക്കാർ വിഭാവനം ചെയ്ത രീതിയിൽ നാലുവർഷ ബിരുദ പരീക്ഷയുടെ ഫലം ലഭ്യമാക്കാൻ പ്രയത്നിച്ച് വിജയം കണ്ടതിന് സർവ്വകലാശാലാ നേതൃത്വത്തെ മന്ത്രി ബിന്ദു അഭിനന്ദിച്ചു.