/sathyam/media/media_files/2024/11/16/Moy5vP6VMck3ahtjGirh.jpg)
തിരുവനന്തപുരം: എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളുടെ സമഗ്ര വികസനത്തിനും ഇടുക്കിയിലേക്ക് റെയിൽ എത്താനും വഴിയൊരുക്കുന്ന ശബരിപാത സംസ്ഥാന സർക്കാരിന്റെ കടുംപിടുത്തം കാരണം ത്രിശങ്കുവിലായി.
1997ൽ പ്രഖ്യാപിച്ച പാത ഇത്രയും കാലമായി കുരുങ്ങിക്കിടക്കുകയായിരുന്നു. ഇപ്പോഴാണ് കേന്ദ്രസർക്കാർ പദ്ധതിക്ക് അനുകൂലമായത്.
പദ്ധതിചെലവിന്റെ പകുതി വഹിക്കാമെന്ന് കേന്ദ്രവും റിസർവ് ബാങ്കുമായി കേരളം ത്രികക്ഷി കരാർ ഒപ്പിട്ടാലുടൻ പണി തുടങ്ങാമെന്നായിരുന്നു കേന്ദ്രത്തിന്റെ വാഗ്ദാനം.
മഹാരാഷ്ട്രയിൽ റെയിൽവേ വികസന പദ്ധതികൾ ഇത്തരത്തിൽ നടപ്പാക്കുന്നുണ്ട്. ത്രികക്ഷി കരാർ ഒപ്പിടുമെന്ന് റെയിൽവേയുടെ ചുമതലയുള്ള മന്ത്രി വി. അബ്ദുറഹിമാൻ പരസ്യമായി പറഞ്ഞിരുന്നതാണ്.
എന്നാൽ കഴിഞ്ഞദിവസം മുഖ്യമന്ത്രി വിളിച്ച കളക്ടർമാരുടെ യോഗത്തിൽ ത്രികക്ഷി കരാറിൽ ഒപ്പിടേണ്ടെന്നാണ് തീരുമാനം. ഇതോടെ പദ്ധതി അനിശ്ചിതത്തിലായിരിക്കുകയാണ്.
പദ്ധതിചെലവായ 3800.94 കോടിയിൽ 1900.47 കോടിയാണ് കേരളം മുടക്കേണ്ടത്.
പദ്ധതിചെലവ് പങ്കിടുന്നതിൽ സംസ്ഥാന സർക്കാരും റെയിൽവേയും റിസർവ് ബാങ്കുമായുള്ള ത്രികക്ഷി കരാറൊപ്പിടാൻ കേരളത്തോട് ആവശ്യപ്പെട്ടതായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്‌ണവ് ലോകസഭയിൽ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
പകുതി ചെലവ് പങ്കിടാമെന്ന് കഴിഞ്ഞ ആഗസ്റ്റിൽ കേരളം അറിയിച്ചിരുന്നതാണ്. എന്നാൽ ചെലവ് പങ്കിടാൻ ഉപാധികളില്ലാത്ത സമ്മതം അറിയിക്കാൻ കേരളത്തോട് റെയിൽവേ ആവശ്യപ്പെട്ടിട്ടുണ്ട്.
പദ്ധതിവിഹിതത്തിന് സമാഹരിക്കുന്ന തുക സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ നിന്നൊഴിവാക്കണമെന്ന് കേരളം നേരത്തേ ആവശ്യപ്പെട്ടിരുന്നു. ഇത് കേന്ദ്രം അംഗീകരിച്ചിട്ടില്ല.
പദ്ധതിചെലവിന്റെ പകുതി ഗഡുക്കളായി റെയിൽവേയ്ക്ക് പണംനൽകിയാൽ മതി. ഇതിനുള്ള ഉറപ്പിനാണ് കേരളവും കേന്ദ്രവും റിസർവ്ബാങ്കുമായി കരാറൊപ്പിടേണ്ടത്.
കരാറിന്റെ മാതൃക കഴിഞ്ഞമാസം 13ന് റെയിൽവേ കൈമാറിയെങ്കിലും കരാറിൽ ഒപ്പിടാൻ മന്ത്രിസഭ തീരുമാനമെടുത്തിട്ടില്ല.
നവംബർ 14 മുതൽ ത്രികക്ഷി കരാറുണ്ടാക്കുന്നത് സംബന്ധിച്ച ഫയൽ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്.
സംസ്ഥാനം സമയത്ത് പണം നൽകിയില്ലെങ്കിൽ വിവിധ സ്കീമുകളിലൂടെ കേന്ദ്ര സർക്കാർ കേരളത്തിന് നൽകുന്ന വിഹിതത്തിൽ തുക കുറവുചെയ്ത് റിസർവ്ബാങ്ക് റെയിൽവേയ്ക്ക് നൽകും.
ഇതിനായാണ് കേരളം കരാറൊപ്പിടേണ്ടത്. ഇക്കാര്യത്തിലെ ആശങ്ക കാരണമാണ് കേരളം കരാറൊപ്പിടേണ്ടെന്ന് തീരുമാനിച്ചത്.
കിഫ്ബിയിൽ നിന്ന് ഈതുക നൽകിയാൽ അത് സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ നിന്നൊഴിവാക്കണമെന്ന് കേന്ദ്രത്തോട് വീണ്ടും ആവശ്യപ്പെടാനാണ് സംസ്ഥാനത്തിന്റെ തീരുമാനം.
എന്നാൽ ചെലവ് പങ്കിടാൻ ഉപാധികളില്ലാത്ത സമ്മതം അറിയിക്കാനും ത്രികക്ഷി കരാറൊപ്പിടാനും സംസ്ഥാനത്തോട് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുകയാണ്.
നിലവിൽ അങ്കമാലി മുതൽ എരുമേലി വരെയുള്ള പാത ഭാവിയിൽ വിഴിഞ്ഞം തുറമുഖത്തേക്ക് നീട്ടാനാവുന്നതാണ്. പുനലൂരിൽ നിന്ന് തമിഴ്നാട്ടിലേക്കും ബന്ധിപ്പിക്കാനാവും.
ശബരിപാത വന്നാൽ മദ്ധ്യകേരളത്തിന്റെ മുഖച്ഛായ മാറും. എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ഗതാഗത സൗകര്യമേറും. റെയിൽവേ കണക്ടിവിറ്റിയില്ലാത്ത മലയോരത്തും ഇടുക്കിയിലും റെയിൽ ചൂളംവിളിച്ചെത്തും.
പുനലൂരുമായി ബന്ധിപ്പിച്ചാൽ ചെങ്കോട്ടവഴി തമിഴ്നാട്ടിലേക്ക് നീട്ടാം. ഫർണിച്ചർ, അരി, പ്ലൈവുഡ്, റബർ, പൈനാപ്പിൾ വ്യവസായങ്ങൾക്ക് ഗുണകരമാണിത്.
വിഴിഞ്ഞത്തുനിന്നുള്ള ചരക്ക് ഇടനാഴിയായി മാറ്റാം. വടക്കോട്ടുള്ള കണ്ടെയ്നർ നീക്കം സുഗമമാക്കും.
റെയിൽപ്പാതയ്ക്ക് ഇരുവശവും ലോജിസ്റ്റിക്ഹബുകളും സാമ്പത്തിക-വാണിജ്യ-കാർഷിക-വ്യാപാര മേഖലകളും സ്ഥാപിക്കാം. തുറമുഖം കേന്ദ്രീകരിച്ചുള്ള ബ്ലൂ-ഇക്കണോമി മദ്ധ്യകേരളം വരെ വ്യാപിക്കും.
പെരുമ്പാവൂർ തടിവ്യാപാരത്തിന്റെ കേന്ദ്രമാണ്. പെരുമ്പാവൂരിലും കാലടിയിലും അരിമില്ലുകൾ അനവധിയുണ്ട്. വാഴക്കുളം പൈനാപ്പിൾ സിറ്റിയാണ്. തൊടുപുഴയിൽ സ്പൈസസ്‌പാർക്കുണ്ട്. ഇലവീഴാപൂഞ്ചിറ ടൂറിസം കേന്ദ്രമാണ്. ഇവിടെയെല്ലാം ശബരിപ്പാത വരുന്നതോടെ ഗുണകരമാവും.