/sathyam/media/media_files/2024/12/20/3PNANqFjSW59rTmC3SGO.jpg)
തിരുവനന്തപുരം: മന്നം ജയന്തി സമ്മേളനത്തിലെ മുഖ്യപ്രഭാഷണത്തിന് ക്ഷണം ലഭിച്ചതിന് പിന്നാലെ വൈക്കം എസ്എൻഡിപി യൂണിയന്റെ പരിപാടിക്ക് ഉദ്ഘാടകനായി കോൺഗ്രസ് പ്രവർത്തകസമിതിയംഗം രമേശ് ചെന്നിത്തല.
എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ഭാര്യ പ്രതീതി നടേശൻ പങ്കെടുക്കുന്ന ശിവഗിരി-ഗുരുകുലം തീർത്ഥാടന പദയാത്രയുടെ ഉദ്ഘാടനമാണ് ചെന്നിത്തല നിർവ്വഹിക്കുന്നത്.
യോഗനേതൃത്വത്തിന്റെ അനുഗ്രഹാശിസുകളോടെയാണ് ചെന്നിത്തലയെ ഉദ്ഘാടനത്തിന് ക്ഷണിച്ചിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ കുറെ കാലമായി സംസ്ഥാന രാഷ്ട്രീയത്തിൽ ഒതുങ്ങി നിന്ന രമേശ് ചെന്നിത്തല വീണ്ടും സജീവമാകുന്നതിന്റെ സൂചനകളാണ് പുറത്തേക്ക് വരുന്നത്.
എൻഎസ്എസുമായി കഴിഞ്ഞ 11 വർഷമായി തുടരുന്ന പിണക്കം തീർത്ത ചെന്നിത്തല പാർട്ടിയിൽ പുതിയ പാതകൾ തുറക്കാനുള്ള ശ്രമത്തിൽക്കൂടിയാണ്.
രണ്ടാഴ്ച്ചയായി സർക്കാരിനെതിരെ വിവിധ വിഷയങ്ങൾ ആരോപണങ്ങളുന്നയിച്ച് മാദ്ധ്യമശ്രദ്ധ നേടുന്നതിലും അദ്ദേഹം വിജയിച്ചിട്ടുണ്ട്.
കെഎസ്ഇബി - കാർബോറാണ്ടം യൂണിവേഴ്‌സൽ കമ്പനിയുമായി ബന്ധപ്പെട്ട കരാർ വിഷയം, കൊച്ചി സ്മാർട്ട് സിറ്റി തുടങ്ങിയ വിഷയങ്ങളിൽ അദ്ദേഹം രേഖകൾ സഹിതമുന്നയിച്ച ആരോപണങ്ങൾ ചർച്ചയായിരുന്നു.
പാർട്ടി പുന:സംഘടന സംബന്ധിച്ച ചർച്ചകൾ സജീവമാകുന്ന സാഹചര്യത്തിൽ കോൺഗ്രസിനുള്ളിലെ ഉൾപ്പാർട്ടി രാഷ്ട്രീയത്തെ സ്വാധീനിക്കുന്ന തരത്തിലാണ് ചെന്നിത്തല കരുക്കൾ നീക്കുന്നത്.
മഹാരാഷ്ട്രയിൽ തിരഞ്ഞെടുപ്പ് ചുമതല ലഭിച്ചുവെങ്കിലും അവിടെ പാർട്ടിക്ക് തിരിച്ചടി ഉണ്ടായത് അദ്ദേഹത്തിന് ക്ഷീണം ചെയ്തിരുന്നു.
അവിടെ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി വിജയിക്കുമെന്ന തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു അദ്ദേഹം.
അതുകൊണ്ട് തന്നെ പാലക്കാട്, ചേലക്കര, വയനാട് ഉപതിരഞ്ഞെടുപ്പുകളിൽ അദ്ദേഹത്തിന്റെ സാന്നിധ്യം വേണ്ടത്ര ഉണ്ടായിരുന്നില്ല.
എന്നാൽ മഹാരാഷ്ട്രയിലെ തിരിച്ചടി അപ്രതീക്ഷിതമായിരുന്നു.അതോടെ ചെന്നിത്തല കോൺഗ്രസിൽ ഒതുക്കപ്പെട്ടുവെന്ന് കരുതുന്നവരുടെ വിലയിരുത്തൽ തെറ്റിച്ചാണ് അദ്ദേഹം നിലവിലെ സോഷ്യല്‍ എഞ്ചിനിയറിങ്ങ് വഴി കാര്യങ്ങൾ മുന്നോട്ട് നീക്കുന്നത്.