/sathyam/media/media_files/2024/12/23/k7f5aczkBHVlaJbLYrRN.jpg)
തിരുവനന്തപുരം: സർക്കാർ കാര്യം മുറപോലെ എന്ന ചൊല്ല് വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തബാധിതർ നേരിട്ട് അറിയുകയാണിപ്പോൾ.
254 പേ മരിക്കുകയും 118 പേരെ കാണാതാവുകയും 397പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത ദുരന്തമുണ്ടായി ആറുമാസമാവുമ്പോഴും പുനരധിവാസ കാര്യത്തിൽ സർക്കാർ പിന്നോക്കമാണ്.
ദുരിതബാധിതർക്ക് വീടുകളടക്കം ടൗൺഷിപ്പുകളുണ്ടാക്കുമെന്ന് സർക്കാർ ആവർത്തിക്കുമ്പോഴും ഭക്ഷ്യവസ്തുക്കൾ പോലുമില്ലാതെ വാടകവീട്ടിൽ നരകിക്കുകയാണ് ദുരന്തമേറ്റു വാങ്ങിയ വയനാട്ടിലെ ജനത.
തൊഴിലും ഉപജീവന മാർഗങ്ങളുമില്ലാതെ വലയുന്ന ജനത്തിന് സ്വന്തം വീടെന്ന സ്വപ്നം ഇനിയും അകലെയാണ്.
ടൗൺഷിപ്പ് വേണമെന്നതിനാലാണ് പുനരധിവാസത്തിന് പ്ലാന്റേഷനുകൾ വേണ്ടിവന്നതെന്നും സുരക്ഷിതമായ നെടുമ്പാല, എൽസ്റ്റോൺ ഏറ്റെടുക്കുന്നത് സംബന്ധിച്ച കേസിൽ ഹൈക്കോടതി ഉത്തരവുണ്ടായാൽ ഒരു മണിക്കൂറിനകം പുനരധിവാസത്തിന് നടപടിയെടുക്കുമെന്നും റവന്യൂ മന്ത്രി കെ.രാജൻ ആവർത്തിക്കുന്നുണ്ട്.
എന്നാൽ എസ്റ്റേറ്റുകളുടെ ഉടമസ്ഥത, വില അടക്കം തർക്കവിഷയമാണ്.
ഭൂമിവില കോടതിയിൽ കെട്ടിവയ്ക്കാനും ഉടമസ്ഥാവകാശ തർക്കം തീരുമ്പോൾ യഥാർത്ഥ അവകാശികൾക്ക് പണം കൈമാറാനുമാണ് സർക്കാർ നീക്കം. ഇതിന് എസ്റ്റേറ്റുടമകൾ വഴങ്ങുമോയെന്ന് വ്യക്തമല്ല.
രണ്ട് ടൗൺഷിപ്പുകളിലായി 5, 10 സെന്റുകളിൽ വീട് നിർമിച്ചു നൽകാനാണ് സർക്കാർ തീരുമാനം.
പുനരധിവാസ പദ്ധതിയുടെ മേൽനോട്ടത്തിന് പ്രത്യേക സമിതിയെ നിയോഗിക്കാൻ തീരുമാനിച്ചെങ്കിലും ഗുണഭോക്തൃ പട്ടികയിൽ പോലും ഗുരുതര പിഴവ് വരുത്തിയ സാഹചര്യത്തിൽ കാര്യങ്ങൾ ഇനിയെങ്ങനെ മുന്നോട്ടു പോവുമെന്ന് കണ്ടറിയണം.
കർണാടക, തമിഴ്നാട് അടക്കം സംസ്ഥാന സർക്കാരുകളും വ്യക്തികളും സന്നദ്ധ സംഘടനകളുമടക്കം നിരവധി പേരും ദുരിത ബാധിതർക്കായി വീടുകൾ വാഗ്ദാനം ചെയ്തിരുന്നെങ്കിലും സർക്കാർ ഇതുവരെ അക്കാര്യത്തിൽ തുടർ ചർച്ചകൾ നടത്തിയിട്ടില്ല.
വീട് നിർമ്മിച്ച് നൽകാൻ സന്നദ്ധത അറിയിച്ചിട്ടുള്ളവരുമായി മുഖ്യമന്ത്രി ജനുവരി ആദ്യവാരം ചർച്ച നടത്താനാണ് ഇപ്പോഴത്തെ തീരുമാനം.
വയനാട്ടിലെ കൽപ്പറ്റയിലും നെടുമ്പാലയിലുമുള്ള എസ്റ്റേറ്റ് ഭൂമികളിളിൽ 1000 ചതുരശ്ര അടിയിലുള്ള ഒറ്റനില വീടുകളാണ് നിർമ്മിച്ചു നൽകുക.
മുകളിലെ നില ഭാവിയിൽ നിർമിക്കാൻ കഴിയും വിധത്തിലാണ് അടിത്തറ ഒരുക്കുക. 750 മുതൽ 800 കോടി രൂപ ഇതിന് വേണ്ടി വരുമെന്നാണു കണക്കാക്കുന്നത്.
പൊതുസൗകര്യങ്ങൾ, സ്കൂൾ, കോളേജ്, അംഗണവാടി, ആശുപത്രി, ലൈബ്രറികൾ, കളിസ്ഥലങ്ങൾ തുടങ്ങിയവയും ടൗൺഷിപ്പിൽ ഉണ്ടാവുമെന്നാണ് സർക്കാരിന്റെ വിശദീകരണം.
എന്നാൽ തങ്ങൾക്ക് നഷ്ടപരിഹാരത്തുക നൽകിയിരുന്നെങ്കിൽ എവിടെയെങ്കിലും വസ്തുവാങ്ങി വീടുവച്ച് താമസിക്കാമായിരുന്നു എന്നാണ് വയനാട്ടിലെ ദുരന്തബാധിതർ പറയുന്നത്.
എന്നാൽ ദുരന്തബാധിതരുടെ ആഗ്രഹപ്രകാരമാണ് എല്ലാവർക്കും ഒരുമിച്ച് താമസിക്കാൻ കഴിയുന്ന തരത്തിൽ ടൗൺഷിപ്പുകളുണ്ടാക്കാൻ തീരുമാനിച്ചതെന്ന് സർക്കാർ പറയുന്നു.
ദുരന്തബാധിതരെ പണം കൊടുത്ത് പറഞ്ഞുവിടുകയോ കിട്ടുന്ന സ്ഥലത്ത് വീടുവയ്ക്കുകയോ അല്ല ചെയ്യുകയെന്ന് മന്ത്രി കെ.രാജൻ പറയുന്നു.
ടൗൺഷിപ്പിൽ താമസിക്കാൻ താത്പര്യമില്ലാത്തവർക്ക് നഷ്ടപരിഹാരം പണമായി നൽകും. സ്ഥിരം പുനരധിവാസം വരെ ആരുടെയും വീട്ടുവാടക മുടങ്ങില്ല.
സ്കൂൾ, അംഗൻവാടി, കളിക്കളം, ആശുപത്രി, കമ്മ്യൂണിറ്റി സെന്റർ അടക്കമുള്ള നഗരസദൃശ്യമായ ടൗൺഷിപ്പാവും നിർമ്മിക്കുക. പുനർനിർമ്മാണത്തിന് 2221കോടി ചെലവുണ്ടാവും.
ടൗൺഷിപ്പിൽ രണ്ട് മാർഗങ്ങളിലൂടെ വീട് നിർമ്മിക്കുമെന്ന് സർക്കാർ പറയുന്നു.
വീട് നിർമ്മിക്കാൻ സന്നദ്ധരായവർക്ക് രണ്ട് മാർഗ്ഗങ്ങളുണ്ട്. മികവും ഉറപ്പുമുള്ള വീടുകൾ കാലതാമസമില്ലാതെ നിർമ്മിച്ച് നൽകാൻ കഴിയുമെന്ന് സർക്കാരിന് ഉറപ്പുള്ളവർക്ക് സ്ഥലം ലഭ്യമാവുന്ന മുറയ്ക്ക് കൈമാറും. സർക്കാരിന്റെ രൂപകല്പനയ്ക്ക് അനുസൃതമായി ഇവർ വീട് നിർമ്മിക്കണം.
ഉറപ്പുള്ള വീടുകൾ കാലതാമസം കൂടാതെ നിർമ്മിച്ചു നൽകാൻ കഴിയില്ലെന്ന് സർക്കാരിന് ബോദ്ധ്യമാവുന്നവർക്ക് സ്ഥലം കൈമാറില്ല, വീട് നിർമ്മാണത്തിന് ആവശ്യമായ തുക ഇവർ സർക്കാരിലേക്ക് നൽകണം.
ഇതിന്റെ നിർമ്മാണം സർക്കാർ സംവിധാനത്തിലായിരിക്കും.
ഒന്നാം ഘട്ട പുനരധിവാസ പദ്ധതിയിൽ ഉൾപ്പെട്ട 388 കുടുംബങ്ങളുടെ കരട് ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോഴാണ് ഗുരുതര പിശകുകൾ കടന്നുകൂടിയത്. ഇത് 15 ദിവസത്തിനകം പരിഹരിക്കുമെന്നാണ് സർക്കാരിന്റെ വിശദീകരണം.
ദുരന്തബാധിതരുടെ വായ്പകൾ എഴുതിത്തള്ളണമെന്നതിൽ പോലും തീരുമാനമായിട്ടില്ല. ബിസിനസ് സ്ഥാപനങ്ങളുടെ വൻ വായ്പകൾ കേന്ദ്രസർക്കാർ എഴുതി തള്ളുന്നുണ്ട്.
വയനാട്ടിലെ ദുരന്തബാധിതരുടെ വായ്പ ഇതനുസരിച്ചു നോക്കുമ്പോൾ വളരെ ചെറുതാണെന്ന് ഹൈക്കോടതിയിൽ സർക്കാർ നിലപാടെടുത്തിരുന്നു.
ദുരന്തത്തിന് ഇരയായ കുടുംബങ്ങളുടെ വ്യക്തിഗത വായ്പകൾ, മോട്ടർ വാഹന, ഭവന വായ്പകൾ തുടങ്ങിയവ ഡിസാസ്റ്റർ മാനേജ്മെന്റ് നിയമത്തിന്റെ 13 -ാം വകുപ്പ് പ്രകാരം ദേശീയ ദുരന്തനിവാരണ അതോറിറ്റി എഴുതിതള്ളുന്നത് പരിഗണിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം.
ഇതുവരെ കേന്ദ്രം ഒരു രൂപ പോലും അനുവദിച്ചിട്ടില്ല.