/sathyam/media/media_files/2024/12/23/CjnQw8Ziik2Qk4cFeOhI.jpg)
തിരുവനന്തപുരം: കേരളത്തിലെ സാധാരണക്കാർക്ക് നിക്ഷേപത്തിനും വായ്പയ്ക്കുമെല്ലാം അത്താണിയായ സഹകരണ ബാങ്കുകൾ, നെറികെട്ട ചില രാഷ്ട്രീയക്കാരുടെ വെട്ടിപ്പിനും അഴിമതിക്കും ഇരയായി സൽപ്പേര് കളഞ്ഞുകുളിക്കുന്ന സ്ഥിതിയിലാണിപ്പോൾ.
കരുവന്നൂർ ബാങ്ക് തട്ടിപ്പിന്റെ അലയൊലികൾ അടങ്ങും മുൻപാണ് ഇടുക്കി കട്ടപ്പനയിലെ സഹകരണ നിക്ഷേപകന്റെ ആത്മഹത്യ.
അത്യാവശ്യകാര്യത്തിന് പോലും പണം മടക്കികൊടുക്കാതിരിക്കുകയും അത് ചോദിച്ചതിന് ഭീഷണിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്തതിന്റെ പേരിലായിരുന്നു ആത്മഹത്യ.
ജനങ്ങൾക്ക് സഹകരണ ബാങ്കുകളിലുള്ള വിശ്വാസം നഷ്ടപ്പെടുത്താനേ ഇത്തരം നടപടികൾ വഴിവയ്ക്കൂ.
സാധാരണക്കാർക്കു താങ്ങും തുണയുമാകേണ്ട സഹകരണ ബാങ്കുകളിലെ ഭരണസമിതികളിലെ രാഷ്ട്രീയക്കാർ വെട്ടിപ്പുകൾക്ക് കുടപിടിക്കുന്നതാണ് സഹകരണ മേഖലയെ തകർക്കുന്നത്.
ധനകാര്യസ്ഥാപനങ്ങളിലെ ചെറിയ പാളിച്ചപോലും കൂട്ടത്തോടെ നിക്ഷേപം പിൻവലിക്കാൻ ഇടയാക്കും.
അതേസമയം, സഹകരണ സ്ഥാപനങ്ങളിൽ വെറും ഒന്നരശതമാനത്തിൽ മാത്രമേ ക്രമക്കേടു നടന്നിട്ടുള്ളൂവെന്നാണ് സർക്കാർ കണക്ക്.
സഹകരണ ബാങ്കുകളിലുണ്ടായ ക്രമക്കേടുകൾക്ക് ഇരയായ പാവപ്പെട്ടവർക്കു നീതി നൽകാതെ തട്ടിപ്പുകാരെ സംരക്ഷിക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നാണ് ആക്ഷേപമുയരുന്നത്.
വായ്പാ കുടിശികയല്ല, വിശ്വാസ്യത തകർക്കുന്ന വായ്പകളും സംഘടിത തട്ടിപ്പുമാണു സഹകരണ ബാങ്കുകളെ പ്രതിസന്ധിയിലാക്കുന്നത്.
സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ബാങ്കുകളിലാണു ക്രമക്കേടുകളിൽ ഭൂരിഭാഗവും നടന്നത്.
കുടുംബ ചെലവുകൾക്കുമൊക്കെവേണ്ടി സാധാരണക്കാർ നിക്ഷേപിച്ച തുകയാണു പലയിടത്തും തട്ടിപ്പിൽപ്പെട്ടത്.
സഹകരണ സ്ഥാപനങ്ങളിലെ നിക്ഷേപത്തിൽ ചില്ലിക്കാശുപോലും നഷ്ടപ്പെടില്ലെന്നും പണം ഭദ്രമായിരിക്കുമെന്നു സംസ്ഥാന സർക്കാർ ഉറപ്പു നൽകുന്നെങ്കിലും ഒന്നും നടക്കുന്നില്ല.
പണം നഷ്ടപ്പെട്ട, പാർട്ടി അനുഭാവികളായ നിക്ഷേപകർ കൊടുത്ത കേസുകളിലൊക്കെ പാർട്ടിയും പാർട്ടി നയിക്കുന്ന ബാങ്കുകളും എതിർപക്ഷത്താണ്.
കരുവന്നൂരിൽനിന്നു കൊണ്ടുപോയ 175 കോടി രൂപ ആർക്കെല്ലാം കിട്ടിയെന്ന് ഇ.ഡി അന്വേഷിക്കുകയാണ്.
സഹകരണ ബാങ്ക് പ്രതിസന്ധിയിലായാൽ നിക്ഷേപകർക്ക് 5 ലക്ഷം രൂപ വരെ ലഭിക്കുന്ന തരത്തിൽ ഗാരന്റി സ്കീം പുതുക്കിയ ഉത്തരവ് ജൂലൈയിൽ തന്നെ പുറത്തിറങ്ങിയെങ്കിലും അതിന്റെ ഗുണം നിക്ഷേപകർക്കു കിട്ടാനുള്ള നടപടിയെടുക്കാതെ അധികൃതർ വൈകിപ്പിച്ചതിന്റെ തിക്തഫലം അനുഭവിക്കുക കൂടിയാണു നിക്ഷേപകർ.
ഡിപ്പോസിറ്റ് ഗാരന്റി ബോർഡിൽ ഇപ്പോൾ 500 കോടിയെങ്കിലും ഉണ്ടാകുമെങ്കിലും ബാങ്ക് പൂട്ടിയാൽ മാത്രമേ ഗാരന്റി പണം കൈമാറൂവെന്ന നിബന്ധനയുണ്ടായതിനാൽ ഇതുവരെ ബോർഡിൽനിന്നു പണം നൽകേണ്ടി വന്നിട്ടില്ല.
സംസ്ഥാനത്തെ സഹകരണമേഖലയുടെ അടിത്തറ മൊത്തം ആസ്തിയിൽ 90% നിക്ഷേപമാണ്. രണ്ടരലക്ഷം കോടിയോളം വരുന്ന നിക്ഷേപത്തിൽ 1.80 ലക്ഷംകോടിയും വായ്പയായി വിതരണം ചെയ്യുകയാണ്.
ഇത്തരം വായ്പകളിൽ ക്രമക്കേടുണ്ടാവുന്നതാണ് ബാങ്കുകളെ തകർക്കുന്നത്. ക്രമക്കേട് കണ്ടെത്തിയാലും ശക്തമായ നടപടികളുണ്ടാവുന്നില്ല.
ഒറ്റപ്പെട്ട അറസ്റ്റും ജീവനക്കാരെ പുറത്താക്കലുമല്ലാതെ, പണം തിരിച്ചുപിടിക്കാനോ നിക്ഷേപകർക്കു കൈമാറാനോ കഴിഞ്ഞിട്ടില്ല.
സഹകരണ സംഘങ്ങളിൽ അംഗത്വം നൽകുന്നതിലും ക്രമക്കേടുണ്ട്. കെവൈസി രേഖപ്പെടുത്തിയതിലും അംഗത്വ രജിസ്റ്റർ പാലിക്കുന്നതിലും ജാഗ്രതയില്ല. ഇതുവരെ 272 സഹകരണ സംഘങ്ങളിൽ വൻ ക്രമക്കേടുകൾ കണ്ടെത്തിയിട്ടുണ്ട്.
സംസ്ഥാന ആസൂത്രണ ബോർഡിന്റെ 2022ലെ കണക്കുകൾ പ്രകാരം 787 ബാങ്കുകളുടെ നഷ്ടം 3682 കോടി രൂപയാണ്. സഹകരണ ബാങ്കുകളിലെ വായ്പ കുടിശിക 23,565 കോടിയാണ്.
വായ്പ നൽകുന്ന സഹകരണ സംഘങ്ങളുടെ എണ്ണം 1581 ആണ്. ഇതിൽ 794 എണ്ണം ലാഭത്തിലുള്ളതാണ്. ഇവയുടെ ലാഭം: 742 കോടി. 787എണ്ണം നഷ്ടത്തിലാണ്. 3682 കോടിയാണ് ഇവയുടെ നഷ്ടം.
തോന്നിയപോലെ വായ്പ നൽകുന്നതാണ് ബാങ്കുകളുടെ തകർച്ചയ്ക്ക് ഇടയാക്കുന്നത്. ആർക്കും വേണ്ടാത്തതും ചെന്നെത്താൻ വഴിയില്ലാത്തതോ കൃത്യമായ രേഖകളില്ലാത്തതോ ആയ ഭൂമിയാണെങ്കിലും സ്വാധീനമുണ്ടെങ്കിൽ വായ്പ ലഭിക്കും.
ഈ ഭൂമി ജപ്തിചെയ്തു വിറ്റാൽ വായ്പയുടെ പകുതിപോലും കിട്ടില്ല. വിറ്റുപോകാത്ത വസ്തു വൻതുകയ്ക്കു ബാങ്കിനു വിറ്റഴിച്ച ഫലമാണ് ഭൂമാഫിയയ്ക്ക്.
കൊല്ലത്തെ ബാങ്കിൽ പണയ ഉരുപ്പടികൾ മുക്കുപണ്ടമായി മാറ്റിയും തട്ടിപ്പുണ്ടായിരുന്നു. പണയം കുടിശികയായതിനെത്തുടർന്നു പണയം വച്ചയാളെ ബാങ്കിൽ വിളിച്ചുവരുത്തിയപ്പോഴാണ് ഉരുപ്പടികൾ തന്റേതല്ലെന്ന് ഉടമസ്ഥൻ പറഞ്ഞത്.
2 വനിതാ ജീവനക്കാരെ ഭരണസമിതി സസ്പെൻഡ് ചെയ്തു. പോലീസ് അന്വേഷണത്തിൽ മുൻപു ക്രമക്കേടു നടത്തിയിട്ടുള്ള ജീവനക്കാരനും സുഹൃത്തുമാണു തട്ടിപ്പു നടത്തിയതെന്നു കണ്ടെത്തി. ഇവരെ അറസ്റ്റ് ചെയ്തു. ഇത്തരത്തിൽ പലവിധ തട്ടിപ്പുകൾ സഹകരണ ബാങ്കുകളിൽ അരങ്ങേറുന്നുണ്ട്.
സ്വത്ത് ഈടുവച്ച് ഒരാൾ വായ്പയെടുക്കുന്നു. അതേ സ്വത്തു പല പേരുകളിൽ പണയംവച്ചു പുതിയ പുതിയ വായ്പകൾ സ്ഥലം ഉടമയറിയാതെ എടുക്കുന്നു. ഇങ്ങനെയും തട്ടിപ്പ് നടക്കുന്നുണ്ട്.
തിരുവനന്തപുരത്തെ ബിഎസ്എൻഎൽ എൻജിനീയേഴ്സ് സഹകരണ സംഘത്തിൽ 260 കോടിയുടെ തട്ടിപ്പാണ്. 1070 കേസ് രജിസ്റ്റർ ചെയ്തു. ഭരണ സമിതിയംഗങ്ങളും ഉദ്യോഗസ്ഥരും ഉൾപ്പെടെ 8 പേർ അറസ്റ്റിലായി.
പ്രതികൾ സ്വന്തം പേരിലും ബെനാമികളുടെ പേരിലും സമ്പാദിച്ച 94 വസ്തുവകകൾ സഹകരണ വകുപ്പു ജപ്തി ചെയ്തു. 123 വസ്തുവകകൾ കൂടി ജപ്തി ചെയ്യാനുള്ള റിപ്പോർട്ട് നൽകി.
പണയത്തിനെത്തിച്ച സ്വർണാഭരണങ്ങൾ മറ്റു ബാങ്കുകളിൽ പണയംവച്ചു തട്ടിപ്പു നടത്തിയ സംഭവങ്ങളുമുണ്ട്.
കാര്യങ്ങൾ ഇങ്ങനെയാണെങ്കിലും ജനങ്ങൾക്ക് സഹകരണ പ്രസ്ഥാനങ്ങളിലുള്ള വിശ്വാസം പൂർണമായി നഷ്ടമായിട്ടില്ല.
ഇക്കൊല്ലം സഹകരണ നിക്ഷേപ യജ്ഞത്തിലൂടെ സമാഹരിച്ചത് 23263.73 കോടി രൂപ. 9000 കോടി സമാഹരിക്കാനാണ് ലക്ഷ്യമിട്ടത്. അതായത് ലക്ഷ്യമിട്ടതിലും രണ്ടരയിരട്ടി നിക്ഷേപമാണ് സമാഹരിക്കാനായത്.
സഹകരണ ബാങ്കുകളിൽ നിന്ന് 7000 കോടി രൂപയും, കേരള ബാങ്കിലൂടെ 2000 കോടിയുമാണ് ലക്ഷ്യമിട്ടത്.
എന്നാൽ സഹകരണ ബാങ്കുകൾ 20055.42 കോടിയും, കേരള ബാങ്ക് 3208.31 കോടിയും സമാഹരിച്ചു.
കോഴിക്കോട്ടെ സഹകരണ ബാങ്കുകളാണ് ഏറ്റവും കൂടുതൽ തുക സമാഹരിച്ചത്. ലക്ഷ്യമിട്ടത് 850 കോടിയെങ്കിൽ, നേടിയതു 4347.39 കോടി.
മലപ്പുറത്തെ ബാങ്കുകൾ 800 കോടിയാണു പ്രതീക്ഷിച്ചതെങ്കിലും 2692.14 കോടി സമാഹരിച്ചു.