/sathyam/media/media_files/2024/12/27/IXzoUSvLyYZHstN7192G.jpg)
തിരുവനന്തപുരം: പൊതുവേ ചിരിക്ക് പിശുക്കുള്ള ഡോ. മൻമോഹൻ സിംഗ് മിനിറ്റുകളോളം നിർത്താതെ പൊട്ടിച്ചിരിച്ചു പോയ സംഭവമുണ്ടായത് 2010ൽ പ്രധാനമന്ത്രിയായിരിക്കെയാണ്.
അദ്ദേഹത്തിന്റെ ഓഫീസിലുള്ളവരും സ്റ്റാഫുകളുമെല്ലാം അമ്പരന്നു. ഈ ചിരിക്ക് ആധാരമായത് കേരളത്തിൽ നിന്നുപോയ അന്നത്തെ കേരള മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ, പ്രതിപക്ഷ നേതാവ് ഉമ്മൻചാണ്ടി എന്നിവരുൾപ്പെട്ട സംഘം നൽകിയ മെമ്മോറാണ്ടം വായിച്ചതാണ്.
കേരളത്തിൽ 45 മീറ്റർ വീതിയിൽ ദേശീയപാതാ വികസനം നടപ്പാക്കാൻ കേന്ദ്രം തീരുമാനിച്ചിരുന്നു. കേരളത്തിലെ ദേശീയപാതയുടെ വീതി 30 മീറ്റർ ആക്കി കുറയ്‌ക്കണമെന്നതായിരുന്നു സർവകക്ഷി സംഘത്തിന്റെ നിവേദനത്തിലെ ആവശ്യം.
ഈ നിവേദനം വാങ്ങിയ മൻമോഹൻസിംഗ് പൊട്ടിച്ചിരിച്ചു. കാരണം, ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ 60 മീറ്ററായിരുന്നു ദേശീയ പാതയുടെ വീതി. അവർ അങ്ങനെ പോകുമ്പോൾ 30 മീറ്ററിൽ ഒതുങ്ങാനാണ് കേരളം തീരുമാനിച്ചത്.
മറ്റ് സംസ്ഥാനങ്ങൾ 60 മീറ്റർ പോരാ അതിലും വീതിയേറിയ ദേശീയപാത വേണമെന്ന് പറഞ്ഞുകൊണ്ടിരിക്കെയാണ് കേരളം 30 മീറ്ററിനായി വാശിപിടിച്ച് വിമാനം കയറി ഡൽഹിയിലെത്തിയത്.
ഭൂമി ലഭ്യത കുറഞ്ഞ കേരളം പോലുള്ള സംസ്ഥാനത്ത് 45 മീറ്റര്‍ വീതിയില്‍ സ്ഥലമെടുക്കുന്നതിനെതിരെ വ്യാപകമായ ആക്ഷേപം ഉയര്‍ന്നിരുന്നു.
ദേശീയപാതയോരത്തെ കടക്കാരും വീട്ടുകാരുമെല്ലാം സ്ഥലമെടുപ്പിനെതിരേ രംഗത്തെത്തി. ഇതോടെ സർക്കാർ സർവകക്ഷി യോഗം വിളിച്ചു.
ദേശീയ പാതയ്ക്കായുള്ള സ്ഥലമെടുപ്പ് താല്‍ക്കാലികമായി നിര്‍ത്തി വയ്ക്കാന്‍ തിരുവനന്തപുരത്ത് ചേര്‍ന്ന സര്‍വ്വ കക്ഷി യോഗത്തില്‍ തീരുമാനിച്ചു.
പ്രശ്‌നപരിഹാരത്തിനായി സര്‍വകക്ഷി സംഘം പ്രധാമന്ത്രിയെ നേരില്‍ സന്ദര്‍ശിച്ച് നിവേദനം നല്‍കാനും തീരുമാനിച്ചു. അങ്ങനെയാണ് വി.എസും ഉമ്മൻചാണ്ടിയുമടങ്ങിയ സംഘം ഡൽഹിയിലെത്തിയത്.
എന്നാൽ പിന്നീട് കേരളത്തിന്റെ ആവശ്യം കേന്ദ്രം നിരസിച്ചു. ദേശീയപാതയുടെ വീതി 45 മീറ്ററില്‍ കുറയ്ക്കാന്‍ പറ്റില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ഇക്കാര്യത്തിലെ അന്തിമ നിലപാടാണിതെന്നും അറിയിച്ചു.
കേരളത്തിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ദേശീയപാതയുടെ വീതി 30 മീറ്റര്‍ മതിയെന്ന് നേരത്തെ ചേര്‍ന്ന സര്‍വകക്ഷിയോഗം ആവശ്യപ്പെട്ടിരുന്നതാണ് കേന്ദ്രം തള്ളിയത്.
വീതി ഏറ്റവും കുറഞ്ഞത് 45 മീറ്ററാക്കിയില്ലെങ്കില്‍ ദേശീയപാത എന്ന പദവി നഷ്ടപ്പെടുമെന്നും കേന്ദ്രം അറിയിച്ചു. പാതയുടെ വീതി 30 മീറ്ററേ പാടുള്ളൂവെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി കടകളടച്ച് പ്രക്ഷോഭം നടത്തിയിരുന്നു.
ഭൂമി വിട്ടുനൽകുന്നവരുടെ ആശങ്കകൾ പരിഗണിച്ചായിരുന്നു വീതി 30 മീറ്റർ മതിയെന്ന തീരുമാനം. ഒരു പ്രാവശ്യം ഭൂമി നല്‍കിയവര്‍ തന്നെ വീണ്ടും ഭൂമി നല്‍കാന്‍ നിര്‍ബന്ധിതരായ സംഭവങ്ങളുമുണ്ട്. അതൊന്നും കണ്ടില്ലെന്ന് നടിക്കാന്‍ കഴിയില്ല.
ദേശീയപാത 60 മീറ്ററോ 45 മീറ്ററോ വീതിയില്‍ കേരളത്തില്‍ പണിയാനാകില്ല. 30 മീറ്റര്‍ വീതിയില്‍ നല്ല നിലയില്‍ റോഡുണ്ടാക്കിയാല്‍ മതിയാകും.
അപകടങ്ങള്‍ കൂടുന്നതിന് കാരണം റോഡിന്റെ വീതിക്കുറവല്ല. അതിന് സ്പീഡ് കുറയ്ക്കണം - അന്ന് വി.എസ് പറഞ്ഞതിങ്ങനെയായിരുന്നു.
ദേശീയപാതയില്‍ സഞ്ചരിക്കുമ്പോള്‍ അല്‍പം വേഗം കുറഞ്ഞാലും സഹിക്കാന്‍ കഴിയുമെങ്കില്‍ ഇക്കാര്യം പരിഗണിക്കാമെന്ന് യോഗത്തില്‍ പങ്കെടുത്ത നാഷണല്‍ ഹൈവെ അതോറിട്ടി ഓഫ് ഇന്ത്യ ചെയര്‍മാന്‍ ബ്രിജേശ്വര്‍ സിംഗ് തിരിച്ചടിച്ചിരുന്നു.
2014ൽ മുപ്പത് മീറ്റർ വീതിയെന്ന മുൻനിലപാട് തിരുത്തിയ ഉമ്മൻചാണ്ടി, കേരളത്തില്‍ ദേശീയപാത 45 മീറ്റര്‍ വീതിയില്‍ വികസിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.
ഭൂവുടമകള്‍ക്ക് നഷ്ടപരിഹാരമായി വിപണി വില നല്‍കും. കാസര്‍ഗോഡ് തലപ്പാടി മുതല്‍ കൊച്ചി ഇടപ്പള്ളി വരെയും ആലപ്പുഴ ചേര്‍ത്തല മുതല്‍ തിരുവനന്തപുരം കഴക്കൂട്ടം വരെയുമാണ് ദേശീയപാത വികസിപ്പിക്കാനൊരുങ്ങിയത്.
എന്നാൽ ഇപ്പോൾ കേരളം മുഴുവൻ ആറുവരിയായി ദേശീയപാത വികസിപ്പിക്കുകയാണ്. സ്ഥലമേറ്റെടുത്ത് നൽകാൻ 6000 കോടി രൂപ കേരളം ചെലവിട്ടിട്ടുണ്ട്.
ഭൂമി ഏറ്റെടുക്കലിൻറെ 25 ശതമാനം കേരളമാണ് നൽകുന്നത്. രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു സംസ്ഥാനം ദേശീയപാതാ വികസനത്തിന് ഭൂമി ഏറ്റെടുക്കൽ നടപടികൾക്കായി പണം നൽകുന്നത്.