/sathyam/media/media_files/2024/12/28/Nf5fo95ewrlJMY7CAl5v.jpg)
തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസിലെ പുന:സംഘടന സംബന്ധിച്ചുള്ള ചർച്ചകൾക്ക് ബെലഗാവിയിൽ ഔദ്യോഗിക തുടക്കമായി.
നിലവിൽ നടക്കുന്ന അനൗപചാരിക ചർച്ചകൾക്കും ആശയവിനിമയത്തിനും അത് കൂടുതൽ ഊർജ്ജം പകരും.
കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപദാസ് മുൻഷിയാണ് എഐസിസി നേതൃത്വത്തിന്റെ തീരുമാനപ്രകാരം ചർച്ചകൾ തുടങ്ങിവെച്ചത്.
കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ, പ്രതിപക്ഷനേതാവ് വിഡി സതീശൻ, പ്രവർത്തകസമിതിയംഗം രമേശ് ചെന്നിത്തല, യുഡിഎഫ് കൺവീനർ എംഎം ഹസൻ എന്നിവർക്ക് പുറമേ സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എന്നിവരുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്.
സംസ്ഥാന നേതൃത്വത്തിലെ പുന:സംഘടന ഏത് തലം വരെ നടപ്പാക്കണമെന്ന കാര്യത്തിലും ചർച്ചയിൽ ധാരണയാകും.
ചർച്ചകൾ തുടങ്ങിയെങ്കിലും മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ മരണത്തെ തുടർന്ന് കെസി വേണുഗോപാലിന് അടിയന്തിരമായി ഡൽഹിയിൽ എത്തേണ്ട സാഹചര്യമുണ്ടായതിനാൽ ഇത് പൂർത്തീകരിക്കാനായിട്ടില്ല.
കെപിസിസി ട്രഷർ അടക്കം ഒഴിഞ്ഞുകിടക്കുന്ന സ്ഥാനങ്ങൾ നികത്തും. ഇരട്ടപ്പദവിയുള്ളവരിൽ ചിലർക്ക് ഇളവ് നൽകുമെങ്കിലും ഒട്ടേറെ പദവി വഹിക്കുന്നവരെ കെപിസിസിയുടെ സംഘടനാ ചുമതലയിൽ നിന്നും മാറ്റിയേക്കും.
രാജ്യമാകമാനം പുന:സംഘടനാ വർഷം പ്രഖ്യാപിച്ചിട്ടുള്ളതിനാൽ തന്നെ കെപിസിസി അദ്ധ്യക്ഷനടക്കമുള്ളവർ മാറാൻ സാധ്യതയേറി.
സുധാകരന് ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന വാദം കണക്കിലെടുത്താവില്ല മാറ്റമുണ്ടാവുക. അദ്ദേഹത്തിന്റെ ഇതുവരെയുള്ള പ്രവർത്തനങ്ങളെ ഹൈക്കമാന്റ് വിലമതിക്കുകയും ചെയ്യുന്നുണ്ട്.
എന്നാൽ ഇനി നിർണായകമായ നിയമസഭാ തിരഞ്ഞെടുപ്പുകളിലേക്ക് പോകുന്ന സംസ്ഥാനങ്ങളിൽ പാർട്ടിക്ക് പുതിയമുഖം നൽകാനുള്ള നീക്കത്തിന്റെ ഭാഗമായാവും അദ്ദേഹത്തെ സ്ഥാനത്ത് നിന്നും മാറ്റുന്നുണ്ടെങ്കിൽ അത് ചെയ്യുക. ഇക്കാര്യങ്ങൾ വ്യക്തമായി കേന്ദ്രനേതൃത്വം തന്നെ അദ്ദേഹത്തോട് വിശദീകരിക്കും.
പാർട്ടി സംഘടനയെ ശക്തിപ്പെടുത്താൻ വിവിധ സംഘടനാ ചുമതലകൾ നിർവ്വഹിക്കാൻ പ്രാപ്തിയുള്ള 40 അംഗ സെക്രട്ടറിമാരുടെ പട്ടികയിലും ചർച്ചകൾ പുരോഗമിക്കുകയാണ്.
ഇനിയൊരു ജംബോ കമ്മിറ്റി വന്നാൽ പാർട്ടിക്ക് താഴേത്തട്ടിൽ തളർയുണ്ടാകുമെന്നും കേരളത്തിലെ മുൻ അനുഭവങ്ങൾ ചൂണ്ടിക്കാട്ടി നേതാക്കൾ വ്യക്തമാക്കുന്നു.
ഒരു കെപിസിസി ജനറൽ സെക്രട്ടറിക്ക് രണ്ട് സെക്രട്ടറിമാർ എന്ന തരത്തിലുള്ള പുന:സംഘടനയ്ക്കാണ് നേതാക്കൾക്കിടയിൽ കൂടുതൽ പ്രാമുഖ്യമുള്ളത്.
എന്നാല്‍ എണ്ണം കൂട്ടി ജംബോ ലിസ്റ്റുണ്ടാക്കി പാര്‍ട്ടിയില്‍ ആധിപത്യം തുറപ്പിക്കാനും ചിലര്‍ നീക്കം തുടങ്ങി.
ഡിസിസി തലത്തിലും അഴിച്ചുണിക്കുള്ള സാദ്ധ്യതയേറി. ഭൂരിഭാഗാം ഡിസിസികളുടെയും പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഡിസിസി അദ്ധ്യക്ഷനും ഭാരവാഹികളും മാറിയേക്കും.
ജില്ലാതലങ്ങളിൽ കൂടി സമൂല അഴിച്ചുപണിക്കുള്ള ചർച്ചകളാണ് പുരോഗമിക്കുന്നത്. താഴേത്തട്ടിൽ നടക്കുന്ന ബ്ലോക്ക്, മണ്ഡലം, വാർഡ്, ബൂത്ത് പുന:സംഘടനകൾ വേഗത്തിൽ തീർക്കാനും തീരുമാനമായി.
11 ജില്ലകളിൽ ഏതാണ്ട് പൂർത്തയാങ്കെിലും കോട്ടയം, ആലപ്പുഴ, മലപ്പുറം ജില്ലകളിൽ തർക്കം തുടരുകയാണ്. ഇത് ജനുവരിയിൽ പൂർത്തീകരിക്കാനാണ് നീക്കം.
അതിന് ശേഷം പുന:സംഘടിപ്പിക്കപ്പെട്ടവരുടെ സമ്മേളനങ്ങൾ എല്ലാ ജില്ലയിലും നടത്താനാണ് കെ.പി.സി.സിയുടെ തീരുമാനം.