/sathyam/media/media_files/2024/12/27/egE7IGvO0sv9UfOYMUIu.jpg)
തിരുവനന്തപുരം: വ്യക്തി വൈരാഗ്യത്തെത്തുടർന്നുള്ള കൊലപാതകമെന്ന് ചൂണ്ടിക്കാട്ടി ക്രൈംബ്രാഞ്ച് എഴുതിത്തള്ളാനൊരുങ്ങിയ പെരിയ ഇരട്ടക്കൊലക്കേസിൽ സി.ബി.ഐ വന്നതോടെയാണ് സിപിഎമ്മുകാരായ പ്രതികൾ കുരുങ്ങിയത്.
എഫ്.ഐ.ആറിൽ രാഷ്ട്രീയ കൊലപാതകം എന്നാണുണ്ടായിരുന്നത്. ഇത് പിന്നീടെങ്ങനെ വ്യക്തിവൈരാഗ്യത്തെത്തുടർന്നുള്ള കൊലപാതകമായി മാറിയെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു.
ഒന്നാം പ്രതിയും സി.പി.എം പ്രാദേശിക നേതാവുമായ പീതാംബരനെ കൊല്ലപ്പെട്ടവരിലൊരാൾ ആക്രമിച്ചതിലുള്ള വൈരാഗ്യത്തെ തുടർന്നാണ് പ്രതികൾ ഇവരെ കൊന്നതെന്ന് പ്രോസിക്യൂഷൻ ബോധിപ്പിച്ചു.
ഒരാളോടു മാത്രമാണ് വൈരാഗ്യമെങ്കിൽ രണ്ടുപേരെയും കൊന്നതെന്തിനാണ് ? മറ്റേയാളെ ആട്ടിപ്പായിക്കുകയല്ലേ പതിവ് ? - കോടതി ചോദിച്ചു.
കൊലയ്‌ക്ക് തൊട്ടുമുൻപ് ശരത്‌ലാലിന്റെ പിതാവിനെ തടഞ്ഞുവച്ചത്, ഒരു നേതാവിന്റെ കൊലവിളി പ്രസംഗം, പ്രതികളെ രക്ഷപെടുത്തിയതാരൊക്കെ, പ്രതികൾക്ക് വിരുന്ന് നൽകിയതാരൊക്കെ എന്നൊന്നും അന്വേഷിക്കാതെയായിരുന്നു ക്രൈംബ്രാഞ്ചിന്റെ കള്ളക്കളി.
ഒന്നാം പ്രതി പീതാംബരൻ ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൃത്യമാണെന്നായിരുന്നു ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ നിലപാടെടുത്തത്.
ഉന്നത സി.പി.എം നേതാക്കളുടെ പങ്കിന് തെളിവ് ലഭിച്ചിട്ടില്ലെന്നും ഹർജിക്കാർ ആരോപിക്കും പോലെ വമ്പൻ സ്രാവുകൾക്ക് കേസിൽ പങ്കുള്ളതിന് തെളിവൊന്നും ലഭിച്ചിട്ടില്ലെന്നും അന്വേഷണത്തിൽ ബാഹ്യ ഇടപെടലുകളുണ്ടായിട്ടില്ലെന്നുമൊക്കെ ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചിരുന്നു.
2018ൽ കെ.എസ്.യു - എസ്.എഫ്.ഐ സംഘർഷത്തെത്തുടർന്ന് ശരത്‌ലാലിന്റെ നേതൃത്വത്തിൽ കോൺഗ്രസുകാർ ബസ് തടഞ്ഞ് സംഘർഷമുണ്ടാക്കിയപ്പോൾ പീതാംബരന് പരിക്കേറ്റിരുന്നു.
ഇതിന് ശേഷം കോൺഗ്രസ്, സി.പി.എം നേതാക്കൾ ഇടപെട്ട് സമാധാന ചർച്ച നടത്തി. എന്നാൽ, പീതാംബരൻ സമാധാന ശ്രമങ്ങൾക്കെതിരായിരുന്നു.
ഇതിനാലാണ് പകവീട്ടാൻ സ്വന്തം നിലയ്ക്ക് ഇരട്ടക്കൊല ആസൂത്രണം ചെയ്തത് - ഇതായിരുന്നു ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ.
ആക്രമണങ്ങളിൽ നിന്ന് പാർട്ടി സംരക്ഷിക്കാത്തതിൽ സി.പി.എം പ്രവർത്തകർക്കിടയിൽ വ്യാപക എതിർപ്പുണ്ടെന്ന് വ്യക്തമാക്കുന്ന കത്ത് പീതാംബരന്റെ ബൈക്കിൽ നിന്ന് കണ്ടെടുത്തിരുന്നു.
തനിക്കൊപ്പമുള്ളവരെ സംരക്ഷിച്ചില്ലെങ്കിൽ പാർട്ടി വിടുമെന്ന് പീതാംബരൻ ഭീഷണി മുഴക്കിയിരുന്നു. നേതാക്കളിൽ നിന്ന് പിന്തുണ കിട്ടാത്തതിനെ തുടർന്നാണ് പകവീട്ടിയത്.
രണ്ടാം പ്രതി സജിയെ പൊലീസ് കസ്റ്റഡിയിൽ നിന്ന് ആരും മോചിപ്പിച്ചിട്ടില്ല - ക്രൈംബ്രാഞ്ച് അന്ന് വ്യക്തമാക്കി.
പക്ഷേ ഈ വാദങ്ങളെല്ലാം തള്ളിക്കളഞ്ഞാണ് ഹൈക്കോടതി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടത്.
യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത് ലാൽ എന്നിവരെ 2019 ഫെബ്രുവരി 17ന് രാത്രിയാണ് വെട്ടിക്കൊലപ്പെടുത്തിയത്.
പെരിയ കല്ല്യോട്ട് ഭഗവതി ക്ഷേത്രത്തിൽ നിന്ന് ബൈക്കിൽ വരുകയായിരുന്ന ഇരുവരെയും ബൈക്കിലും കാറിലുമെത്തി കാട്ടിനുള്ളിൽ പതുങ്ങിയിരുന്ന അക്രമികൾ വെട്ടിക്കൊല്ലുകയായിരുന്നു.
സംഭവത്തിന്റെ മൂന്നാം ദിവസം, ഒന്നാം പ്രതി സി പി എം മുൻ പെരിയ ലോക്കൽ സെക്രട്ടറി എം പീതാംബരനെ ജില്ലാ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. മൊത്തം 14 പ്രതികളാണ് അറസ്റ്റിലായത്.
സി പി എം ഏരിയാ സെക്രട്ടറി , പെരിയ ലോക്കൽ സെക്രട്ടറി ഉൾപ്പെടെ മൂന്ന് പ്രതികൾക്ക് കോടതി ജാമ്യം നൽകിയിരുന്നു.
രേഖകൾ കൈമാറാതെ സി.ബി.ഐ അന്വേഷണത്തിന് തടയിടാൻ ശ്രമിച്ച സർക്കാർ പെരിയ ഇരട്ടക്കൊലക്കേസ് സി.ബി.ഐക്ക് വിട്ടതിനെതിരെ സമർപ്പിച്ച അപ്പീൽ അടിയന്തരമായി പരിഗണിക്കണമെന്ന് സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടിരുന്നു.
ഇത്തരം കേസുകളിൽ അസാധാരണ നടപടിയാണിത്. അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്നായിരുന്നു കേരളത്തിന്റെ നിലപാട്.
സി.ബി.ഐയ്ക്ക് കേസ് കൈമാറിയത് കൊണ്ട് പൊലീസിന്റെ ആത്മവീര്യം ഇല്ലാതാവുന്നില്ലെന്ന് നിരീക്ഷിച്ച സുപ്രംകോടതി സംസ്ഥാന സർക്കാരിന്റെ ഹർജി നിലനിൽക്കുന്നതല്ലെന്ന് ഉത്തരവിട്ടു. ഇതിനു ശേഷമാണ് രേഖകൾ പൂർണമായി സിബിഐയ്ക്ക് കൈമാറിയത്.
കിണറ്റിൽ നിന്ന് ആദ്യ അന്വേഷണത്തിൽ കണ്ടെടുത്ത ആയുധങ്ങൾ വ്യാജമായിരുന്നുവെന്ന് ഫോറൻസിക് പരിശോധനയിൽ തെളിഞ്ഞതും കേസിൽ വഴിത്തിരിവായി.
ശരത്തിന്റെ ശരീരത്തിൽ 18 വെട്ടുണ്ട്. കൃപേഷിന്റെ തലച്ചോർ വെട്ടികീറുകയായിരുന്നു. വെറുമൊരു ഓട്ട പൈപ്പ് കൊണ്ട് ഈ മുറിവുകൾ ഉണ്ടാക്കാൻ കഴിയില്ലെന്ന് സി.ബി.ഐ വിലയിരുത്തി.
അതിനിടയിലാണ് സി.പി.എം നേതാവ് വി.പി.പി. മുസ്‌തഫയുടെ കൊലവിളി പ്രസംഗത്തിന്റെ വീഡിയോ പുറത്തുവന്നത്.
കല്യോട്ട് സി.പി.എം സംഘടിപ്പിച്ച സമ്മേളനത്തിലാണ്, 'പാർട്ടി പരമാവധി ക്ഷമിക്കുകയാണെന്നും, ഇനിയും ചവിട്ടിയാൽ പെറുക്കിയെടുത്ത് ചിതയിൽ വയ്‌ക്കാൻ പോലും കോൺഗ്രസ് നേതാക്കൾ ബാക്കിയുണ്ടാവില്ലെ'ന്നുമുള്ള ഭീഷണിപ്രസംഗം.
പ്രതി എ.പീതാംബരന് നേരത്തേ പ്രാദേശിക തർക്കത്തിനിടെ മർദ്ദനമേറ്റതിൽ പ്രതിഷേധിച്ചായിരുന്നു കല്യോട്ടെ സമ്മേളനം. കൊലവിളി പ്രസംഗം വിവാദമായതോടെ, തന്റെ പ്രസംഗം മാദ്ധ്യമങ്ങൾ വളച്ചൊടിച്ചതാണെന്ന വിശദീകരണവുമായി വി.പി.പി മുസ്‌തഫ രംഗത്തെത്തി.
പീതാംബരനെയും സുരേന്ദ്രനെയും അക്രമിച്ചതുവരെ ക്ഷമിക്കുകയാണ് എന്നാണ് ഉദ്ദേശിച്ചതെന്നാണ് മുസ്‌തഫയുടെ വാദം. മുസ്തഫ പിന്നീട് മന്ത്രി എം.ബി രാജേഷിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു.