/sathyam/media/media_files/2024/12/30/n1TdYvbleWiVfJlG7LfO.jpg)
തിരുവനന്തപുരം: രാജ്യവ്യാപകമായി സംഘടനാ തിരഞ്ഞെടുപ്പിലേക്ക് ബി.ജെ.പി. ഇതിന്റെ ഭാഗമായി കേരളത്തിലും തിരഞ്ഞെടുപ്പ് നടക്കും.
സംഘടനാ തിരഞ്ഞെടുപ്പുകൾക്കുള്ള വ്യവസ്ഥകളിൽ ഇളവ് വരുത്തിയതോടെ ഒരു തവണ കൂടി മത്സരിക്കാൻ നിലവിലെ അദ്ധ്യക്ഷൻ കെ.സുരേന്ദ്രന് വേദിയൊരുങ്ങിയത് പാർട്ടിക്കുള്ളിലെ മറ്റ് പക്ഷങ്ങൾക്കിടയിൽ അസ്വസ്ഥത സൃഷ്ടിച്ചിട്ടുണ്ട്.
കെ. സുരേന്ദ്രൻ പ്രസിഡന്റായതിന് ശേഷം സംസ്ഥാനത്ത് പാർട്ടിക്ക് വൻ കുതിപ്പുണ്ടായെന്നും പാർലമെന്റിലേക്ക് ഒരാളെ സംസ്ഥാനത്ത് നിന്നും വിജയിപ്പിക്കാനായെന്നും സുരേന്ദ്രപക്ഷ നേതാക്കൾ വ്യക്തമാക്കുന്നു.
പാലക്കാട്, ആറ്റിങ്ങൽ, ആലപ്പുഴ, തിരുവനന്തപുരം മണ്ഡലങ്ങളിൽ വൻ നേട്ടമുണ്ടാക്കാനും 11 നിയമസഭാ മണ്ഡലങ്ങളിൽ ഒന്നാം സ്ഥാനത്തെത്താനും കഴിഞ്ഞു.
15 -ലേറെ നിയമസഭാ മണ്ഡലങ്ങളിൽ രണ്ടാം സ്ഥാനത്തെത്തി. ഇത് ബി.ജെ.പി.ക്ക് ആത്മവിശ്വാസം നൽകി.
പാർട്ടിക്കുള്ളിൽ ഗ്രൂപ്പ് വഴക്കുകൾ ഒഴിവാക്കാനും ആർ.എസ്.എസുമായി യോജിച്ച് പാർട്ടിയെ മുന്നോട്ട് കൊണ്ടുപോകാനും സുരേന്ദ്രന് കഴിഞ്ഞുവെന്നും നേതാക്കൾ പറയുന്നു.
എന്നാൽ സുരേന്ദ്രന് ഒന്നുകൂടി മത്സരിക്കാനുള്ള അവസരമൊരുക്കിയ നടപടിയെ ചോദ്യം ചെയ്ത് പി.കെ കൃഷ്ണദാസ്, എം.ടി രമേശ് എന്നീ നേതാക്കൾ കഴിഞ്ഞ ദിവസം കൂടിയ ഓൺലൈൻ യോഗത്തിൽ നിന്നും ഇറങ്ങിപ്പോയിരുന്നു.
സംസ്ഥാന അദ്ധ്യക്ഷനാകാൻ കച്ച മുറുക്കിയിട്ടുള്ള നേതാവായ എം.ടി രമേശിന് ഇത് കനത്ത തിരിച്ചടിയായി. ഇവർക്ക് പുറമേ സംസ്ഥാന അദ്ധ്യക്ഷയാകാൻ ശോഭാ സുരേന്ദ്രൻ ചരട് വലിക്കുന്നുണ്ടെങ്കിലും അതും എങ്ങുമെത്താനിടയില്ല.
സംസഘടനാ തിരഞ്ഞെടുപ്പിന് ശേഷം പാർട്ടിയില്‍ സംസ്ഥാനത്ത് 30 ജില്ലാ പ്രസിഡന്റുമാരുണ്ടാവും. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ തദ്ദേശഭരണ തിരഞ്ഞെടുപ്പ് മുതൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് മാറ്റം.
തിരുവനന്തപുരം, തൃശ്ശൂർ, എറണാകുളം, മലപ്പുറം, കോഴിക്കോട് എന്നിവിടങ്ങളിൽ മൂന്ന് ജില്ലാ പ്രസിഡന്‍റുമാർ വരും.
കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, കണ്ണൂർ എന്നിവിടങ്ങളിൽ രണ്ട് വീതം ജില്ലാ അദ്ധ്യക്ഷന്മാരും ഉണ്ടാവും. പത്തനംതിട്ട, വയനാട്, കാസർകോട് ജില്ലകൾ വിഭജിച്ചിട്ടില്ല.