കേരളത്തെ മിനി പാക്കിസ്ഥാനെന്ന് വിളിച്ച മഹാരാഷ്ട്ര മന്ത്രി തുടരരുതെന്ന് മുഖ്യമന്ത്രി പിണറായി. രാഹുലിനും പ്രിയങ്കയ്ക്കും വോട്ട് ചെയ്തവരെല്ലാം ഭീകരരെന്ന് മഹാരാഷ്ട്ര മന്ത്രി. മുൻപ് വിജയരാഘവൻ പറഞ്ഞത് രാഹുലും പ്രിയങ്കയും പാർലമെന്റിലെത്തിയത് മുസ്‌ലിം വർഗീയചേരിയുടെ പിന്തുണ നേടിയെന്ന്. പാർട്ടി നയമെന്ന് പറഞ്ഞ സി.പി.എം നേതാക്കൾക്ക് ഇപ്പോൾ മൗനം. വിജയരാഘവന്റെയും റാണെയുടെയും ശബ്ദം ഒരുപോലെ

റാണയുടെ പ്രസ്താവന അത്യന്തം പ്രകോപനപരവും അപലപനീയവുമാണെന്നും സംഘപരിവാറിന് കേരളത്തോടുള്ള അടിസ്ഥാന സമീപനമാണ് മഹാരാഷ്ട്ര മന്ത്രിയുടെ വാക്കുകളിൽ വെളിവാക്കപ്പെടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
a vijayaraghavan pinarai vijayan nitish rane
Listen to this article
0.75x1x1.5x
00:00/ 00:00

തിരുവനന്തപുരം: കേരളത്തെ മിനി പാക്കിസ്ഥാനെന്ന് മഹാരാഷ്ട്രയിലെ ബിജെപി മന്ത്രി നിതീഷ് റാണെ അധിക്ഷേപിച്ചതിൽ അതിശക്തമായ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ.

Advertisment

റാണയുടെ പ്രസ്താവന അത്യന്തം പ്രകോപനപരവും അപലപനീയവുമാണെന്നും സംഘപരിവാറിന് കേരളത്തോടുള്ള അടിസ്ഥാന സമീപനമാണ് മഹാരാഷ്ട്ര മന്ത്രിയുടെ വാക്കുകളിൽ വെളിവാക്കപ്പെടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

തങ്ങൾക്ക് സ്വാധീനമുറപ്പിക്കാൻ പ്രയാസമുള്ള ഭൂപ്രദേശത്തെ അപരവൽക്കരിച്ചും വിദ്വേഷ പ്രചാരണങ്ങൾ നടത്തിയും ഒറ്റപ്പെടുത്തിക്കളയാമെന്നാണ് സംഘപരിവാർ കരുതുന്നത്. അതിനെ പിൻപറ്റിയാണ് ഇത്തരം പ്രസ്താവനകൾ വരുന്നത്.


വിദ്വേഷ പ്രസ്താവന നടത്തിയ മന്ത്രി ആ സ്ഥാനത്തു തുടരാൻ അർഹനല്ല. രാജ്യത്തിന്റെ ഭരണഘടനയെ അവഹേളിക്കുംവിധം ഗുരുതരമായ സത്യപ്രതിജ്ഞാലംഘനം നടത്തിയ മന്ത്രിയുടെ നടപടിയോട് രാജ്യം ഭരിക്കുന്ന പാർടിയുടെ നേതൃത്വം പ്രതികരിക്കാത്തത് ആശ്ചര്യകരമാണ് - മുഖ്യമന്ത്രി പറഞ്ഞു.


പൂനെയിലായിരുന്നു മന്ത്രി നിതീഷ് റാണെയുടെ വിവാദ പരാമർശം. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും പാർലമെന്റിലേക്ക് കേരളത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത് കേരളം മിനി പാകിസ്ഥാനായതിനാലാണെന്നായിരുന്നു വിമർശനം.

nitish rane

കേരളം ഒരു മിനി പാക്കിസ്ഥാനാണ്. അതുകൊണ്ടാണ് രാഹുൽ ഗാന്ധിയും സഹോദരി പ്രിയങ്കയും അവിടെനിന്നു ജയിച്ചത്. അവർക്ക് വോട്ട് ചെയ്തവരെല്ലാം ഭീകരരാണ്. ഞാൻ സത്യമാണു പറയുന്നത്. ഭീകരരുടെ പിന്തുണയോടെ മാത്രമാണ് ഇവരെല്ലാം എംപിമാരാകുന്നത്.


പ്രസംഗത്തിൽ കേരളത്തിൽനിന്നുള്ള ഹൈന്ദവ പ്രവർത്തകരെ അദ്ദേഹം പ്രശംസിച്ചു. ‘‘കേരളത്തിലെ നമ്മുടെ സുഹൃത്തുക്കൾ അഭിനന്ദനം അർഹിക്കുന്നു. 12,000 ഹിന്ദു പെൺകുട്ടികളെയാണ് അവർ രക്ഷിച്ചത്. ഒരു സഹോദരിയെ രക്ഷിക്കണമെങ്കിൽപ്പോലും എത്രത്തോളം ശ്രമകരമാണെന്നതു ഞങ്ങളെപ്പോലുള്ള ഹൈന്ദവ പ്രവർത്തകരോടു ചോദിക്കണം. എന്നിട്ടും കേരളത്തിൽനിന്നുള്ള സംഘം ഇതു നേടി.


മറ്റു മതങ്ങളുടെ ഘോഷയാത്രയ്ക്ക് അനുമതി നൽകുന്നതുപോലെ ഹൈന്ദവ ആഘോഷങ്ങൾക്കും അനുമതി നൽകണം. ഞങ്ങളുടെ ഘോഷയാത്രകൾക്കു പത്തുമണിവരെ പോകാമെങ്കിൽ അവരുടേതും പോകാം.

ഞങ്ങൾ വെറുതേ സംസാരിക്കുന്നവരല്ല, ചെയ്യുന്നവരാണ്. അനധികൃതമായി ചെയ്യുന്നവരെ ഒരു പാഠം പഠിപ്പിക്കണമെങ്കിൽ ഒരു ഫോൺ കോളിൽ സർക്കാർ എങ്ങനെയാണു പ്രവർത്തിക്കുന്നതെന്നു ഞാൻ കാണിച്ചുതരാം.


ഹിന്ദുത്വപ്രവർത്തകരെ നിങ്ങൾ ഒറ്റയ്ക്കല്ല. സർക്കാർ എന്ന നിലയിൽ ഞങ്ങൾ നിങ്ങൾക്ക് ഒപ്പമുണ്ട്. കാവി–ധരിച്ച മുഖ്യമന്ത്രിയാണ് ഈ സംസ്ഥാനത്തിന് ഉള്ളത്. ഹിന്ദുത്വ പ്രവർത്തകർക്ക് ഒന്നിലും പേടിവേണ്ട. ഹിന്ദുക്കൾക്കെതിരെയോ മതത്തിന് എതിരെയോ ആരെങ്കിലും പ്രവർത്തിച്ചാൽ ഞങ്ങൾ വെറുതേ വിടില്ല’’ – റാണെ പറഞ്ഞു. 


സമാനമായ പ്രസ്താവന സി.പി.എമ്മിന്റെ ഭാഗത്തു നിന്നും നേരത്തേ ഉണ്ടായിരുന്നു. സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവനാണ് വിവാദ പ്രസ്താവന നടത്തിയത്.

a vijayarakhavan

മുസ്‌ലിം വർഗീയചേരിയുടെ പിന്തുണ നേടിയാണു രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വയനാട്ടിൽനിന്നു പാർലമെന്റിലെത്തിയതെന്നായിരുന്നു വിമർശനം.


പ്രിയങ്ക ഗാന്ധിയുടെ റാലിയുടെ മുന്നിലും പിന്നിലുമെല്ലാം ന്യൂനപക്ഷ വർഗീയതയുടെ ഏറ്റവും മോശപ്പെട്ട തീവ്രവാദ ഘടകങ്ങൾ അണിനിരന്നതു കണ്ടതാണെന്നു സിപിഎം വയനാട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് വിജയരാഘവൻ പറഞ്ഞിരുന്നു. 


സിപിഎമ്മിനെയും പിണറായി സർക്കാരിനെയും തകർക്കാൻ യുഡിഎഫിനൊപ്പം ജമാഅത്തെ ഇസ്‌ലാമിയും എസ്ഡിപിഐയും ബിജെപിയും മാധ്യമങ്ങളും ഒന്നിച്ച് അണിനിരക്കുകയാണെന്നും വിജയരാഘവൻ പറഞ്ഞിരുന്നു.

P.K. Sreemathi Teacher

വിജയരാഘവൻ പാർട്ടി നയമാണ് പറഞ്ഞതെന്നും തെറ്റായി ഒന്നും പറഞ്ഞിട്ടില്ലെന്നും കേന്ദ്ര കമ്മിറ്റി അംഗം ശ്രീമതിയും പറഞ്ഞു.


വർഗീയവാദികളും തീവ്രവാദികളും കേരളത്തിലും തലപൊക്കാൻ നോക്കുകയാണ്. അത്തരം പ്രവർത്തനം കേരളത്തിൽ നടത്താൻ അനുവദിക്കില്ല. അത് ഹിന്ദു വർഗീയവാദികളായാലും മുസ്‍ലിം വർഗീയവാദികളായാലും സിപിഎം ശക്തമായ നടപടിയെടുക്കുമെന്നും ശ്രീമതി പറഞ്ഞിരുന്നു.


വർഗീയ സംഘടനകളായ എസ്ഡിപിഐയുടെയും ജമാഅത്തെ ഇസ്‍ലാമിയുടെയും പിന്തുണ വേണ്ട എന്നു പറയാൻ കോൺഗ്രസിനു കഴിയാത്തത് എന്തുകൊണ്ടാണെന്നു മുഖ്യമന്ത്രി പിണറായി വിജയനും നേരത്തേ ചോദിച്ചിരുന്നു.

Advertisment