തിരുവനന്തപുരം: അന്തരിച്ച സാഹിത്യ പ്രതിഭയും സംവിധായകനും തിരക്കഥാകൃത്തുമായ എം.ടി വാസുദേവന്‍ നായര്‍ക്ക് ആദരമര്‍പ്പിക്കുന്നതിനായി സാംസ്‌കാരിക വകുപ്പ് സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.
ടാഗോർ തിയേറ്ററിൽ എം.ടിയുടെ ചിത്രത്തിനു മുന്നിൽ രണ്ടാമൂഴം പുസ്തകത്തിൻ്റെ ഒരു കോപ്പി സമർപ്പിച്ചാണ് മുഖ്യമന്ത്രി വേദിയിൽ പ്രവേശിച്ചത്.
ജാതിമത ചിന്തകൾക്കപ്പുറം സ്വന്തം രചനകളിലൂടെ എം.ടി സാഹിത്യത്തിനും മലയാളികൾക്കും നൽകിയ സെക്യുലർ സംസ്കാരത്തെ മുഖ്യമന്ത്രി വാനോളം പുകഴ്ത്തി.
മതമൗലികവാദികളെ തുഞ്ചൻപറമ്പിൽ നിന്നും അകറ്റിനിർത്തിയതും ഭീഷണികളെ തൃണവൽഗണിച്ച് സാംസ്കാരിക സ്ഥാപനത്തെ എം.ടി. മുന്നിലെത്തിച്ചതും മുഖ്യമന്ത്രി അനുസ്മരിച്ചു.
തിരുവനന്തപുരം ടാഗോര്‍ തിയേറ്ററില്‍ ഇന്നലെ നടന്ന ചടങ്ങില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷനായി. ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ സ്വാഗതം പറഞ്ഞു.
ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍.അനില്‍, എ.എ. റഹീം എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാര്‍, കൗണ്‍സിലര്‍ രാഖി രവികുമാര്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. രാജന്‍ ഖോബ്രഗഡേ, എന്‍.എസ്. മാധവന്‍, ഷാജി എന്‍.കരുണ്‍, കെ. ജയകുമാര്‍, വി. മധുസൂദനന്‍ നായര്‍, പ്രേംകുമാര്‍, എം. ജയചന്ദ്രന്‍, മേനക സുരേഷ്, ജലജ, മധുപാല്‍, വേണു ഐ.എസ്.സി, മുരുകന്‍ കാട്ടാക്കട, അശോകന്‍ ചരുവില്‍, ജോസ് പനച്ചിപ്പുറം, ആര്‍.എസ്. ബാബു, വി.എസ്. രാജേഷ് തുടങ്ങിയവര്‍ എം.ടിയെ അനുസ്മരിച്ചു. സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ നന്ദി പറഞ്ഞു.
എം.ടിയുടെ സിനിമകളിലെ ഗാനങ്ങള്‍ കോര്‍ത്തിണക്കി പിന്നണി ഗായകന്‍ രവിശങ്കര്‍ നയിക്കുന്ന സംഗീതാര്‍ച്ചന, എം.ടിയുടെ സാഹിത്യകൃതികള്‍, തിരക്കഥകള്‍ എന്നിവ ഉള്‍പ്പെടുന്ന പുസ്തകപ്രദര്‍ശനം, എം.ടിയുടെ ചലച്ചിത്ര ജീവിതത്തിലെ അനര്‍ഘനിമിഷങ്ങള്‍ ഒപ്പിയെടുത്ത ഫോട്ടോപ്രദര്‍ശനം, എന്നിവയും ഇതിന്റെ ഭാഗമായി ഉണ്ടായിരുന്നു
എം.ടി.യുടെ ചിത്രത്തിനു മുന്നിൽ ആദരാഞ്ജലിയായി നിരവധി പേർ പുസ്തകങ്ങൾ സമർപ്പിച്ചു. പുസ്തകാദരവായി ലഭിച്ച പുസ്തകങ്ങൾ ലൈബ്രറികൾക്ക് കൈമാറുമെന്ന് സാംസ്കാരിക വകുപ്പ് അറിയിച്ചു.
1973ലെ ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയ 'നിര്‍മ്മാല്യ'ത്തിന്റെ പ്രദര്‍ശനവും നടന്നു.