തിരുവനന്തപുരം: അടുത്ത മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി സതീശൻ എത്താതിരിക്കാൻ എൻ.എസ്.എസുമായി അടുപ്പമുണ്ടാക്കിയ രമേശ് ചെന്നിത്തലയുടെ തന്ത്രം പാളുന്നു.
രമേശ് എൻ.എസ്.എസിന്റെ പുത്രനാണെന്ന ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരുടെ പ്രസംഗം നിയമസഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടിക്കുമെന്ന ആശങ്കയിലാണ് കോൺഗ്രസും യുഡിഎഫും.
ന്യൂനപക്ഷങ്ങൾക്കെതിരായ നിലപാടെടുത്ത് ഭൂരിപക്ഷ സമുദായങ്ങളുടെ വോട്ട് ബാങ്ക് ഒന്നാകെ എൽ.ഡി.എഫ് ലക്ഷ്യമിട്ടിരിക്കെ, ചെന്നിത്തല എൻ.എസ്.എസിന്റെ പുത്രനാണെന്ന പ്രസംഗം പിന്നാക്ക വോട്ട് ബാങ്ക് ഇടതിലേക്ക് ഏകീകരിക്കാൻ ഇടയാക്കുമെന്നാണ് കോൺഗ്രസിന്റെ ആശങ്ക.
ക്ഷേത്രങ്ങളിൽ ഷർട്ട് അഴിച്ച് പ്രവേശനം നൽകണമെന്ന പുരോഗമനപരമായ നിലപാടെടുത്ത ശിവഗിരി മഠം ജനറൽ സെക്രട്ടറി സ്വാമി സച്ചിദാനന്ദയെ എൻ.എസ്.എസ് പരസ്യമായി വിമർശിക്കുകയും ഹിന്ദുക്കളുടെ കുത്തക ശിവഗിരി മഠത്തിനല്ല എന്ന അർത്ഥത്തിൽ സംസാരിക്കുകയും ചെയ്തതും ഷർട്ടഴിപ്പിക്കാതെ പ്രവേശിപ്പിക്കണമെന്ന സ്വാമിയുടെ അഭിപ്രായത്തെ പിന്തുണച്ചതിന് മുഖ്യമന്ത്രി പിണറായി വിജയനെ എൻ.എസ്.എസ് പരസ്യമായി വിമർശിച്ചതും ഈഴവ, പിന്നാക്ക സമുദായങ്ങളുടെ വോട്ടുകൾ ഏകീകരിക്കാനേ വഴിവയ്ക്കൂ.
ഫലത്തിൽ സതീശനെ വെട്ടാൻ ചെന്നിത്തല നടത്തിയ രാഷ്ട്രീയക്കളി യു.ഡി.എഫിന് ഒന്നാകെ തിരിച്ചയിയായേക്കാവുന്ന സാഹചര്യമാണിപ്പോൾ.
കേരളത്തിലെ ഏറ്റവും അംഗസംഖ്യയുള്ള സമുദായമാണ് ഈഴവരുടേത്. പതിറ്റാണ്ട് മുൻപുള്ള കണക്ക് പ്രകാരം കേരള ജനസംഖ്യയുടെ 23% ഈഴവരാണ്. ഇപ്പോഴിത് 30 ശതമാനത്തോളം എത്തിയിട്ടുണ്ടാവും.
സമകാലീന കേരള രാഷ്ട്രീയത്തിൽ നിർണ്ണായക സ്വാധീനം ചെലുത്താൻ കഴിവുള്ള വിഭാഗമാണ് ഈഴവരാണ്.
കേരളത്തിലെ ജനസംഖ്യയിൽ 45 ശതമാനം മുസ്ളിം, ക്രിസ്ത്യൻ വിഭാഗങ്ങളാണ്. 10 ശതമാനം എസ്.സി, എസ്.ടി. ബാക്കി 45 ശതമാനം ഹിന്ദുക്കൾ ഏതൊക്കെ സമുദായത്തിലും ഉപവിഭാഗങ്ങളിലും വരുന്നു എന്നതിന് കൃത്യമായ കണക്ക് സർക്കാരിനില്ല.
പിന്നാക്ക വിഭാഗങ്ങളുടെ ഭൂരിപക്ഷം വോട്ടുകളും വീഴുന്നത് ഇടതു പെട്ടിയിലാണ്. സി.പി.എമ്മിലെ ബഹുഭൂരിപക്ഷം അംഗങ്ങളും ഈഴവരാണ്. പരമ്പരാഗതമായി സി.പി.എമ്മിനു വോട്ടുചെയ്യുന്നവരാണ് ഈഴവർ.
അടിസ്ഥാന വോട്ട് ബാങ്കായ ഈഴവ സമുദായത്തെ പാർട്ടിയിലേക്ക് അടുപ്പിക്കാൻ സി.പി.എം കഠിന ശ്രമങ്ങൾ നടത്തുന്നതിനിടെയാണ് എൻ.എസ്.എസുമായി ബന്ധപ്പെട്ട വിവാദങ്ങൾ തലപൊക്കിയത്.
ലോക്സഭാ തെരഞ്ഞെടുപ്പ് തോൽവിയുടെ ആക്കം കൂട്ടിയത് എല്ലാക്കാലത്തും ഒപ്പം നിന്ന ഈഴവ വോട്ടുകൾ കൈവിട്ടു പോയതാണെന്ന തിരിച്ചറിവ് സി.പി.എമ്മിന് ഉണ്ടായിരുന്നു.
ബൂത്ത് തലത്തിൽ വരെയുള്ള കണക്ക് പരിശോധിച്ച സംസ്ഥാന കമ്മിറ്റിയാണ് ഈഴവ വോട്ടുകൾ കൂട്ടത്തോടെ നഷ്ടപ്പെട്ടെന്ന് വിലയിരുത്തിയത്.
എസ്.എൻ.ഡി.പിയിൽനിന്ന് ബി.ജെ.പിയിലേക്ക് പോയ വോട്ട് തിരികെ കൊണ്ടുവരാൻ വേണ്ടി രാഷ്ട്രീയ ഇടപെടൽ നടത്താനാണ് സി.പി.എം നേതൃത്വം തീരുമാനിച്ചിരുന്നത്. ഇതിന്റെ ഭാഗമായാണ് മുസ്ലീം വിരുദ്ധ പരാമർശങ്ങൾ നേതാക്കൾ നടത്തിയത്.
സി.പി.എമ്മിന്റെ ശൈലി മാറ്റിയാൽ ഈഴവ വോട്ടുകൾ ഇടതുപക്ഷത്ത് തിരിച്ചെത്തിക്കാൻ കഴിയുമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കിയിരുന്നു.
ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് രമേശ് ചെന്നിത്തലയ്ക്ക് മന്ത്രിസഭയിൽ താക്കോൽ സ്ഥാനം ലഭിക്കാനുള്ള എൻ.എസ്.എസിന്റെ ഇടപെടലുകൾ വൻ വിവാദമായിരുന്നു.
ഉമ്മൻചാണ്ടി മന്ത്രിസഭയിൽ ചെന്നിത്തലയ്ക്ക് താക്കോൽ സ്ഥനം നൽകണമെന്നായിരുന്നു എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരുടെ ആവശ്യം. ഇതിനു പിന്നാലെ ചെന്നിത്തല ആഭ്യന്തര മന്ത്രിയായി.
എന്നാൽ താൻ ഒരു സമുദായത്തിന്റെ ബ്രാൻഡാവാൻ ആഗ്രഹിക്കുന്നില്ലെന്ന് തുറന്നടിച്ചതോടെ എൻ.എസ്.എസും ചെന്നിത്തലയുമായി ഉരസിലിലായിരുന്നു. അതിന് ശേഷം ഇപ്പോഴാണ് എൻ.എസ്.എസ് ക്ഷണിച്ചത്.
തനിക്ക് ലഭിച്ച ക്ഷണം വലിയൊരു സൗഭാഗ്യമായി കരുതുന്നുവെന്നാണ് ഇന്നലെ ചെന്നിത്തല പറഞ്ഞത്. ചെന്നിത്തലയെ ജി.സുകുമാരൻ നായർ വിശേഷിപ്പിച്ചത് എൻ.എസ്.എസിന്റെ പുത്രനായാണ്.
സുകുമാരൻ നായരുടെ വാക്കുകൾ ഇങ്ങനെയായിരുന്നു - ''ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യാൻ ഏറ്റവും അർഹനാണ് രമേശ് ചെന്നിത്തല. രമേശിനെ ക്ഷണിച്ചത് കോൺഗ്രസ് മുദ്രയിലല്ല. അദ്ദേഹത്തിന്റെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചുള്ള നേട്ടത്തിനുമല്ല. അങ്ങനയൊരു തെറ്റിദ്ധാരണയുണ്ടെങ്കിൽ തിരുത്തണം".
"കളിച്ചു നടന്ന കാലം മുതൽ ഈ മണ്ണിന്റെ സന്തതിയും എൻ.എസ്.എസിന്റെ പുത്രനുമാണ് അദ്ദേഹം. രാഷ്ട്രീയം നോക്കുന്നില്ല, അദ്ദേഹത്തിന്റെ ജൻമം കൊണ്ടാണ് ചടങ്ങിന്റെ ഉദ്ഘാടനായത്".
"ഒരു കുടുംബത്തിൽ നാലുമക്കളുണ്ടെങ്കിൽ നാലു പേർക്കും പ്രത്യേകം രാഷ്ട്രീയത്തിൽ പ്രവർത്തിക്കാൻ സ്വാതന്ത്ര്യം സംഘടന കൊടുത്തിട്ടുണ്ട്. പക്ഷേ, അത് കുടുംബത്തെ ബാധിക്കാൻ പാടില്ല".
"മറ്റൊരു പുത്രൻ ഇടതുപക്ഷത്തിന്റെ ഭാഗമായ മന്ത്രി ഗണേഷ്കുമാറിന്റെ രാഷ്ട്രീയത്തിൽ ജാതിയുടെ പേര് പറഞ്ഞ് ആരും ഇടപെടുന്നില്ല. കുടുംബം മറക്കാത്തവരായാതിനാലാണ് രമേശിനെയും ഗണേഷിനെയും ആ രീതിയിൽ എൻ.എസ്.എസ് ഉൾക്കൊള്ളുന്നത്''