തിരുവനന്തപുരം: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇരകളായിപ്പോയവർക്കുള്ള പുനരധിവാസ പദ്ധതിയിലേക്ക് 100 വീടുകൾ വീതം സ്പോൺസർ ചെയ്ത 38 പേരുണ്ട്.
ഈയിനത്തിൽ 3800 വീടുകൾ സർക്കാരിന് ഉറപ്പായിക്കഴിഞ്ഞു. 75, 50, 25, 10, 5 എന്നിങ്ങനെ വീടുകൾ സ്പോൺസർ ചെയ്ത നിരവധി പേരുണ്ട്.
സിമന്റ്, കമ്പി അടക്കം നിർമ്മാണ സാമഗ്രികളും വീട്ടുപകരണങ്ങളടങ്ങിയ കിറ്റുകളും വാഗ്ദാനം ചെയ്തവരുമുണ്ട്.
അതിതീവ്ര ദുരന്തമായി കേന്ദ്രം പ്രഖ്യാപിച്ചതോടെ, വയനാട്ടിൽ ഇനിയെങ്കിലും വേഗത്തിൽ പുനരധിവാസം നടത്തണമെന്നാണ് ആവശ്യം.
എത്രത്തോളം വീടുകൾ വേണ്ടിവരുമെന്നും ചെലവ് എത്രയാവുമെന്നും ഇതുവരെ സർക്കാർ കണക്കുകൂട്ടിയിട്ടില്ല.
അതേസമയം, പുനരധിവാസ പദ്ധതിയിലെ വീടുകൾ നിർമ്മിക്കുന്നതിന്റെ ചെലവിനെച്ചൊല്ലി ആശങ്കകളുണ്ട്.
ഊരാളുങ്കൽ സൊസൈറ്റിക്കാണ് നിർമ്മാണ ചുമതല. വീടൊന്നിന് 30 ലക്ഷം രൂപയാണ് കണക്കാക്കിയിരുന്നത്. എന്നാൽ ഇത് കൂടുതലാണെന്ന് സ്പോൺസർമാർ നിലപാടെടുത്തതോടെ തുക കുറയ്ക്കാമെന്ന് സർക്കാർ ഉറപ്പു നൽകിയിട്ടുണ്ട്.
വയനാട് ദുരന്തബാധിതരുടെ പുരനധിവാസത്തിന് രണ്ട് ടൗൺഷിപ്പുകളിലായി സ്പോൺസർമാർ വഴി നിർമ്മിക്കുന്ന വീടുകളുടെ നിർമ്മാണചെലവ് 30 ലക്ഷം രൂപയെന്നതിൽ കുറവ് വരുമെന്ന് സർക്കാർ വ്യക്തമാക്കി.
നിർമ്മിക്കേണ്ടി വരുന്ന വീടുകളുടെ അന്തിമ പട്ടിക തയ്യാറാക്കിയ ശേഷമാവും കൃത്യമായ ചെലവ് നിശ്ചയിക്കുക.
30 ലക്ഷം കൂടുതലാണെന്ന് പ്രതിപക്ഷവും ഡി.വൈ.എഫ്.ഐ അടക്കമുള്ള സംഘടകളും ചില സ്പോൺസർമാരും അറിയിച്ചു. ഇതോടെയാണ് തുകയിൽ വ്യത്യാസം വരുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത്.
പുനരധിവാസത്തിനുള്ള ഗുണഭോക്താക്കളുടെ ആദ്യഘട്ടത്തിന്റെ കരട് പ്രസിദ്ധീകരിച്ചു. ഇതിന്മേൽ പരാതികളും ലഭിച്ചു തുടങ്ങി. പരാതികളുടെ പരിശോധന പൂർത്തിയാക്കി ജനുവരി 15 ന് ആദ്യ പട്ടിക പ്രസിദ്ധീകരിക്കും.
രണ്ടാം ഘട്ടത്തിന്റെ കരട് ഇന്ന് പ്രസിദ്ധീകരിക്കും. ഇതിലും പരിശോധനകൾ നടത്തി ഫെബ്രുവരി 10 ന് രണ്ടാം പട്ടികയും പ്രസിദ്ധീകരിക്കും.
രണ്ട് പട്ടികയിലുള്ള വീടുകളുടെയും നിർമ്മാണം ഒരുമിച്ചാവും തുടങ്ങുക. ടൗൺഷിപ്പിൽ വീട് വേണ്ടാത്തവർക്ക് 15 ലക്ഷം വീതം സാമ്പത്തിക സഹായം നൽകാൻ സർക്കാർ നേരത്തെ തീരുമാനിച്ചിട്ടുണ്ട്.
നിർമ്മിക്കേണ്ട വീടുകളുടെ പ്രാഥമിക മാതൃക സംസ്ഥാന സർക്കാർ തയ്യാറാക്കി കേന്ദ്ര പൊതുമരാമത്ത് വകുപ്പ് നിരക്കുകളുടെ അടിസ്ഥാനത്തിൽ നിർമ്മാണ സാമഗ്രികളുടെ വിലയുടെയും കടത്തുകൂലിയുടെയും ഉൾപ്പെടെയുള്ള ചെലവുകൾ നോക്കിയാണ് ഒരു വീടിന് 30 ലക്ഷം എന്ന കണക്ക് യോഗത്തിൽ വന്നത്.
എന്നാൽ ഈ ഡിസൈൻ അന്തിമമായി തീരുമാനിച്ചിട്ടില്ല. ഡിസൈൻ മാറിയേക്കാം. തൂണുകളിൽ നിർമ്മിക്കുന്നതും അല്ലാത്തതുമായ വീടുകളുടെ ഡിസൈൻ തയ്യാറാക്കിയിരുന്നു.
മാത്രവുമല്ല ഇ.പി.സി (എൻജിനിയറിംഗ്, പ്രൊക്യുർമെന്റ്, ആൻഡ് കൺസ്ട്രക്ഷൻ) പ്രകാരം ഒരുമിച്ച് വീടുകൾ നിർമ്മിക്കുമ്പോൾ സാധനങ്ങളുടെ വിലയിലും കടത്തുകൂലിയിലും നല്ല വ്യത്യാസം വരും. സ്വാഭാവികമായും നിർമ്മാണ ചെലവ് ഗണ്യമായി കുറയും.
ഒരു വീടിന് 20 ലക്ഷം വരെ എന്ന നിലപാടാണ് പ്രതിപക്ഷവും സ്പോൺസർമാരിൽ ചിലരും സർക്കാരിനെ അറിയിച്ചത്.
100ല്‍ താഴെ വീടുകൾ സ്പോൺസർ ചെയ്തവരുടെ യോഗം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്നു.
സ്പോൺസർഷിപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉൾക്കൊള്ളിച്ച് വെബ്പോർട്ടൽ തയ്യാറാക്കും. നിലവിലുള്ള സ്പോൺസർമാരുടെ വിവരങ്ങളും ഭാവി സ്പോൺസർമാർക്കുള്ള ഓപ്ഷനുകളും അതിൽ ലഭ്യമാക്കും.
ഓരോ സ്പോൺസർക്കും സവിശേഷമായ സ്പോൺസർ ഐഡി നൽകും. ഓൺലൈൻ പെയ്മെൻറ് ഓപ്ഷനും ഉണ്ടാകും.
സ്പോൺസർമാർക്ക് സർട്ടിഫിക്കറ്റും മറ്റ് അംഗീകാരങ്ങളും നൽകും. സ്പോൺസർഷിപ്പ് മാനേജ്മെൻറിനായി പ്രത്യേക യൂണിറ്റ് ഉണ്ടാകും. ഇതിനുവേണ്ടി ഒരു സ്പെഷ്യല്‍ ഓഫീസറെ നിയമിക്കും.
ജില്ലാ ദുരന്തനിവാരണ അതോറിറ്റി പിഐയുന്‍റെ പ്രവർത്തനം അവലോകനം ചെയ്യും. മുഖ്യമന്ത്രിതലത്തിലും സെക്രട്ടറിതലത്തിലും ഉള്ള അവലോകനവും ഉണ്ടാകും.
വീട് നിർമാണവുമായി ബന്ധപ്പെട്ട ചെലവുകൾ വിലയിരുത്തി പരമാവധി സഹായം നൽകുമെന്ന് സ്പോൺസർമാർ അറിയിച്ചു.
ഒരുമിച്ച് ഒറ്റക്കെട്ടായി നീങ്ങി പുനരധിവാസം പൂർത്തിയാക്കുമെന്നും അതിനുള്ള പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
വയനാട്ടിലെ ഉരുൾദുരന്ത ബാധിതരുടെ പുനരധിവാസം അതിവേഗത്തിൽ നടപ്പാക്കാനും മൂന്നാഴ്ചയ്ക്കകം ഇതിനുള്ള സമയക്രമം നിശ്ചയിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു.
കൽപ്പറ്റ മുനിസിപ്പാലിറ്റിയിലെ എൽസ്റ്റോൺ എസ്റ്റേറ്റിലെ ടൗൺഷിപ്പിൽ 5 സെന്റ് വീതവും മേപ്പാടി പഞ്ചായത്തിലെ നെടുമ്പാല എസ്റ്റേറ്റ് ടൗൺഷിപ്പിൽ 10 സെന്റ് വീതവും ഭൂമിയാണ് നൽകുക.
എൽസ്റ്റോൺ എസ്റ്റേറ്റിൽ 58.50ഹെക്ടറും നെടുമ്പാല എസ്റ്റേറ്റിൽ 48.96ഹെക്ടറും ഏറ്റെടുക്കും. ആവശ്യമായ വീടുകൾക്ക് ഇത്രയും സ്ഥലം മതിയാവില്ല. ഏറ്റെടുക്കുന്നത് കഴിഞ്ഞുള്ള ഭൂമിയിൽ പ്ലാന്റേഷൻ അനുവദിക്കും.
ടൗൺഷിപ്പുകളിൽ വിനോദസൗകര്യങ്ങൾ, മാർക്കറ്റ്, ആരോഗ്യകേന്ദ്രം, വിദ്യാലയം, അങ്കണവാടി, കളിസ്ഥലം, വൈദ്യുതി-കുടിവെള്ള-ശുചിത്വ സംവിധാനങ്ങൾ എന്നിവയുണ്ടാവും.
ടൗൺഷിപ്പുകളിലെ ഭൂമിയുടെ ഉടമസ്ഥാവകാശം ദുരിതബാധിതർക്കാണെങ്കിലും ഉടനടി കൈമാറ്റം ചെയ്യാനാവില്ല.