തിരുവനന്തപുരം: സി.പി.എമ്മുമായി തെറ്റിപ്പിരിഞ്ഞ് കേരള രാഷ്ട്രീയത്തിൽ ഒരു മുന്നണിയിലും ഇടംലഭിക്കാതെ നിലയുറപ്പിച്ച പി.വി അൻവറിന്റെ അറസ്റ്റിനെ രാഷ്ട്രീയമായി മുതലെടുക്കാൻ അദ്ദേഹം രൂപീകരിച്ച രാഷ്ട്രീയ കൂട്ടായ്മയായ ഡി.എം.കെ (ഡെമോക്രാറ്റിക്ക് മൂവ്‌മെന്റ് ഓഫ് കേരള) നീക്കം തുടങ്ങി.
നിയമസഭാ സാമാജികനായ അൻവറിന്റെ അറസ്റ്റിനെ രാഷ്ട്രീയമായും സാമുദായികമായും എതിർത്ത് സംസ്ഥാനത്തെ പ്രതിപക്ഷമുന്നണിയുടെ ഭാഗമമാകാനുള്ള നീക്കമാണ് ഇതിലൂടെ അവർ സജീവമാക്കുന്നത്.
വനനിയമഭേദഗതിക്കെതിരെ ക്രൈസ്തവ സഭകളുടെ പിന്തുണ കൂടി തേടി അദ്ദേഹം നടത്താനൊരുങ്ങുന്ന യാത്രയ്ക്ക് മുമ്പ് എം.എൽ.എ കൂടിയായ അൻവറിനെ വീട്ടിൽ കയറി പൊലീസ് അറസ്റ്റ് ചെയ്തത് ഇതോടെ രാഷ്ട്രീയ കേരളത്തിൽ ചർച്ചയാവും.
അൻവറിന്റെ അറസ്റ്റ് അസ്ഥാനത്താണുണ്ടായതെന്നും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയുടെ തിടുക്കത്തിലുളള പൊലീസ് നടപടി അബദ്ധമായെന്നും സി.പി.എമ്മിൽ നിന്നും വാദമുയരുന്നുണ്ട്. അറസ്റ്റ് വിഷയത്തിൽ ചില മുതിർന്ന നേതാക്കൾ കടുത്ത അതൃപ്തി പ്രകടിപ്പിച്ചുവെന്നും സൂചനയുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയനെതിരായ പോർമുഖമാക്കി അറസ്റ്റിനെ ഉപയോഗിക്കാനാണ് പി.വി അൻവറിന്റെയും അണികളുടെയും നീക്കം. ഇതിന്റെ ഭാഗമായി അറസ്റ്റ് സമയത്ത് മുഖ്യമന്ത്രിക്കും പൊലീസിനുമെതിരെ മാത്രമാണ് രൂക്ഷമായ മുദ്രാവാക്യങ്ങളുയർന്നത്.
സി.പി.എമ്മിലെ പിണറായി വിരുദ്ധ വിഭാഗം അൻവറിനൊപ്പമുണ്ടെന്ന സന്ദേശവും ഇത് നൽകുന്നു. ഇടതുമുന്നണിക്കും സി.പി.എമ്മിനും സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനുമെതിരെ ഒരു മുദ്രാവാക്യം പോലും അണികൾ മുഴക്കാൻ തയ്യാറായില്ലെന്നതും ഏറെ ശ്രദ്ധേയമാണ്.
അറസ്റ്റ് രേഖപ്പെടുത്താൻ പൊലീസ് എത്തിയ സമയത്ത് മാദ്ധ്യമങ്ങളിലൂടെ മുഖ്യമന്ത്രിയെയും സംഘത്തെയും ഏറെ പ്രകോപിപ്പിക്കുന്ന രീതിയിൽ അദ്ദേഹം പ്രതികരണം നടത്തുകയും ചെയ്തിരുന്നു.
താൻ ഒരു എം.എൽ.എയായി പോയെന്നും അല്ലെങ്കിൽ പിണറായിയുടെ അപ്പന്റെ അപ്പൻ വന്നാലും തന്നെ അറസ്റ്റ് ചെയ്യാകനാവില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മുഖ്യമന്ത്രിക്കെതിരെ പോർമുഖം തുറക്കുന്നതിലൂടെ തന്റെ രാഷ്ട്രീയമെന്താണ് കൂടുതൽ വ്യക്തമാക്കി യു.ഡി.എഫിലേക്കുള്ള ്രപവേശനമാണ് അദ്ദേഹം ആഗ്രഹിക്കുന്നത്.
നിലവിൽ വനനിയമഭേദഗതികൾക്കെതിരെ അദ്ദേഹം നേതൃത്വം നൽകുന്ന ജാഥയിൽ കോൺഗ്രസ്, യു.ഡി.എഫ് സംവിധാനങ്ങളിൽ നിന്ന് ആരം പങ്കെടുക്കരുതെന്ന് കെ.പി.സി.സിയും മുന്നണി നേതൃത്വവും താക്കീത് നൽകിയിരുന്നു.
രാഹുൽ ഗാന്ധിക്കെതിരെയുള്ള വിമർശനവും ഇക്കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിൽ യുഡി.എഫ് സ്ഥാനാർത്ഥിക്കെതിരെ സ്വന്തം സ്ഥാനാർത്ഥിയെ ഇറക്കി മത്സരിപ്പിച്ചതുമാണ് അദ്ദേഹത്തെ കോൺഗ്രസും യു.ഡി.എഫും അകറ്റി നിർത്താൻ കാരണമായത്.
പൊതു വിഷയമുയർത്തി പിണറായിക്കെതിരായ വികാരം പരമാവധി ആളിക്കത്തിച്ച് തന്റെ ബഹുജന പിന്തുണ വർധിപ്പിച്ച് പുതുമയുള്ള രാഷ്ട്രീയ സാഹചര്യത്തിന് രൂപം നൽകി അതിലൂടെ യു.ഡി.എഫിലേക്ക് കടക്കാനുള്ള അൻവറിന്റെ നീക്കത്തിന് അറസ്റ്റ് എണ്ണ പകരുകയും ചെയ്തിട്ടുണ്ട്.
ജനങ്ങൾക്ക് വേണ്ടിയാണ് താൻ അറസ്റ്റ് ചെയ്യപ്പെട്ടതെന്ന വികാരം അൻവറും അണികളും അദ്ദേഹത്തിന്റെ പാർട്ടി ഭാരവാഹികളും പങ്ക്‌വെയ്ക്കുന്നുണ്ട്.
ഇതിൽ സിപി.എമ്മിലെ ഒരു വിഭാഗത്തിന് കടുത്ത അമർഷമുണ്ട്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി, എഡി.ജി.പി എം.ആർ അജിത് കുമാർ എന്നിവർക്കെതിരെ അൻവർ ഉന്നയിച്ച ആരോപണങ്ങളുടെ നിജസ്ഥിതി വെളിച്ചത്തു കൊണ്ടുവരാൻ സി.പി.എമ്മും സർക്കാരും മെനക്കെട്ടില്ല. അതിനെ പൂർണ്ണമായും തള്ളിക്കളയുകയും ചെയ്തു.
അൻവർ സി.പിഎം ബന്ധം ഉപേക്ഷിച്ചതോടെ ഇത് സംബന്ധിച്ച അന്വേഷണങ്ങളും മന്ദീഭവിച്ചു. സംസ്ഥാനത്തൊട്ടാകെയും പ്രത്യേകിച്ച് നിലമ്പൂരിലുമുള്ള സി.പി.എം പ്രവർത്തകർക്ക് അൻവറിന്റെ അരോപണങ്ങൾ തള്ളിക്കളയാൻ ഇപ്പോഴും സർക്കാരിന്റെ പക്കൽ നിന്നും ഒന്നും ലഭിച്ചിട്ടില്ല.
അങ്ങനെ നിലയുറപ്പിച്ചിട്ടുള്ള പാർട്ടി അണികളിൽ പലരുടെയും മാനസിക പിന്തുണ അറസ്റ്റിന് നേടിക്കൊടുക്കാൻ കഴിയുമെന്നും സി.പി.എമ്മിലെ ഒരു വിഭാഗം ഭയപ്പെടുന്നുണ്ട്. ഇതുകൊണ്ട് തന്നെ വിഷയത്തിൽ പി.ശശിയുടെ തിരക്കിട്ട നടപടിക്കെതിരെ കടുത്ത വിമർശനം ഉയരാനുള്ള സാദ്ധ്യതയും തള്ളിക്കളയാനാവില്ല.
കാട്ടാനയാക്രമണത്തിൽ യുവാവ് മരിച്ച സംഭവത്തിൽ പി.വി അൻവറിന്റെ നേതൃത്വത്തിൽ ഡി.എം.കെ പ്രവർത്തകർ ഇന്ന് രാവിലെ നടന്ന ഫോറസ്റ്റ് ഓഫീസ് മാർച്ചിനെ തുടർന്നാണ് അറസ്റ്റ്. പൊതുമുതൽ നശിപ്പിക്കൽ വകുപ്പ് (പി.ഡി.പി.പി) കൂടി ചേർത്താണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
അറസ്റ്റിനെ അപലപിച്ച് ചെന്നിത്തലയും പി.കെ ഫിറോസും
അൻവറിന്റെ അറസ്റ്റിനെ അപലപിച്ച് മുസ്ലീം ലീഗ് നേതാവ് പി.കെ ഫിറോസ്, മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എന്നിവർ രംഗത്ത് വന്നിട്ടുണ്ട്.
എം.എൽ.എയായ അൻവറിന്റെ വീട്ടിൽ കയറി അറസ്റ്റ് ചെയ്തത് ശരിയായില്ലെന്ന വികാരമാണ് ഇരുവരും പങ്കുവെച്ചിട്ടുള്ളത്. ഇത് ഭരണകൂട ഭീകരതയാണെന്നും ചെന്നിത്തല വ്യക്തമാക്കിയിട്ടുണ്ട്.