തിരുവനന്തപുരം: കേരളത്തിലെ ഒന്നരക്കോടിയോളം മലയോര വാസികളായ ജനങ്ങളെ ബാധിക്കുന്ന വനം നിയമഭേദഗതിയിലെ വിവാദ ഭാഗങ്ങൾ ഒഴിവാക്കിയായിരിക്കും ഇതുസംബന്ധിച്ച ബിൽ സർക്കാർ നിയമസഭയിൽ അവതരിപ്പിക്കുക.
17ന് തുടങ്ങുന്ന സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കുമെന്നാണ് സർക്കാർ വിശദീകരണം. കരടു ബില്ലിന്റെ മലയാള പരിഭാഷ നിയമസഭാ വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ച് അതിന്മേൽ ജനങ്ങളുടെ അഭിപ്രായം തേടിയിരുന്നു.
നൂറുകണക്കിന് പരാതികളാണ് ലഭിച്ചത്. ഇതേത്തുടർന്നാണ് വാറണ്ടില്ലാതെയും മജിസ്ട്രേറ്റിന്റെ അനുമതിയില്ലാതെയും അറസ്റ്റ് അടക്കം വിവാദ വ്യവസ്ഥകൾ ഒഴിവാക്കുന്നത്.
നിയമഭേദഗതിയിൽ അമിതാധികാര പ്രയോഗത്തിന് ഇടയാക്കിയേക്കാവുന്ന വ്യവസ്ഥകൾ ഒഴിവാക്കണമെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റിയും സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മലയോര ജില്ലകളിലെ ഒന്നരക്കോടി ജനങ്ങളുടെ ആശങ്ക സർക്കാർ പരിഗണിക്കും.
മലയോര ജില്ലകളിൽ വനനിയമഭേദഗതിക്കെതിരേ അതിശക്തമായ പ്രക്ഷോഭമാണ് ഉയരുന്നത്.
ആദിവാസി യുവാവിനെ കാട്ടാന ചവിട്ടിക്കൊന്ന വിഷയത്തിൽ സർക്കാരിന്റെ നിസംഗതയിൽ പ്രതിഷേധിച്ച് നോർത്ത് ഡി.എഫ്.ഒ ഓഫീസ് അടിച്ചുതകർത്തതിന് നിലമ്പൂർ എം.എൽ.എ പി.വി.അൻവറിനെ ജയിലിൽ അടച്ചതും സർക്കാരിനെതിരേ ജനരോഷം ഉയരാൻ ഇടയാക്കുന്നുണ്ട്. ഇതിനു പിന്നാലെയാണ് സർക്കാരിലും പാർട്ടിയിലും പുനരാലോചന.
വനസംബന്ധമായ കുറ്റകൃത്യത്തിൽ ഏർപ്പെട്ടവരെ വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യാനുള്ള വ്യവസ്ഥ കരടു നിയമത്തിൽ ഉൾപ്പെടുത്തിയത് ഫോറസ്റ്റ് ഉദ്യോഗസ്ഥർക്കെതിരായ പ്രതിഷേധം അടിച്ചമർത്താൻ ലക്ഷ്യമിട്ടാണെന്നാണ് സൂചന.
വന്യജീവികളുടെ ആക്രമണവും മരണങ്ങളും ഉണ്ടാവുമ്പോൾ മലയോര ജില്ലകളിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്കു നേരേ പ്രതിഷേധം പതിവാണ്. ഇത് അടിച്ചമർത്താനാണ് ബീറ്റ് ഓഫീസർ മുതലുള്ളവർക്ക് അമിത അധികാരങ്ങൾ നൽകുന്നതെന്നാണ് ആക്ഷേപം.
വനം ഉദ്യോഗസ്ഥർക്കു പൊലീസ് ഉദ്യോഗസ്ഥരുടേതിനു തുല്യമായ അധികാരം നൽകരുതെന്നും ഈ വ്യവസ്ഥ ഒഴിവാക്കണമെന്നും സർക്കാരിന് കിട്ടിയ പരാതികളിലുണ്ട്.
വനത്തിൽ അതിക്രമിച്ച് കടക്കുന്നതിനടക്കം പിഴ ഇരട്ടിയാക്കിയതിനും വനത്തിലെ ജലാശയങ്ങളിൽ മീൻ പിടിക്കുന്നതു വിലക്കിയതിനുമെതിരെ പ്രതിഷേധം ശക്തമാണ്.
ഒരാളെ അറസ്റ്റ് ചെയ്താൽ കാലതാമസം കൂടാതെ ഫോറസ്റ്റ്, പൊലീസ് സ്റ്റേഷനുകളുടെ ചുമതലയുള്ള ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാക്കണമെന്ന് ഭേദഗതിയുടെ 63–ാം വകുപ്പിലെ വ്യവസ്ഥകൾ (മൂന്നാം ഉപവകുപ്പ്) വ്യക്തമാക്കുന്നു.
പൊലീസിന്റെ അധികാരം വനം ജീവനക്കാർക്കും നൽകുന്നതിനെക്കുറിച്ച് 52–ാം വകുപ്പിലെ ഒന്നാം ഉപവകുപ്പിലും സൂചിപ്പിക്കുന്നുണ്ട്.
വനം ഉദ്യോഗസ്ഥനോ പൊലീസ് ഉദ്യോഗസ്ഥനോ കുറ്റാരോപിതനോട് രേഖകൾ ആവശ്യപ്പെടാനും വാഹനം തടഞ്ഞു പരിശോധിക്കാനും വീട്ടിൽ അടക്കം തിരച്ചിൽ നടത്താനും അധികാരം ലഭിക്കും.
കരടു ബില്ലിലെ പുതിയ വ്യവസ്ഥകൾ പ്രകാരമുള്ള എല്ലാ അറസ്റ്റുകളും ഭാരതീയ നാഗരിക് സുരക്ഷാ സംഹിത നടപടി ക്രമത്തിന് അനുസൃതമാണ്. ജനങ്ങളുടെ അഭിപ്രായങ്ങൾ ജനുവരി 10 വരെ അറിയിക്കാം. ജനാഭിപ്രായം മനസിലാക്കിയ ശേഷം വനംമന്ത്രി നിയമസഭാ സബ്ജക്ട് കമ്മിറ്റി മുൻപാകെ മാറ്റങ്ങൾ നിർദേശിക്കും.
ഒഴിവാക്കാൻ സർക്കാർ ആലോചിക്കുന്ന പ്രധാന വകുപ്പുകൾ ഇവയാണ് - വനം സംബന്ധിച്ച കുറ്റം ചെയ്തതായി സംശയിക്കപ്പെടുന്നവർ വനം വകുപ്പ് ഉദ്യോഗസ്ഥർക്കു മുൻപാകെ ഹാജരാകില്ലെന്നും കുറ്റത്തിന് മറുപടി നൽകില്ലെന്നും ബോധ്യപ്പെട്ടാൽ മജിസ്ട്രേട്ടിന്റെ ഉത്തരവില്ലാതെയോ, വാറണ്ടില്ലാതെയോ അറസ്റ്റ് ചെയ്യാനും തടങ്കലിൽ വയ്ക്കാനും ബീറ്റ് ഫോറസ്റ്റ് ഓഫിസറുടെ പദവിയിൽ കുറയാത്ത വനം ഉദ്യോഗസ്ഥന് അല്ലെങ്കിൽ പൊലീസ് ഉദ്യോഗസ്ഥനും കഴിയും.
സെക്‌ഷൻ ഫോറസ്റ്റ് ഓഫിസറുടെ പദവിയിൽ കുറയാത്ത വനം ഉദ്യോഗസ്ഥനെയോ, മറ്റ് ഉദ്യോഗസ്ഥരെയോ തടസ്സപ്പെടുത്തുകയോ, അല്ലെങ്കിൽ ആ ഉദ്യോഗസ്ഥന്റെ കസ്റ്റഡിയിൽ നിന്നു രക്ഷപ്പെടുകയോ ചെയ്യുന്നയാളെ മജിസ്ട്രേട്ടിന്റെ ഉത്തരവില്ലാതെയോ വാറണ്ടില്ലാതെയോ അറസ്റ്റ് ചെയ്യാനോ, തടങ്കലിൽ വയ്ക്കാനോ കഴിയും.
നിലവിൽ കൃത്യനിർവഹണത്തെ തടസ്സപ്പെടുത്തുന്നവർക്കെതിരെ കേസെടുക്കാനോ അറസ്റ്റ് ചെയ്യാനോ വനം ഉദ്യോഗസ്ഥർക്ക് കഴിയില്ല. പൊലീസിനു മാത്രമാണ് ഇതിനുള്ള അധികാരം.
വനം ഉദ്യോഗസ്ഥർ പൊലീസിന് ഇതു സംബന്ധിച്ച് പരാതി നൽകുമ്പോഴാണ് പൊലീസ് കേസെടുക്കുന്നതും തടഞ്ഞവരെ അറസ്റ്റ് ചെയ്യുന്നതും.
മലയോര കർഷകരും ഇന്‍ഫാം ഉള്‍പ്പെടെയുള്ള ക്രൈസ്തവ സംഘടനകളുമെല്ലാം ഒറ്റക്കെട്ടായി വനംനിയമ ഭേദഗതിക്കെതിരേ രംഗത്തുണ്ട്. കേരള കോണ്‍ഗ്രസ് എം ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയെ നേരിട്ടുകണ്ട് കര്‍ശന നിലപാട് അറിയിച്ചിരുന്നു.
കേരള കോണ്‍ഗ്രസിനെ ഈ സാഹചര്യത്തില്‍ പിണക്കാനും സിപിഎം ഒരുക്കമല്ല. അതിനൊപ്പം പ്രതിഷേധം യുഡിഎഫ് ഏറ്റെടുക്കാനും ഇടയുണ്ട്.
അങ്ങനെയായാൽ വരാനിരിക്കുന്ന തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വൻ തിരിച്ചടിയുണ്ടാവുമെന്ന് വിലയിരുത്തിയാണ് തിരുത്തലിന് സി.പി.എം നിർദ്ദേശിച്ചത്.
ഭേദഗതി ബില്ലിലെ 63–ാം വകുപ്പിലെ 3 ഉപവകുപ്പുകളിലെ വ്യവസ്ഥകളിൽ പൂർണ മാറ്റം വരുത്തണമെന്ന ആവശ്യം സർക്കാർ അംഗീകരിച്ചേക്കും.
ബീറ്റ് ഫോറസ്റ്റ് ഓഫിസർമാർക്കും, സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർമാർക്കും കൂടുതൽ അധികാരം നൽകാൻ പാടില്ലെന്നും സർക്കാരിന് ലഭിച്ച പരാതികളിലുണ്ട്.
ബില്ലിലെ വ്യവസ്ഥകളിൽ കുഴപ്പങ്ങളില്ലെന്നും മാറ്റംവരുത്തേണ്ടതില്ലെന്നും ആദ്യം വാദിച്ച മന്ത്രി എ.കെ.ശശീന്ദ്രൻ, മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടർന്നാണു നിലപാട് മാറ്റിയത്.