Advertisment

അൻവറിൻെറ ഡിഎംകെയെ തല്‍ക്കാലം യുഡിഎഫിൽ എടുക്കില്ല. ലീഗിൽ ലയിച്ച് യുഡിഎഫിൻെറ ഭാഗമാകുന്നതില്‍ എതിര്‍പ്പില്ല. തലമുറ ഭേദമെന്യേ അന്‍വറിന്റെ മുന്നണി പ്രവേശനത്തെ എതിര്‍ത്ത് കോണ്‍ഗ്രസ് നേതാക്കള്‍. വീണ്ടുമൊരു 'പിസി ജോര്‍ജി'നെ സൃഷ്ടിക്കരുതെന്ന് നേതാക്കള്‍

മലബാറിലെ ഡിസിസികളും അൻവറിനെ യുഡിഎഫിൽ ചേർക്കുന്നതിനെ നഖശിഖാന്തം എതിർക്കുന്നുണ്ട്. മലപ്പുറം, വയനാട്, കോഴിക്കോട് ഡിസിസികളാണ് പിവി അൻവറിൻെറ പ്രവേശനത്തെ എതിർക്കുന്നത്.

New Update
pv anvar vd satheesan pk kunjalikkutty
Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: പി.വി അൻവറിൻെറ ഡെമോക്രാറ്റിക് മൂവ്മെൻറ് ഓഫ് കേരളയെ (ഡിഎംകെ) തല്‍ക്കാലം യുഡിഎഫിൽ എടുക്കില്ല. അൻവറിനെയും അദ്ദേഹത്തിൻെറ പാർട്ടിയേയും മുന്നണിയിൽ എടുക്കണമെന്ന് മുസ്ലീം ലീഗിന് നിർബന്ധം ഉണ്ടെങ്കിൽ ലീഗിൽ ലയിച്ച് യുഡിഎഫിൻെറ ഭാഗമാകട്ടെ എന്നാണ് കോൺഗ്രസിൻെറ പുതിയ നിലപാട്.

Advertisment

മുന്നണിയുടെ പൊതു തീരുമാനത്തിന് അപ്പുറം മറ്റ് നിലപാടില്ലെന്ന് വ്യക്തമാക്കി മുസ്ലിം ലീഗും അൻവറിൻെറ മുന്നണി പ്രവേശനത്തിൽ പ്രത്യേക താൽപര്യമില്ലെന്ന് ഇന്നലെതന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ പെട്ടെന്ന് യുഡിഎഫിൻെറ പടവുകൾ കയറാമെന്ന അൻവറിൻെറ മോഹം പൊലിയുകയാണ്.


അൻവറിനെ മുന്നണിയുടെ ഭാഗമാക്കുന്നതിൽ കോൺഗ്രസ് നേതാക്കൾക്കിടയിൽ ശക്തമായ എതിർപ്പുണ്ട്. കോൺഗ്രസ് പാർട്ടിയെ നിരന്തരം അധിക്ഷേപിച്ചുകൊണ്ടിരുന്ന അൻവറിനെ രാഷ്ട്രീയമായി ഉൾക്കൊളളുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നാണ് പ്രായഭേദം ഇല്ലാതെ നേതാക്കളുടെ നിലപാട്.

മലബാറിലെ ഡിസിസികളും അൻവറിനെ യുഡിഎഫിൽ ചേർക്കുന്നതിനെ നഖശിഖാന്തം എതിർക്കുന്നുണ്ട്. മലപ്പുറം, വയനാട്, കോഴിക്കോട് ഡിസിസികളാണ് പിവി അൻവറിൻെറ പ്രവേശനത്തെ എതിർക്കുന്നത്.


സിപിഎം സ്വതന്ത്രനായിരിക്കെ സിപിഎം  നേതാക്കൾ പോലും ചെയ്യാത്ത തരത്തിൽ കോൺഗ്രസിനും അതിൻെറ നേതാക്കൾക്കെതിരെ അധിക്ഷേപവർഷം ചൊരിഞ്ഞ അൻവറിനെ ഉൾക്കൊളളാനാവില്ലെന്നാണ് അവരുടെ നിലപാട്.


അത്രയ്ക്ക് ഗതികെട്ട് പോയോ കോൺഗ്രസ് എന്നാണ് ജില്ലാ കോൺഗ്രസ് കമ്മിറ്റികൾ നേതൃത്വത്തിന് നേർക്ക് ഉന്നയിക്കുന്ന ചോദ്യം. സ്വന്തം ചെയ്തികള്‍ കാരണം എല്‍ഡിഎഫില്‍ നില്‍ക്കക്കളി ഇല്ലാതായിരിക്കുന്ന സാഹചര്യത്തില്‍ അന്‍വറിന് രാഷ്ട്രീയ അഭയം നല്കേണ്ട ആവശ്യം കോണ്‍ഗ്രസിന് ഇല്ലെന്നാണ് ഡിസിസികള്‍ പറയുന്നത്.

ഇതെല്ലാം കണക്കിലെടുത്താണ് പിവി അൻവറിനെ തല്‍ക്കാലം മുന്നണിയിൽ എടുക്കേണ്ടെന്ന ധാരണയിലേക്ക് കോൺഗ്രസ് നേതൃത്വം എത്തിയത്.

കോൺഗ്രസിനുളളിൽ നിന്നുളള എതിർപ്പ് മാത്രമല്ല യുഡിഎഫിലേക്കുളള പിവി അൻവറിൻെറ വഴിയടച്ചത്.


ചാഞ്ചാട്ടമുളള രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നതും നിയന്ത്രണമില്ലാതെ പ്രതികരിക്കുന്നതുമായ സ്വന്തം ശൈലിയും അൻവറിന് യുഡിഎഫിലേക്കുളള വഴിയിൽ പ്രതിബന്ധമായി. 


അൻവറിൻെറ പക്വതയില്ലാത്ത രാഷ്ട്രീയ നിലപാടുകളും എന്തും വിളിച്ചു പറയുന്ന ശൈലിയും ഭാവിയിൽ മുന്നണിക്ക് ബാധ്യതയാകുമോയെന്ന് മുന്നണി നേതൃത്വത്തിന് ആശങ്കയുണ്ട്.

നേരത്തെ യുഡിഎഫിൻെറ ഭാഗമായിരുന്ന പിസി ജോർജിൻെറ അനുഭവം മുൻനിർത്തിയാണ് നേതാക്കളുടെ മുന്നറിയിപ്പ്. അൻവറിൻെറ രാഷ്ട്രീയ നിലപാട് തന്നെ വികാരപരമാണെന്ന് ചൂണ്ടിക്കാട്ടുന്ന ഘടകകക്ഷികളും യുഡിഎഫിലുണ്ട്.

Advertisment