തിരുവനന്തപുരം: ലൈംഗികാധിക്ഷേപം നടത്തിയെന്ന നടിയുടെ പരാതിയിൽ ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലറി ഉടമയും വ്യവസായിയുമായ ബോബി ചെമ്മണൂരിനെ ഓടിച്ചിട്ട് പിടികൂടി അറസ്റ്റ് ചെയ്യാന്‍ കാണിച്ച വ്യഗ്രത മലയാള നടിമാരുടെ പീഡനപരാതിയിൽ വമ്പൻ സിനിമാതാരങ്ങൾക്കെതിരേ പോലീസും സർക്കാരും കാണിച്ചിട്ടില്ലെന്ന ആരോപണം ശക്തമായി.
മുൻകൂർ ജാമ്യത്തിന് പോലും സമയം നൽകാതെ അതിവേഗമായിരുന്നു ബോബിക്കെതിരായ പൊലീസ് നടപടികൾ.
എന്നാൽ അമ്മ ജനറൽ സെക്രട്ടറിയായിരുന്ന സിദ്ധിഖ് തന്നെ സിനിമാ ചർച്ചയ്ക്കായി സർക്കാരിന്റെ മസ്കറ്റ് ഹോട്ടലിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്ന സിനിമാ നടിയുടെ പരാതിയിൽ സിദ്ധിഖിന് മുൻകൂർ ജാമ്യത്തിനായി സുപ്രീംകോടതി വരെ പോവാൻ സർക്കാരും പോലീസും സമയം അനുവദിച്ചു.
അതേസമയം ബോബിയുടെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ എതിർക്കുകയും ചെയ്തു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ബോബിക്ക് കോടതി ജാമ്യം നിഷേധിച്ചത്. അന്വേഷണവുമായി സഹകരിക്കുമെന്ന് സിദ്ദിഖ് കോടതിയെ അറിയിച്ചിരുന്നു.
പിന്നീട് അന്വേഷണവുമായി നടന്‍ സഹകരിക്കുന്നില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ നിലപാടെടുത്തിരുന്നു. എന്നിട്ടും കോടതിയിലും സർക്കാർ അയഞ്ഞ നിലപാടാണ് സ്വീകരിച്ചത്.
ബലാത്സംഗക്കേസിൽ സുപ്രീംകോടതി അനുവദിച്ച ജാമ്യം നടപ്പാക്കി കിട്ടുന്നതിനാണ് വിചാരണ കോടതിയില്‍ സിദ്ധിഖ് ഹാജരായത്.
കേസന്വേഷണവുമായി പൂര്‍ണ്ണമായും സഹകരിക്കണം, അതിജീവിതയെയോ അവരുടെ സുഹൃത്തുക്കളെയോ ബന്ധുക്കളെയോ ബന്ധപ്പെടാന്‍ പാടില്ല, തെളിവ് നശിപ്പിക്കരുത്, സമൂഹ മാധ്യമങ്ങളിലൂടെ അതിജീവിതയെയോ കേസ് നടപടികളെയോ പരിഹസിക്കുന്ന പോസ്റ്റ് ഇടരുത്, സമാന കുറ്റകൃത്യം ചെയ്യരുത്, അന്വേഷണത്തിന്റെ ഭാഗമായി അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം, പാസ്പോര്‍ട്ട് കോടതിയില്‍ കെട്ടി വയ്ക്കണം എന്നീ ഉപാധികളോടെ വിചാരണക്കോടതിയും സിദ്ധിഖിന് ജാമ്യം നൽകി.
സിനിമയിലെ ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് ജസ്റ്റിസ് ഹേമാകമ്മിറ്റിക്ക് മൊഴി നൽകിയവരിൽ നിന്ന് വിശദമായ മൊഴി രേഖപ്പെടുത്തി സ്വമേധയാ കേസുകളെടുക്കാനുള്ള നടപടിയും ഇഴയുകയാണ്.
റിപ്പോർട്ടിലുള്ള പോക്സോ കുറ്റകൃത്യങ്ങളിൽ പൊലീസ് സ്വമേധയാ കേസെടുക്കാനൊരുങ്ങിയെങ്കിലും കാര്യമായി മുന്നോട്ട് പോയില്ല.
കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തെന്ന മൊഴിയിൽ ലോക്കൽ സ്റ്റേഷനുകളിൽ കേസെടുത്ത് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറാനായിരുന്നു നീക്കം. ഇത്തരം വിവരങ്ങൾ ലഭിച്ചാൽ പൊലീസ് സ്വമേധയാ കേസെടുക്കേണ്ടതാണ്.
റിപ്പോർട്ടിലെ ഇരുപതോളം ലൈംഗിക അതിക്രമ മൊഴികൾ ഗുരുതര സ്വഭാവത്തിലുള്ളതാണ്. എന്നിട്ടും അതിലും കാര്യമായ നീക്കങ്ങളുണ്ടായില്ല.
പ്രമുഖ നടന്മാർക്കെതിരേ അടക്കം നടിമാരുടെ വെളിപ്പെടുത്തലിൽ 23 കേസുകളെടുത്തെങ്കിലും കാര്യമായ ഒരു പുരോഗതിയുമുണ്ടായില്ല.
കഴിഞ്ഞ ഞായറാഴ്ചയാണ് ബോബി ചെമ്മണൂരിന്റെ പേര് വെളിപ്പെടുത്താതെ ഒരാൾ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ ദ്വയാർത്ഥ പ്രയോഗം നടത്തി അപമാനിക്കുന്നുവെന്ന് ആരോപിച്ച് നടി രംഗത്തുവന്നത്.
കൊച്ചി പോലീസ് ബുധനാഴ്ച രാവിലെ ഏഴരയോടെ മേപ്പാടിയിലെ റിസോർട്ടിൽ നിന്നുമാണ് ബോബിയെ കസ്റ്റഡിയിലെടുത്ത്.
വയനാട് എസ്.പി തബോഷ് ബസുമതാരിയുടെ പോലീസ് സംഘവും ഇവർക്കൊപ്പം ഉണ്ടായിരുന്നു. സ്വകാര്യ വാഹനത്തിലാണ് പൊലീസ് 1000 ഏക്കർ റിസോർട്ടിൽ എത്തിയത്.
കോയമ്പത്തൂരിലെ പുതിയ ജ്വല്ലറി ഉദ്ഘാടനത്തിനായി പോകാൻ തയ്യാറെടുക്കുകയായിരുന്നു ബോബി. കസ്റ്റഡിയിൽ എടുക്കുകയാണെന്ന് അറിയിച്ച് പൊലീസ് സ്വകാര്യ വാഹനത്തിൽ ബോബിയെ പുത്തൂർവയലിലെ എ.ആർ ക്യാമ്പത്തിൽ എത്തിച്ചു.
പിന്നീട് പോലീസ് ജീപ്പിൽ കൊച്ചിയിലെത്തിച്ച് ഇന്ന് കോടതിയിൽ ഹാജരാക്കി. സോഷ്യൽമീഡിയയിലെ കുറിപ്പിന് താഴെ സൈബർ ആക്രമണമാണ് നടി നേരിട്ടത്.
പിറ്റേന്ന് തുടർന്ന് കമന്റുകളും സ്‌ക്രീൻഷോട്ടുകളും സഹിതം ഇവർ എറണാകുളം സെൻട്രൽ സ്റ്റേഷനിൽ നേരിട്ടെത്ത പരാതി നൽകി.
30 പേർക്കെതിരെ പൊലീസ് കേസെടുക്കുകയും കുമ്പളങ്ങി സ്വദേശിയായ 60 കാരനെ മണിക്കൂറുകൾക്കം അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ബോബിയെക്കൂടി അറസ്റ്റ് ചെയ്തത്.
അതേസമയം, സർക്കാരിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ബോബിയുടെ അറസ്റ്റെന്നും ആക്ഷേപമുണ്ട്.
ജസ്റ്റീസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അതീവ ഗുരുതര ലൈംഗിക ആരോപണങ്ങള്‍ നേരിട്ട നടന്‍മാര്‍ക്ക് സര്‍ക്കാരും പോലീസും നല്കിയ 'പ്രിവിലേജു'കളൊന്നും കേരളത്തില്‍ കോടികളുടെ വ്യവസായ നിക്ഷേപങ്ങള്‍ കൊണ്ടുവരികയും ആയിരകണക്കിനാളുകള്‍ക്ക് തൊഴില്‍ നല്കുകയും ചെയ്യുന്ന ഒരു വ്യവസായിയുടെ കാര്യത്തില്‍ ഉണ്ടായില്ലെന്നതാണ് കൌതുകകരം.
നിയമം നിയമത്തിന്‍റെ വഴിക്കു പോകുന്നതിനു പകരം അത് ചിലരുടെ മാത്രം പിന്നാലേ പോകുന്നു എന്നതാണ് പ്രതിക്ഷേധാര്‍ഹമെന്ന ആരോപണമാണ് ഉയരുന്നത്.
ഈ നടന്മാരൊക്കെ കേരള സമൂഹത്തിനു നല്‍കുന്ന സംഭാവനകള്‍ എന്തൊക്കെയാണാവോ ? ഒരു തെറ്റും ന്യായീകരിക്കാന്‍ പാടില്ലാത്തതാണ്. അത് സിനിമാ നടന്‍മാര്‍ക്കും ബാധകമാണ്. ആ നടികളുടെ ആവലാതികള്‍ക്കും വിലയുണ്ടാകണം.