Advertisment

കേരളം നിക്ഷേപ വ്യവസായ സൗഹൃദമാണെങ്കില്‍ ഇങ്ങനെയാണോ ? 30 ലക്ഷം മലയാളികളാണ് ഒരു വര്‍ഷം തൊഴില്‍തേടി രാജ്യം വിടുന്നത്. ഇവിടെ വ്യവസായവുമില്ല, തൊഴിലുമില്ല. എന്നിട്ടും വ്യവസായികളോട് എന്തൊരു ശത്രുതയാണ്. ബോബി ചെമ്മണ്ണൂരിനോടും അതുതന്നെ. നടന്മാരായ സിദ്ദിഖിനും ഇടവേള ബാബുവിനും കിട്ടുന്ന പ്രിവിലേജെങ്കിലും നാട്ടില്‍ നിക്ഷേപവും ആയിരങ്ങള്‍ക്ക് തൊഴിലും നല്‍കുന്ന ബോബിക്കും വേണ്ടേ

കിറ്റക്‌സ് ഉൾപ്പെടെ നിരവധി കമ്പനികൾ കേരളം വിട്ട് പോയി. ബിഎംഡബ്ല്യു കേരളത്തിൽ നിർമ്മാണ പ്ലാന്റ് ആരംഭിക്കാൻ തീരുമാനിച്ചെങ്കിലും പ്രതികകൂല സാഹചര്യങ്ങൾ മനസിലാക്കിയതോടെ അവരും പിന്മാറി. 

New Update
siddiq boby chemmanur idavela babu
Listen to this article
0.75x 1x 1.5x
00:00 / 00:00

കേരളം തീർത്തും നിക്ഷേപ, വ്യവസായ, സൗഹൃദ സംസ്ഥാനമാണെന്നും മറിച്ചുള്ള നിർഭാഗ്യകരമായ ചില പ്രചാരണങ്ങൾ നാടിനെ എങ്ങനെ പ്രതികൂലമായി ബാധിക്കുമെന്ന് തിരിച്ചറിയണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിച്ചു പറയുന്ന കാര്യമാണ്. പക്ഷെ പലപ്പോഴും വ്യവസായികളോടുള്ള സമീപനത്തിൽ കേരളം ഏറെ പിന്നിലാണെന്നതാണ് യാഥാർത്ഥ്യം. 

Advertisment

0.5 ശതമാനം എഫ്ഡിഐ നിക്ഷേപം മാത്രമാണ് കേരളത്തിൽ ലഭിക്കുന്നത്. വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം 28-ാം സ്ഥാനത്താണ്.


കിറ്റക്‌സ് ഉൾപ്പെടെ നിരവധി കമ്പനികൾ കേരളം വിട്ട് പോയി. ബിഎംഡബ്ല്യു കേരളത്തിൽ നിർമ്മാണ പ്ലാന്റ് ആരംഭിക്കാൻ തീരുമാനിച്ചെങ്കിലും പ്രതികകൂല സാഹചര്യങ്ങൾ മനസിലാക്കിയതോടെ അവരും പിന്മാറി. 

എന്തുകൊണ്ടാണ് കേരളത്തിലേക്ക് ആരും വരാത്തത് എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് വ്യവസായികളോടുള്ള നമ്മുടെ സമീപനം. അത് സർക്കാറിൻ്റെ ഭാഗത്ത് നിന്നായാലും പൊതു സമൂഹത്തിൽ നിന്നായാലും.
 
കോടികൾ മുടക്കി വൻ വ്യവസായത്തിന് തുടക്കമിട്ട അദാനിയെ രാഷ്ട്രീയത്തിൻ്റെ പേരിലാണെങ്കിൽപോലും അപകീർത്തിപ്പെടുത്തുന്നത് പലപ്പോഴായി തുടരുകയാണ്. അംബനിയുടെ കാര്യവും മറിച്ചല്ല. 

ഇവരൊക്കെ രാജ്യത്തെ വമ്പന്മാരാണെങ്കിൽ, സംസ്ഥാനത്ത് കോടികൾ മുടക്കി വ്യവസായം തുടങ്ങി പ്രശസ്തി നേടിയ മലയാളികൾക്ക് നേരയുള്ള സമീപനവും വ്യത്യസ്തമല്ലെന്നതാണ് ഇന്ന് നടക്കുന്ന ഓരോ സംഭവങ്ങളുടെയും വ്യക്തമാവുന്നത്.

മാങ്ങയുള്ള മാവിലെ കല്ലെറിയൂ എന്നൊരു ചൊല്ലുണ്ട്. അത് തന്നെയാണ് ഇപ്പോൾ നടക്കുന്നത്. 


എന്തിന്റ പേരിലാണെങ്കിലും വിവാദങ്ങളിലൂടെ വ്യവസായികളെ ലക്ഷ്യം വെക്കുമ്പോൾ തളരുന്നത് അവർ വിത്തുപാകി പടർത്തിയ വ്യവസായ സംരംഭങ്ങളാണ്. 


ബോബി ചെമ്മണ്ണൂരിൻ്റെ കാര്യം തന്നെ എടുക്കാം. സ്ത്രിത്വത്തെ അപമാനിച്ചു എന്ന പരാതിയെ തുടർന്നാണ് ബോബി ചെമ്മണ്ണൂരിനെതിരെ ഇപ്പോൾ നിയമ നടപടി സ്വീകരിക്കുന്നത്.  

അദേഹം പറഞ്ഞതും ചെയ്തതുമായ കാര്യങ്ങൾ കോടതി പരിശോധിക്കട്ടെ, ശിക്ഷ നടപടികൾ സ്വീകരിക്കട്ടെ. അത് നിയമത്തിന്റെ വഴി. എന്നാൽ ഈയൊരു ഒറ്റ വിഷയത്തിന്റെ പേരിൽ അദ്ദേഹം ഇത്രയും കാലം ചെയ്ത നല്ല കാര്യങ്ങൾ എല്ലാം കേരളം മറന്നുപോകുന്നു. 


കേരളം പകച്ചുപോയ വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിലടക്കം ബോബി ചെമ്മണ്ണൂർ  നടത്തിയ സേവനവും പുനരുധിവാസ പ്രക്രിയയിൽ അദ്ദേഹത്തിൻറെ പങ്കാളിത്തവും എല്ലാം സമൂഹം ഒരു ഘട്ടത്തിൽ പ്രകീർത്തിച്ചതാണ്. പക്ഷെ അതെല്ലാം മറന്നുകൊണ്ടാണ് ഇപ്പോൾ ബോബിക്കെതിരെ വിമർശനങ്ങൾ ശക്തമായി ഉയർന്നത്. 


ഒരു  വിഷയത്തിന്റെ പേരിൽ ഒരു വ്യവസായിയെ കൂട്ടമായി സമൂഹമാധ്യമത്തിലൂടെയും അല്ലാതെയും ആക്രമിക്കുമ്പോൾ അവിടെ തളർന്നു പോകുന്നത് ആ വ്യവസായി മാത്രമാകില്ല, അദ്ദേഹത്തിൻറെ വ്യവസായവും തളരുകയാണ്.

അതിൻ്റെ പ്രത്യാഘാതം ആ വ്യവസായത്തിന്റെ തണൽ പറ്റി ജീവിക്കുന്നവരിലും ഉണ്ടായേക്കാം. അതൊന്നും ആരും അറിയുന്നില്ല, അല്ലെങ്കിൽ അറിയാൻ ശ്രമിക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം.


30 ലക്ഷത്തോളം യുവാക്കളാണ് കേരളം വിട്ട്  തൊഴിൽ തേടി അന്യ സംസ്ഥാനങ്ങളിലേക്കും മറ്റു രാജ്യങ്ങളിലേക്കും പോകുന്നത്. 2030 ഓടെ ഇത് 60 ലക്ഷമാകും. ഇതിന് പ്രധാനകാരണം സംസ്ഥാനത്ത് പ്രധാന വ്യവസായങ്ങൾ ഇല്ല എന്നത് തന്നെയാണ്. അവിടെയാണ് ബോബി ചെമ്മണ്ണൂരും കിറ്റക്സ് സാബുവും വ്യവസായ മേഖലയിൽ ഉണർവ്വു പകർന്നത്. 


എന്നാൽ കിറ്റക്സ് സാബു വ്യവസായം അന്യസംസ്ഥാനത്തേക്ക് പറിച്ചു നട്ടപ്പോൾ എത്രപേർക്ക് തൊഴിൽ നഷ്ടപ്പെട്ടു എന്ന കണക്ക് വ്യവസായ വകുപ്പിനെങ്കിലും ഉണ്ടാകും.

മലയാള സിനിമ മേഖലയിൽ ഒരു വിവാദം ഉയർന്നപ്പോൾ അത് ആ മേഖലയെ തളർത്തി എന്നത് സത്യം തന്നെയാണ്. 

ഒരു വിവാദത്തിന്റെ പേരിൽ അമ്മ എന്ന താര സംഘടനയിലെ ഭാരവാഹികളെയും അംഗങ്ങളെയും കൂട്ടായി അധിക്ഷേപിക്കുകയും സമൂഹമാധ്യമത്തിലൂടെ അപകീർത്തിപ്പെടുത്തുകയും ചെയ്യുന്ന തരത്തിലുള്ള നടപടികളാണ് ഇവിടെ കണ്ടത്.


അത് സിനിമാ മേഖലയെ തളർത്തുമ്പോൾ ആ മേഖലയെ മാത്രം ആശ്രയിച്ച് കഴിയുന്ന വലിയൊരു വിഭാഗത്തെ പട്ടിണിയിലാക്കാൻ മാത്രമേ ഉപകരിക്കൂ.


അത് തന്നെയാണ് ഇന്നല്ലെങ്കിൽ നാളെ കേരളത്തിൽ ഏതൊരു വ്യവസായ മേഖലയിലും സംഭവിക്കാൻ പോകുന്നത്. രാഷ്ട്രീയ നേതാക്കൾ വിവാദത്തിൽപെടുമ്പോൾ സംരക്ഷിക്കാൻ രാഷ്ട്രീയ പാർട്ടിയുടെ എല്ലാ ഘടകങ്ങളും കൂട്ടായി ഉണ്ടാകും. എന്നാൽ മറ്റാർക്കും ഈ ആനുകൂല്യം കിട്ടുന്നില്ല എന്നതാണ് യാഥാർത്ഥ്യം. 

ചെയ്ത തെറ്റിന് ശിക്ഷ അനുഭവിക്കുക തന്നെ വേണം. എന്നാൽ അതിൻറെ പേരിൽ ഒറ്റപ്പെടുത്തി ആക്രമിക്കുന്ന രീതി ഒഴിവാക്കുന്നതാണ് അഭികാമ്യം.

അത് ബോബി ചെമ്മണ്ണൂരിന്റെ കാര്യത്തിൽ ആണെങ്കിലും മറ്റേതൊരു വ്യവസായിക്കാണെങ്കിലും. അവരുടെ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ആയിരങ്ങളുടെ കാര്യം മറക്കരുത് .

Advertisment