തിരുവനന്തപുരം: ജ്വല്ലറി ഉദ്ഘാടനത്തിനെത്തിയ നടിയോട് ദ്വയാർത്ഥ പ്രയോഗം നടത്തിയെന്ന പരാതിയിൽ വ്യവസായിക്കെതിരെ കേസെടുത്ത സർക്കാർ, സംസ്ഥാന സ്കൂൾ കലോത്സവ വേദിയിൽ ഒപ്പന മത്സരാർത്ഥികളായ കുട്ടികളോട് ദ്വയാർത്ഥ പ്രയോഗം നടത്തിയ റിപ്പോർട്ടർ ടിവി സംഘത്തിനെതിരേ എന്തു നടപടിയെടുക്കും ?
സംസ്ഥാന സ്കൂള്‍ കലോത്സവ റിപ്പോര്‍ട്ടിങ്ങുമായി ബന്ധപ്പെട്ട് നടന്ന സംഭവത്തില്‍ റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിരിക്കുകയാണ്.
സംഭവത്തിൽ ചാനൽ മേധാവിയിൽ നിന്ന് റിപ്പോര്‍ട്ട് തേടി. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറും റിപ്പോർട്ട് നൽകണം. ഇക്കാര്യത്തിൽ പോലീസ് ഇതുവരെ ഒരു നടപടിയുമെടുത്തിട്ടില്ല.
സംഭവം വിവാദമായതോടെ ഒപ്പനയ്ക്കിടെ ദ്വയാർത്ഥ പ്രയോഗം നടത്തിയ വീഡിയോ റിപ്പോർട്ടർ ടിവി ഡിലീറ്റ് ചെയ്തു. മത്സരത്തിൽ പങ്കെടുത്ത ഒപ്പന സംഘത്തിലെ മണവാട്ടിയോട് പ്രണയം തോന്നുന്ന റിപ്പോർട്ടർ എന്ന വീഡിയോ സ്റ്റോറിയാണ് വിവാദമായത്.
മണവാട്ടിയായി മത്സരിച്ച വിദ്യാർഥിനിയോട് റിപ്പോർട്ടർ പ്രണയപൂർവം സംസാരിക്കുന്നതും നോക്കുന്നതുമായ ദൃശ്യങ്ങളാണ് കേസായത്.
ഉസ്താദ് ഹോട്ടൽ സിനിമയിലെ പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടെയായിരുന്നു ഈ വീഡിയോ റിപ്പോർട്ടർ പുറത്തുവിട്ടത്. ഇതിലെ പരാമർശങ്ങളും സംഭാഷണങ്ങളും മിക്കവയും ദ്വയാർത്ഥ പ്രയോഗമുള്ളവയായിരുന്നു.
സംസ്ഥാന സ്കൂൾ കലോത്സവുമായി ബന്ധപ്പെട്ട വാർത്താവതരണത്തിൽ ഡോ. അരുൺകുമാർ സഭ്യമല്ലാത്ത ഭാഷയിൽ ദ്വയാർത്ഥ പ്രയോഗം നടത്തിയതുമായി ബന്ധപ്പെട്ടാണ് സ്വമേധയാ കേസെടുത്തതെന്ന് ബാലാവകാശ കമ്മീഷൻ ചെയർപേഴ്സൺ കെ.വി. മനോജ്കുമാർ അറിയിച്ചു.
കലോത്സവത്തിൽ പങ്കെടുത്ത ഒപ്പന ടീമിൽ മണവാട്ടിയായി വേഷമിട്ട പെണ്‍കുട്ടിയോട് റിപ്പോർട്ടർ ചാനലിലെ റിപ്പോർട്ടർ ഷാബാസ് നടത്തുന്ന സംഭാഷണത്തിന്മേലാണ് ദ്വയാർത്ഥ പ്രയോഗമെന്നും കമ്മീഷൻ പത്രക്കുറിപ്പിലൂടെ അറിയിച്ചു.
കലോത്സവ റിപ്പോർട്ടിംഗ് പുതിയ രീതിയിലാക്കാനും അതിലൂടെ റേറ്റിംഗ് ഉയർത്താനും കടുത്ത മത്സരമായിരുന്നു. ഏറെക്കാലമായി ഒന്നാം സ്ഥാനം പിടിക്കാൻ വാർത്താ ചാനലുകളുടെ പോരാണ്.
ഒന്നാം സ്ഥാനത്ത് ഏഷ്യാനെറ്റ് ന്യൂസാണെങ്കിലും അവരുടെ സ്കോറും പഴയ 140 ല്‍ നിന്ന് 85.9 ലേക്ക് താഴ്ന്നിരുന്നു. തൊട്ടുമുൻപുള്ള ആഴ്ചയേക്കാൾ 8 പോയിന്റ് കുറവാണ്.
രണ്ടാം സ്ഥാനത്തുള്ള റിപ്പോർട്ടർ ടിവിക്ക് 62.8 സ്കോറുണ്ട്. മുൻ ആഴ്ചയേക്കാൾ 8 സ്കോർ റിപ്പോർട്ടറിനും കുറവുണ്ടായി. ഇതോടെ, ഏതു വിധേനയും ഒന്നാം സ്ഥാനം പിടിക്കാൻ റിപ്പോർട്ടർ കടുത്ത പ്രയത്നം നടത്തുകയായിരുന്നു.
കലോത്സവം മികച്ചതും വ്യത്യസ്തവുമായ രീതിയിൽ റിപ്പോർട്ട് ചെയ്ത് ഒന്നാം സ്ഥാനം പിടിക്കാൻ റിപ്പോർട്ടർമാരുടെയടക്കം വൻ നിരയെയാണ് റിപ്പോർട്ടർ കലോത്സവത്തിന് ഇറക്കിയത്. കുട്ടികളുമായുള്ള സംവാദങ്ങളും ആശയവിനിമയുമൊക്കെ അവർ വ്യത്യസ്തമായി അവതരിപ്പിച്ചു.
ഇതിനിടെയാണ് ഒപ്പന മത്സരിച്ച ടീമുമായി നടത്തിയ സംഭാഷണവും ചിത്രീകരിച്ചത്. മണവാട്ടിയായി വേഷമിട്ട വിദ്യാർത്ഥിനിയെക്കുറിച്ച് അരുൺകുമാറടക്കം മറ്റ് റിപ്പോർട്ടർമാരോട് സംസാരിക്കുകയും കളിയാക്കുകയും ചെയ്യുന്ന വീഡിയോയാണ് കേസായത്.
ഇത് പോക്സോ വകുപ്പിന്റെ പരിധിയിൽ വരുന്ന കുറ്റകൃത്യമാണെന്നാണ് വിലയിരുത്തൽ. നടിയോട് ബോബി ചെമ്മണ്ണൂർ ദ്വയാർത്ഥ പ്രയോഗം നടത്തിയെന്ന് നിരന്തരം ആവർത്തിച്ചു വാര്‍ത്തകള്‍ ആഘോഷിക്കുന്ന റിപ്പോർട്ടർ ടിവിയും അരുൺകുമാറും ഈ കേസിനെ എങ്ങനെ നേരിടുമെന്നാണ് അറിയേണ്ടത്.
മുട്ടിൽ മരംമുറിക്കേസിൽ അറസ്റ്റു ചെയ്യപ്പെട്ടവരാണ് റിപ്പോർട്ടർ ടിവിയുടെ ഉടമകൾ. ആ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന പൊലീസുദ്യോഗസ്ഥനും മലപ്പുറം മുൻ എസ്.പിക്കുമെതിരേ റിപ്പോർട്ടറിലൂടെ പുറത്തുവന്ന പീഡനക്കേസ് കെട്ടിച്ചമച്ചതാണെന്ന വിവരം പുറത്തായിരുന്നു.
ആരോപണം നേരിട്ട പോലീസ് ഉദ്യോഗസ്ഥർക്ക് റിപ്പോർട്ടർ ടിവിക്കെതിരേ കേസിനു പോവാനും സർക്കാർ അനുമതി നൽകിയിരുന്നു. ആ കേസിന്‍റെ നടപടി ക്രമങ്ങള്‍ നടന്നുവരികയാണ്.