Advertisment

അൻവർ തൃണമൂലിൽ എത്തിയതോടെ പിണറായിക്കെതിരേ പോര് നയിക്കാൻ തീപ്പൊരി നേതാവ് മമതയെത്തും. ഇപ്പോഴില്ലെങ്കിലും തിരഞ്ഞെടുപ്പിന് മുൻപ് തൃണമൂൽ യുഡിഎഫിലെത്തും. സിപിഎമ്മിന്റെ കടുത്ത ശത്രുവായ മമതയെ കളത്തിലിറക്കിയാൽ ബംഗാളിൽ സിപിഎമ്മിനെ തൂത്തുവാരിയതു പോലെ കേരളത്തിലും സംഭവിക്കുമെന്ന് വിലയിരുത്തൽ. അൻവറിന്റെ തൃണമൂൽ ചാട്ടത്തിന് ലക്ഷ്യങ്ങൾ പലത്

അടുത്ത വട്ടം യു.ഡി.എഫ് അധികാരത്തിലെത്തിയാൽ തൃണമൂലിന്റെ ബാനറിൽ മന്ത്രിയാവാനും അൻവർ ലക്ഷ്യമിടുന്നു. കേരളത്തിൽ മമതാ ബാനർജിയെ എത്തിച്ച് അതിശക്തമായ പ്രചാരണത്തിനും ആലോചനയുണ്ട്.

New Update
pv anvar pinarai vijayan mamatha banarji
Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: ഇടത് സ്വതന്ത്രനായി നിലമ്പൂരിൽ ജയിച്ച പി.വി.അൻവർ തൃണമൂൽ കോൺഗ്രസിൽ ചേരുന്നതായി പ്രഖ്യാപിച്ചെങ്കിലും ഉടൻ തൃണമൂലിൽ അംഗത്വമെടുക്കാനാവില്ല.

Advertisment

സ്വതന്ത്രനായി ജയിച്ച എംഎൽഎ മറ്റൊരു പാർട്ടിയുടെ ഭാഗമാകുന്നത് ഭരണഘടനയുടെ 10–ാം ഷെഡ്യൂൾ പ്രകാരം അനുവദനീയമല്ല. കൂറുമാറ്റ നിരോധനനിയമപ്രകാരമുള്ള അയോഗ്യതാ നോട്ടിസ് നേരിടേണ്ടിവരും.


അൻവർ പാർട്ടി അംഗമല്ല. അതിനാൽ പാർട്ടിയോട് തെറ്റിയതിന് കൂറുമാറ്റ നിരോധനനിയമം ബാധകമാവില്ല. എന്നാൽ, ഈ നിയമസഭയുടെ കാലയളവിൽ ഏതെങ്കിലും പാർട്ടിയിൽ ലയിക്കുകയോ, പുതിയ പാർട്ടി ഉണ്ടാക്കുകയോ ചെയ്താൽ കൂറുമാറ്റ നിരോധനനിയമ പ്രകാരം അൻവർ എം.എൽ.എ സ്ഥാനത്തിന് അയോഗ്യനാവും.


അതിനാൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപു വരെ തൃണമൂലിൽ ഔദ്യോഗികമായി അംഗത്വമെടുക്കാൻ അൻവർ കാത്തിരിക്കും. എന്നാൽ തൃണമൂലിന്റെ ഭാഗമായി പ്രവർത്തിക്കുന്നതിനോ അവരുടെ പ്രചാരണ പരിപാടികൾ നയിക്കുന്നതിനോ പ്രസംഗിക്കുന്നതിനോ ഒന്നും തടസമില്ല.

തൃണമൂൽ നേതാന് അഭിഷേക് ബാനർജിയാണ് അൻവറിനെ ഷാളണിയിച്ച് പാർട്ടിയിലേക്ക് സ്വീകരിച്ചത്. കേരളത്തിൽ ശക്തമായ സ്വാധീനമുണ്ടാക്കുകയും അൻവറിനെ വീണ്ടും ജയിപ്പിച്ചെടുത്ത് ഒരു എം.എൽ.എയെ കേരളത്തിൽ സൃഷ്ടിക്കുകയുമാണ് തൃണമൂലിന്റെ ലക്ഷ്യം.


പിണറായിയുടെയും സിപിഎമ്മിന്റെയും എതിർചേരിയിലുള്ള തൃണമൂലിനെ ഭാവിയിൽ യുഡിഎഫിൽ ഉൾപ്പെടുത്താനും ഇടയുണ്ട്. ദേശീയതലത്തിൽ ഇന്ത്യാ സഖ്യവുമായി തൃണമൂലും മമതയും സഹകരിക്കുന്നുണ്ട്.


അയോഗ്യതാ കുരുക്കുള്ളതിനാൽ തൃണമൂലിന്റെ സംസ്ഥാന കോർഡിനേറ്റർ മാത്രമാണെന്ന് താനെന്ന് അൻവർ പറഞ്ഞിട്ടുണ്ട്.  

അംഗത്വം സ്വീകരിക്കാൻ നിയമപരമായ തടസമുണ്ടെന്നും നിയമവിദഗ്‌ദ്ധരുമായി ആലോചിച്ച് തീരുമാനിക്കുമെന്നുമാണ് അൻവറിന്റെ നിലപാട്.

ഉടനടി സാദ്ധ്യമായില്ലെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് തൃണമൂൽ കോൺഗ്രസിലൂടെ യു.ഡി.എഫ് പ്രവേശനമാണ് അൻവറിന്റെ ലക്ഷ്യം.

അടുത്ത വട്ടം യു.ഡി.എഫ് അധികാരത്തിലെത്തിയാൽ തൃണമൂലിന്റെ ബാനറിൽ മന്ത്രിയാവാനും അൻവർ ലക്ഷ്യമിടുന്നു. കേരളത്തിൽ മമതാ ബാനർജിയെ എത്തിച്ച് അതിശക്തമായ പ്രചാരണത്തിനും ആലോചനയുണ്ട്.


അങ്ങനെയെങ്കിൽ ഇടതുമുന്നണിയെയും പിണറായിയെയും എതിർക്കാൻ മമത എന്ന തീപ്പൊരി നേതാവിനെ യു.ഡി.എഫിനും കിട്ടും. ഇപ്പോൾ തൃണമൂലിനെ മുന്നണിയിൽ വേണ്ടെന്നൊക്കെ യുഡിഎഫ് പറയുന്നുണ്ടെങ്കിലും ഈ സാഹചര്യങ്ങളെല്ലാം പരിഗണിച്ച് നിയമസഭാ തിരഞ്ഞെടുപ്പിൽ അനുകൂല നിലപാട് ഉണ്ടായേക്കാനാണ് സാദ്ധ്യത.


ഇതിനായി ദേശീയപ്രധാന്യമുള്ള നേതാവിന്റെ പാർട്ടിയിൽ ചേർന്ന് സ്വന്തം വിലാസം ഉറപ്പിക്കുക എന്നതാണ് അൻവറിന്റെ ആദ്യ ലക്ഷ്യം.

അൻവർ രൂപീകരിച്ച ഡി.എം.കെയെ തിരഞ്ഞെടുപ്പിന് മുൻപ് ടി.എം.സിയിൽ ലയിപ്പിക്കും. സി.പി.എമ്മിന് കനത്ത അടിയേകാൻ മമത ബാനർജിയെ തന്നെ കേരളത്തിലെത്തിക്കാനും അൻവറിന് പദ്ധതിയുണ്ട്.

പിണറായിയെ താഴെയിറക്കുകയാണ് ലക്ഷ്യമെന്നാണ് അൻവറിന്റെ പ്രഖ്യാപനം. ബംഗാളിൽ സി.പി.എമ്മിനെ ഇല്ലാതാക്കിയാണ് ടി.എം.സി അധികാരത്തിലെത്തിയത്.

ആര്യാടൻ മുഹമ്മദിന്റെ തട്ടകമായിരുന്ന നിലമ്പൂർ അൻവറിലൂടെയാണ് കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ സി.പി.എം പിടിച്ചെടുത്തത്. അതേ നാണയത്തിൽ അൻവറിനെ സ്വതന്ത്ര സ്ഥാനാർത്ഥിയാക്കി പിന്തുണച്ച് നിലമ്പൂർ പിടിച്ചെടുക്കാമെന്ന് യു.ഡി.എഫും വിലയിരുത്തുന്നുണ്ട്.


അൻവർ മാത്രമല്ല, കെ.ടി. ജലീൽ, കാരാട്ട് റസാഖ് അടക്കം ഇടത് സ്വതന്ത്രന്മാരുടെ പട കൂട്ടത്തോടെ യു.ഡി.എഫിലെത്തിയാൽ മുസ്ലീം മേഖലകളിൽ യു.ഡി.എഫിന് വിജയിച്ച് കയറാമെന്നാണ് വിലയിരുത്തൽ. ഇതിനുള്ള തന്ത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്.


നിലമ്പൂ‌ർ സീറ്റ് മോഹിക്കുന്ന ഡി.സി.സി പ്രസിഡന്റ് വി.എസ്. ജോയ്, കെ.പി.സി.സി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് എന്നിവരുടെ നിലപാടാണ് അൻവറിന്റെ മുന്നണി പ്രവേശനത്തിനുള്ള കടമ്പകളാവുന്നത്.

വണ്ടൂരും നിലമ്പൂരും അല്ലാതെ കോൺഗ്രസിന് വിജയസാദ്ധ്യതയുള്ള നിയോജക മണ്ഡലം മലപ്പുറത്തില്ല. അതിനാൽ കരുതലോടെയാണ് കോൺഗ്രസ് നീക്കം.

ലീഗിന് അൻവറിനോട് മമതയോ എതിർപ്പോ ഇല്ല. സ‌ർക്കാരിനെതിരെ അൻവർ തുറന്നിട്ട സാഹചര്യം പരമാവധി അവസരമാക്കണമെന്നാണ് ലീഗിന്റെ നിലപാട്.

Advertisment