/sathyam/media/media_files/2025/01/14/Wg6pg2UysyTKLYsNAsdM.jpg)
തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസിൽ പുന:സംഘടനാ പ്രക്രിയ അനന്തമായി നീളുന്നതില്‍ പാര്‍ട്ടിയില്‍ അടിമുടി അസംതൃപ്തി.
വിഷയം ചർച്ച ചെയ്യാനിരുന്ന രാഷ്ട്രീയകാര്യ സമിതി യോഗം വിളിച്ചതാര് ? മാറ്റിയതാര് ? എന്നുപോലും അറിയാത്ത അവസ്ഥയില്‍ ആവിയായി.
നേതാക്കൾ പല പരിപാടികളിൽ വ്യാപൃതരായിരുന്നുവെന്ന് പറയുമ്പോഴും യോഗത്തിനായി സമയം മാറ്റിവെച്ച് എ.ഐ.സി.സി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലും സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപദാസ് മുൻഷിയും തയ്യാറായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.
എന്നാല്‍ നേതാക്കളുടെ സൗകര്യം ചോദിക്കാതെ യോഗം വിളിക്കുകയും ഒടുവില്‍ കൂടണോ.. മാറ്റണോ.. എന്നറിയാതെ അങ്കലാപ്പില്‍ ആക്കുകയും ചെയ്തത് കെപിസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം ലിജുവിന്‍റെ ഭാഗത്തുനിന്നുണ്ടായ വീഴ്ച ആണെന്ന് ആക്ഷേപമുണ്ട്.
യോഗം മാറ്റിവച്ച വിവരം എ.ഐ.സി.സി നേതാക്കളെപ്പോലും അറിയിച്ചിട്ടില്ലെന്ന് സംസ്ഥാന നേതാക്കള്‍ അറിയുന്നത് അന്നേ ദിവസമാണ്.
ആവിയായ യോഗം ആരുടെ അജണ്ട ?
സംസ്ഥാനത്ത് നേതാക്കൾക്കിടയിലുള്ള പടലപിണക്കങ്ങൾ രൂക്ഷമാകുന്ന സാഹചര്യത്തിൽ പുന:സംഘടന അലങ്കോലമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ചേരാൻ പറ്റാത്ത നിലയിൽ യോഗം ക്രമീകരിക്കപ്പെട്ടതെന്നും വ്യാഖ്യാനിക്കപ്പെടുന്നുണ്ട്.
യോഗം വിളിച്ചയാളുടെ രാഷ്ട്രീയ മേലാളന്മാരുടെ ഉപദേശമാണ് ഇതിന് പിന്നിലെന്ന് സംശയിക്കുന്നവരുണ്ട്.
കെ.സുധാകരനും വി.ഡി സതീശനും പാർട്ടി നേതൃനിരയിലേക്ക് വന്ന ശേഷം പുതിയ കെ.പി.സി.സി ജനറൽ സെക്രട്ടറിമാരെയും ഡി.സി.സി അദ്ധ്യക്ഷൻമാരെയും സംസ്ഥാനത്ത് നിയോഗിച്ചിരുന്നു. എന്നാൽ കെ.പി.സി.സി സെക്രട്ടറിമാരുടെ പുന:സംഘടന നടത്തിയിരുന്നില്ല.
നിലവിൽ പാർട്ടിക്കുള്ളിൽ എ.ഐ.സി.സി നടത്തുന്ന നേതാക്കളുടെ പ്രവർത്തന വിലയിരുത്തലിൽ ഭൂരിഭാഗം ഡി.സി അദ്ധ്യക്ഷൻമാരും മാറാനുള്ള സാധ്യത ഏറെയാണ്. അതിനൊപ്പം ചില ജനറൽ സെക്രട്ടറിമാർക്കും മാറ്റമുണ്ടായേക്കും.
ജനറൽ സെക്രട്ടറിമാരിൽ ചിലർ ഡി.സി.സി അദ്ധ്യക്ഷപദവിയിൽ താൽപര്യം പ്രകടിപ്പിക്കുന്നുമുണ്ട്.
അനിവാര്യമാകുന്ന പുന:സംഘടന
ഇനിയും പുന:സംഘടന നീട്ടിക്കൊണ്ട് പോകാനാവില്ലെന്നും അത് സംസ്ഥാനത്ത് പാർട്ടിയെ കുരുതികൊടുക്കുന്നതിന് സമാനമായ നിലപാടാകുമെന്നും നേതാക്കൾ വ്യക്തമാക്കുന്നു.
അൻവർ രാജിവച്ചതോടെ വരാനിരിക്കുന്ന നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന് മുമ്പ് പ്രക്രിയ പൂർത്തീകരിക്കണമെന്നും വാദമുയരുന്നുണ്ട്. ഉപതെരഞ്ഞെടുപ്പ് ചൂണ്ടിക്കാട്ടി പുന:സംഘടന വൈകിപ്പിക്കുന്നതിൽ അർത്ഥമില്ലെന്നാണ് ഭൂരിഭാഗം നേതാക്കളും വ്യക്തമാക്കുന്നത്.
പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുധാകരനെ മാറ്റുമോ എന്നതിൽ ഇതുവരെ കൃത്യമായ തീരുമാനമെടുക്കാൻ കഴിഞ്ഞിട്ടില്ല.
ബെലഗാവി പ്രവർത്തക സമിതിക്കിടെ നടന്ന ചർച്ചകളിൽ സുധാകരന് ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന ദീപ ദാസ് മുൻഷിയുടെ വാദം അദ്ദേഹം തന്നെ തള്ളിയിരുന്നു.
എന്നാൽ രാജ്യമാകെ പുന:സംഘടന നടത്താനും പാർട്ടിക്ക് പുതിയ മുഖം കൊണ്ടുവരാനുമുള്ള എ.ഐ.സി.സി നിർദ്ദേശം അനുസരിച്ച് അദ്ദേഹം നിലവിലെ ചുമതലയിൽ നിന്ന് കേന്ദ്രനേതൃത്വത്തിലുള്ള ചുമതലയിലേക്ക് മാറാനും സാധ്യതയുണ്ട്.
കെ സുധാകരന്‍റെ ആത്മാര്‍ഥതയിലും അദ്ദേഹത്തിന്റെ തലയെടുപ്പിലും കഴിവിലും ആര്‍ക്കും തര്‍ക്കമില്ല.
പക്ഷേ ആഗ്രഹിക്കുന്ന തലത്തില്‍ പ്രവര്‍ത്തിക്കാന്‍ ഓര്‍മ്മകുറവ് ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങള്‍ അദ്ദേഹത്തെ അനുവദിക്കുന്നില്ല എന്നത് മാത്രമാണ് അദ്ദേഹത്തെ മാറ്റണമെന്ന നിര്‍ദേശത്തിന് പിന്നിലുള്ളത്.
ജംബോ വേണ്ടേ വേണ്ട !
പുന:സംഘടനയിൽ ജംബോ കമ്മറ്റികൾ വേണ്ടെന്ന തീരുമാനത്തെയും ഒരു വിഭാഗം മുതിർന്ന നേതാക്കൾ എതിർക്കുന്നുണ്ട്.
തങ്ങൾക്കൊപ്പമുള്ളവരെ തിരുകികയറ്റി സ്ഥാനമാനങ്ങൾ ഉറപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് അവർ വാദമുയർത്തുന്നതെന്ന ആക്ഷേപവും പാർട്ടിക്കുള്ളിൽ നിന്ന് തന്നെ ഉയരുന്നുണ്ട്.
എന്നാൽ 40ൽ അധികം സെക്രട്ടറിമാരെ നിയമിക്കേണ്ടെന്ന വാദത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉറച്ച് നിൽക്കുകയാണ്.
ജംബോ കമ്മറ്റികൾ പാർട്ടിയുടെ മുന്നോട്ട് പോക്കിന് ഗുണകരമാവില്ലെന്നും പൊതുവിൽ അഭിപ്രായമുണ്ട്.
ഗ്രൂപ്പ് നോക്കി നേതാക്കളെ ഭാരവാഹിത്വങ്ങളില്‍ കുടിയിരുത്താനുള്ള പഴയ ഗ്രൂപ്പ് മാനേജര്‍മാരുടെ നീക്കങ്ങളിലും പാര്‍ട്ടിയില്‍ പൊതുവികാരമുണ്ട്.
കുറെക്കാലങ്ങളായി മാറ്റി നിര്‍ത്തപ്പെട്ട ഗ്രൂപ്പ് വീണ്ടും പുനരുജ്ജീവിപ്പിക്കാനുള്ള നീക്കം തടയണമെന്നും ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കള്‍ ആവശ്യപ്പെടുന്നു.
ഇതിനിടെ പുതിയ കെ.പി.സി.സി പ്രസിഡണ്ട് വേണ്ടെന്നാണ് ഗ്രൂപ്പ് മാനേജര്‍മാരുടെ നിലപാട്.
ഗ്രൂപ്പില്ലാത്ത ചെറുപ്പക്കാര്‍ ആരെങ്കിലും പുതിയ അദ്ധ്യക്ഷനായാല്‍ തങ്ങളുടെ പ്രധാന്യം കുറയുമെന്നതാണ് അവരുടെ നിലപാട്. അത്തരക്കാരാണ് പുനസംഘടന അട്ടിമറിക്കാന്‍ കരുക്കള്‍ നീക്കുന്നതും.