/sathyam/media/media_files/2025/01/15/7DVHgiVhL70TkZ0Yw8Aq.jpg)
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട രാജീവ് ചന്ദ്രശേഖർ തലസ്ഥാനത്ത് പ്രവർത്തനം ഊർജ്ജിതമാക്കുന്നു.
വലിയ കോലാഹലങ്ങളില്ലാതെ താഴേത്തട്ടിലെയും ജില്ലയിലെയും വട്ടിയൂർക്കാവ് മണ്ഡലത്തിലെയും പ്രധാന പ്രവർത്തകരെയും സന്ദർശിച്ചാണ് അദ്ദേഹം തന്റെ സാന്നിധ്യം ഉറപ്പിക്കുന്നത്. കവടിയാറിൽ പുതിയ വീട് വാങ്ങി അദ്ദേഹം മണ്ഡലത്തില്‍ താമസമാക്കാനും തീരുമാനിച്ചു കഴിഞ്ഞു.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ശശി തരൂരിനെ വിറപ്പിച്ച് നേരിയ വോട്ടുകൾക്കാണ് അദ്ദേഹം പരാജയപ്പെട്ടത്. ക്രൈസ്തവ സഭകളുമായി ഏറെ അടുപ്പം പുലർത്തുന്ന അദ്ദേഹം മണ്ഡലത്തിൽ നിറഞ്ഞ് നിന്നുള്ള പ്രവർത്തനങ്ങൾ നടത്താനാണ് പദ്ധതിയുള്ളത്.
പാർട്ടിയിൽ സംഘടനാ തിരഞ്ഞെടുപ്പ് നടക്കുന്ന അവസരത്തിൽ അദ്ദേഹം നടത്തുന്ന സന്ദർശനങ്ങൾക്കും ഏറെ രാഷ്ട്രീയ പ്രാധാന്യം കൽപ്പിക്കപ്പെടുന്നുണ്ട്. പാർട്ടി അദ്ധ്യക്ഷ പദവിയിലേക്ക് പരിഗണിക്കപ്പെടുന്നവരിൽ ഒരാൾ കൂടിയാണ് അദ്ദേഹം.
കോൺഗ്രസിലെ അതികായനും തുടർച്ചയായി തലസ്ഥാനത്ത് നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ലോക്‌സഭാംഗവുമായ ശശി തരൂരിനെ തെരെഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്ക് മുന്‍പുള്ള കുറഞ്ഞ സമയത്തെ പ്രവർത്തനം കൊണ്ട് വിറപ്പിക്കാൻ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് രാജീവുള്ളത്.
അതുകൊണ്ട് തന്നെ മണ്ഡലം തിരിച്ചു പിടിക്കാൻ അദ്ദേഹത്തിന് കഴിയുമെന്നും ബി.ജെ.പി വിലയിരുത്തുന്നു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് മണ്ഡലം ലക്ഷ്യം വെച്ചുള്ള പ്രവർത്തനങ്ങളും അദ്ദേഹം നടത്തുന്നുവെന്നാണ് പാർട്ടി കേന്ദ്രങ്ങൾ വ്യക്തമാക്കുന്നത്.
വട്ടിയൂർക്കാവിൽ വിജയിച്ചാൽ എം.എൽ.എയെന്ന തരത്തിലുള്ള തന്റെ പ്രവർത്തനത്തിലൂടെ ജനങ്ങൾക്കിടയിൽ നിറയാമെന്നും അതുവഴി 2029 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിൽ വിജയവഴി വെട്ടിത്തുറക്കാമെന്നും അദ്ദേഹം കണക്കുകൂട്ടുന്നു.
തൃശ്ശൂരിലെ സുരേഷ് ഗോപിയുടെ ജയവും രാജീവിന്റെ ആത്മവിശ്വാസം വർധിപ്പിക്കുന്ന ഘടകങ്ങളിലൊന്നാണ്. തൃശ്ശൂരിൽ ക്രൈസ്തവ സഭകളെ സ്വാധീനിക്കുന്നതിൽ ബി.ജെ.പി സർക്കാർ പുറത്തെടുത്ത തന്ത്രം തിരുവനന്തപുരത്തും ആവർത്തിച്ചാൽ വിജയം എളുപ്പമാകുമെന്ന് പാർട്ടി കേന്ദ്രനേതൃത്വവും വിലയിരുത്തുന്നുണ്ട്. അത്തരത്തിലുള്ള രാജീവിന്‍റെ നീക്കങ്ങള്‍ ഏറെക്കുറെ ഫലം കാണുകയും ചെയ്തിരുന്നു.
എന്നാല്‍ അദ്ദേഹത്തിനൊപ്പം, അടുത്തിടെ പാര്‍ട്ടിയിലെത്തിയ വിവാദ നേതാവിന്‍റെ സ്ഥിര സാന്നിധ്യം സഭാതലപ്പത്തുള്ള ചില ബിഷപ്പുമാര്‍ക്കിടയില്‍ സംശയമുന ഉയര്‍ത്തിയിട്ടുണ്ട്.
സഭകളെ കാവിവത്കരിക്കാനുള്ള മൊത്തക്കച്ചവടവുമായി ചില യുവനേതാക്കള്‍ ബിജെപിയില്‍ ചേക്കേറിയിട്ടുണ്ടെന്ന ആരോപണങ്ങള്‍ സഭാ സിനഡില്‍ വരെ ചര്‍ച്ച ആകുകയും സിനഡിനു മുന്നോടിയായി അതിനെയൊക്കെ തള്ളിക്കളയുന്ന ചില നീക്കങ്ങള്‍ മുതിര്‍ന്ന ബിഷപ്പുമാരുടെ ഇടയില്‍ നിന്നും ഉയരുകയും ചെയ്തിരുന്നു.
സഭ രാഷ്ട്രീയക്കാരുടെ ആയുധമായി മാറുന്നതിനെതിരെ ജാഗ്രത വേണമെന്ന നിര്‍ദേശമാണ് ബിഷപ്പുമാരില്‍ നിന്നും ഉയരുന്നത്. കേരളത്തിലെ സാഹചര്യങ്ങള്‍ മനസിലാകാത്തതിനാലാണ് അത്തരത്തിലുള്ള ആളുകളുടെ പിടിയില്‍ രാജീവ് വീണുപോകുന്നതെന്നാണ് ആരോപണം.
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തലസ്ഥാനത്തെ കോർപ്പറേഷൻ ഭരണം പിടിക്കാൻ രാജീവിന്റെ നേതൃത്വത്തിൽ പ്രവര്‍ത്തനം സജ്ജീകരിക്കാനും നീക്കമുണ്ട്.
കോർപ്പറേഷൻ ബി.ജെ.പി പിടിച്ചാൽ നഗര പ്രദേശത്തെ നേമമടക്കമുള്ള പല നിയമസഭാ മണ്ഡലങ്ങളിലും തങ്ങൾക്ക് വിജയിക്കാനാവുമെന്നും അതുവഴി ലോക്‌സഭയിൽ അംഗത്വം ഉറപ്പിക്കാനാവുമെന്നുമാണ് പാർട്ടി കേന്ദ്ര നേതൃത്വത്തിന്റെ മനസിലിരുപ്പ്.