/sathyam/media/media_files/2025/01/15/7X5aQJCz6haWDbMwt4At.jpg)
തിരുവനന്തപുരം: ഇന്ത്യയെ ബഹിരാകാശ നേട്ടങ്ങളുടെ നെറുകയിലെത്തിച്ച ശേഷം ഐ.എസ്.ആർ.ഒ. ചെയർമാൻ പദവിയൊഴിഞ്ഞ ഡോ. എസ്. സോമനാഥിനായി കേന്ദ്രസർക്കാർ ഉന്നത പദവികൾ കാത്തുവച്ചിരിക്കുന്നതായി സൂചന.
അദ്ദേഹത്തെ രാജ്യസഭയിലെത്തിക്കാനും സയൻസ് ആൻഡ് ടെക്നോളജി മന്ത്രിയാക്കാനും ബിജെപി ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.
നേരത്തേ പാർലമെന്റ് തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർത്ഥിയായി മത്സരിപ്പിക്കാൻ സോമനാഥിനെ പരിഗണിച്ചിരുന്നെങ്കിലും അനാരോഗ്യം കാരണം അദ്ദേഹം ഒഴിയുകയായിരുന്നു.
എന്നാൽ സോമനാഥിന്റെ സേവനം രാജ്യത്തിന് ആവശ്യമായതിനാൽ അദ്ദേഹത്തെ രാജ്യസഭാംഗമാക്കാനും കേന്ദ്രമന്ത്രിയാക്കാനും പ്രധാനമന്ത്രി മോഡി തന്നെ നിർദേശിച്ചതായാണ് അറിയുന്നത്.
സോമനാഥിന്റെ നേതൃത്വത്തിലാണ് ഐ.എസ്.ആർ.ഒ സുപ്രധാന നേട്ടങ്ങൾ കരസ്ഥമാക്കിയത്. കഴിഞ്ഞ മൂന്നു വർഷത്തിനിടെ ഒട്ടേറെ സുപ്രധാന ബഹിരാകാശദൗത്യങ്ങൾ വിജയകരമായി പൂർത്തിയാക്കി.
ചന്ദ്രയാൻ-3, ആദിത്യ എൽ-1, പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനത്തിന്റെ പരീക്ഷണങ്ങൾ, മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന ഗഗൻയാൻ ദൗത്യത്തിനുള്ള നിർണായക പരീക്ഷണങ്ങൾ, സ്മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റെ (എസ്.എസ്.എൽ.വി.) വികസനം, സ്‌പെയ്ഡെക്‌സ് എന്നിവയെല്ലാം സോമനാഥിന്റെ നേതൃത്വത്തിലാണ് നടന്നത്.
ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്തിയ ചന്ദ്രയാൻ -3 വിജയമാണ് സോമനാഥിന്റെ കിരീടത്തിലെ പൊൻതൂവൽ. 2019-ൽ ചന്ദ്രയാൻ-2ന്റെ സോഫ്റ്റ്‌ലാൻഡിങ് പരാജയപ്പെട്ടെങ്കിലും അടുത്ത ശ്രമത്തിൽ ആ ദൗത്യം വിജയിക്കുകയായിരുന്നു.
ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യ എൽ 1 വിക്ഷേപിച്ചതും സോമനാഥിന്റെ നേട്ടമാണ്. ബഹിരാകാശത്തുവെച്ച് പേടകങ്ങളെ കൂട്ടിയോജിപ്പിക്കുന്ന ദൗത്യം അന്തിമഘട്ടത്തിലെത്തി നിൽക്കേയാണ് അദ്ദേഹം പടിയിറങ്ങിയത്.
ആദിത്യ എൽ-1 വിക്ഷേപിച്ച ദിവസം രാവിലെ തനിക്ക് വയറ്റിൽ അർബുദബാധയുണ്ടെന്ന് തിരിച്ചറിഞ്ഞെന്ന് സോമനാഥ് പിന്നീട് വെളിപ്പെടുത്തിയിരുന്നു.
ആലപ്പുഴ തുറവൂർ സ്വദേശിയായ സോമനാഥ് 2022 ജനുവരി 14-നാണ് ഡോ. കെ. ശിവന്റെ പിൻഗാമിയായി ഐ.എസ്.ആർ.ഒ. ചെയർമാൻ സ്ഥാനത്തെത്തിയത്.
ബഹിരാകാശ ഗവേഷണ രംഗത്ത് രാജ്യം ഏറെ മുന്നേറുമ്പോള്‍ ചന്ദ്രയാനിലും ജി.എസ്.എല്‍.വി.യിലും അവിസ്മരണീയ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച എസ്. സോമനാഥ് മലയാളികള്‍ക്കാകെ അഭിമാനമാവുകയാണ്.
'ഭൂമിയില്ലെങ്കില്‍ ആകാശവും ശൂന്യാകാശവും മറ്റുഗ്രഹങ്ങളുമില്ല. അതുകൊണ്ട് ആകാശങ്ങള്‍ സ്വപ്നംകാണുന്നത് ഭൂമിയില്‍ നിലയുറപ്പിച്ചുകൊണ്ടാകണം.' രാജ്യത്തിന്റെ ബഹിരാകാശദൗത്യങ്ങളുടെ തലപ്പത്തെത്തിയപ്പോൾ ഡോ. എസ്. സോമനാഥ് പറഞ്ഞത് ഇങ്ങനെയായിരുന്നു.
1985-ല്‍ ആദ്യ പി.എസ്.എല്‍.വി. റോക്കറ്റിന്റെ നിര്‍മാണത്തില്‍ പങ്കാളികളാകാന്‍ ഐ.എസ്.ആര്‍.ഒ. തിരഞ്ഞെടുത്ത പ്രഗല്ഭ വിദ്യാര്‍ഥികളിലൊരാളായിരുന്നു കൊല്ലം ടി.കെ.എം. എന്‍ജിനിയറിങ് കോളേജിലെ മെക്കാനിക്കല്‍ വിഭാഗം വിദ്യാര്‍ഥി സോമനാഥ്.
കോളേജിലെ അവസാനവര്‍ഷ വിദ്യാര്‍ഥികളായ പി. സുരേഷ് ബാബു, വി.പി. ജോയ്, ജെയിംസ് കെ. ജോര്‍ജ്, ഷാജി ചെറിയാന്‍ എന്നീ സുഹൃത്തുക്കള്‍ക്കൊപ്പമാണ് സോമനാഥും ഐ.എസ്.ആര്‍.ഒ.യുടെ വലിയമല കേന്ദ്രത്തിലെത്തിയത്.
ഇവരില്‍ ജെയിംസും ഷാജിയും സോമനാഥിന്റെ സഹപ്രവര്‍ത്തകരായി. വി.പി. ജോയി ഐ.എ.എസിലെത്തി കേരളത്തിന്റെ ചീഫ് സെക്രട്ടറിയായി. പി. സുരേഷ് ബാബുവും ഐ.എ.എസിലെത്തി. വലിയമലയിലും തുമ്പയിലുമായി ഇന്ത്യയുടെ ബഹിരാകാശലോകത്തിനൊപ്പം വളര്‍ന്നു.
ആലപ്പുഴ തുറവൂരുകാരനായ സോമനാഥിന്റെ സ്‌കൂള്‍വിദ്യാഭ്യാസം അരൂരിലും പ്രീഡിഗ്രി എറണാകുളം മഹാരാജാസ് കോളേജിലുമായിരുന്നു. സ്‌കൂളധ്യാപകനായിരുന്ന അച്ഛന്‍ ശ്രീധരപ്പണിക്കരുടെയും അമ്മ തങ്കമ്മയുടെയും മേല്‍നോട്ടത്തില്‍ മികച്ചവിദ്യാര്‍ഥിയായിരുന്നു സോമനാഥ്. സ്‌കോളര്‍ഷിപ്പ് തുകകൊണ്ടാണ് പഠിച്ചത്.
ഐ.എസ്.ആര്‍.ഒ.യില്‍നിന്ന് അവധിയെടുത്ത് ബാംഗ്ലൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍നിന്നു എയ്‌റോസ്‌പേസ് എന്‍ജിനിയറിങ്ങില്‍ പി.ജി. നേടി. അവധിയും സമയവും നോക്കാതെയുള്ള ജോലി. ഇതെല്ലാം അദ്ദേഹത്തിന്റെ മക്കളും മാതൃകയാക്കി.
എം.ടെക് കഴിഞ്ഞ മകള്‍ മാലിക ബാംഗ്ലൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ പിഎച്ച്.ഡി. ചെയ്യുന്നു. ബി.ടെക് കഴിഞ്ഞ മകന്‍ മാധവ് എറണാകുളത്ത് ജോലിചെയ്യുകയാണ്. ചെറുപ്പത്തില്‍ പാട്ടുപഠിക്കാന്‍ കഴിയാത്തതിന്റെ വിഷമം സോമനാഥ് പരിഹരിച്ചത് മുതിര്‍ന്നപ്പോഴാണ്. സംഗീതപഠനം ജോലിയുടെ ടെന്‍ഷന്‍ കുറയ്ക്കാനും ഉപകരിച്ചു.
ഐ.എസ്.ആര്‍.ഒ.യുടേതുള്‍പ്പെടെ ഒട്ടേറെ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. ഇന്റര്‍നാഷണല്‍ അക്കാദമി ഓഫ് ആസ്ട്രോനാട്സ് അംഗം, ഇന്‍ര്‍നാഷണല്‍ ആസ്ട്രോനോട്ടിക്കല്‍ ഫെഡറേഷന്‍ വൈസ് പ്രസിഡന്റ് തുടങ്ങിയ ഒട്ടേറെ ചുമതലകളും വഹിച്ചു.
2015 ജൂണില്‍ വലിയമല എല്‍.പി.എസ്.സി.യുടെ ഡയറക്ടറായ സോമനാഥ്, 2018 ജനുവരിയില്‍ വി.എസ്.എസ്.സി. ഡയറക്ടറായി. വി.എസ്.എസ്.സി.യിലും ഡോ. കെ. ശിവന്റെ പിന്‍ഗാമിയായെത്തിയ അദ്ദേഹം, ഐ.എസ്.ആര്‍.ഒ. ചെയര്‍മാനാകുന്നതും ഡോ. കെ. ശിവന്റെ പിന്‍ഗാമിയായിത്തന്നെയായിരുന്നു.