/sathyam/media/media_files/2025/01/15/CVIuKXvMdaMuZl2NNX53.jpg)
തിരുവനന്തപുരം: നിഷ്ഠൂരമായ രാഷ്ട്രീയ കൊലപാതകത്തിനിരയായ ടി.പി ചന്ദ്രശേഖരന്റെയും കെ.കെ രമ എം.എൽ.എയുടെയും മകനായ അഭിനന്ദിന്റെ വിവാഹത്തിന് സി.പി.എം നേതാക്കൾക്കും ക്ഷണം.
സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ അടക്കമുള്ളവരെയാണ് കെ.കെ രമ നേരിട്ട് വിവാഹത്തിന് ക്ഷണിച്ചിട്ടുള്ളത്. മന്ത്രിമാർക്കും ചില ഇടത് എം.എൽ.എമാർക്കും അവർ ക്ഷണക്കത്ത് നൽകിയിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ ഓഫീസിലും ക്ഷണമെത്തിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. വിവാഹത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് ഒരു നേതാക്കളെയും സി.പി.എം വിലക്കിയിട്ടില്ല.
സി.പി.എമ്മിൽ വലിയ സുഹൃത്ത് വലയമുള്ളയാളായിരുന്നു ടി.പി ചന്ദ്രശേഖരൻ. സി.പി.എമ്മിനോട് പിണങ്ങി ആർ.എം.പി രൂപീകരിച്ചതാണ് അദ്ദേഹത്തിന്റെ കൊലപാതകത്തിൽ കലാശിച്ചതെന്നും അന്വേഷണത്തിൽ നിന്നും വ്യക്തമായിരുന്നു.
കൊലപാതകത്തിൽ സി.പി.എമ്മിന്റെ ഉന്നത നേതാക്കൾവരെ പ്രതിക്കൂട്ടിലാവുന്ന അവസ്ഥയുണ്ടായിരുന്നു. സംഭവത്തെ തുടർന്ന് ഒഞ്ചിയത്ത് സി.പി.എം തകർന്നടിയുകയും എൻ.വേണുവും കെ.കെ രമയും ഉൾപ്പെട്ട ആർ.എം.പി (റവല്യൂഷണറി മാർക്‌സിസ്റ്റ് പാർട്ടി) വലിയ മുന്നേറ്റം നടത്തുകയും ചെയ്തു.
സി.പി.എം. വിട്ട് ആർ.എം.പി. രൂപവത്കരിച്ച ടി.പി. ചന്ദ്രശേഖരനെ 2012 മേയ് നാലിന് രാത്രിയാണ് അക്രമിസംഘം നിഷ്ഠൂരമായി വെട്ടിക്കൊന്നത്.
കൊല്ലപ്പെടുമ്പോൾ മുൻ എം.എൽ.എയും അടുത്ത സുഹൃത്തും സി.പി.എം നേതാവുമായ സുരേഷ് കുറുപ്പിന്റെ മകന്റെ വിവാഹത്തിൽ പങ്കെടുക്കാനായി ബുക്ക് ചെയ്ത ട്രെയിൻ ടിക്കറ്റ് ടി.പിയുടെ പോക്കറ്റിൽ നിന്നും കണ്ടെടുത്തിരുന്നു.
ടി.പി കൊല്ലപ്പെട്ടതിന് ശേഷം ആർ.എം.പിയിലൂടെ രാഷ്ട്രീയത്തിൽ സജീവമായ കെ.കെ രമയെ സി.പി.എം വലിയ രീതിയിൽ ആക്ഷേപിക്കുകയും അപഹസിക്കുകയും ചെയ്തിരുന്നു.
ടിപിയുടെ മരണശേഷം ഒഞ്ചിയത്തെത്തിയ അന്നത്തെ പാർട്ടി സെക്രട്ടറി പിണറായി വിജയൻ 'കുലം കുത്തികൾ കൂലം കുത്തികൾ തന്നെ' എന്ന് പ്രസംഗിച്ചതും ഏറെ കോളിളക്കമുണ്ടാക്കിയിരുന്നു.
അന്നത്തെ മുഖ്യമന്ത്രിയായിരുന്ന വി.എസ് അച്യുതാനന്ദൻ ടി.പി ചന്ദ്രശേഖരന്റെ വീട് സന്ദർശിച്ചതും വലിയ വാർത്താ പ്രാധാന്യവും സി.പി.എമ്മിനുള്ളിൽ വലിയ ചർച്ചയ്ക്കും വഴിവെച്ചിരുന്നു.