കേരളാ കോണ്‍ഗ്രസിനെ യുഡിഎഫ് 'വന'ത്തില്‍ കയറി റാഞ്ചേണ്ടെന്ന് ഉറപ്പിച്ചത് സിപിഎം. മുസ്ലീം വിഭാഗങ്ങള്‍ അകലുമ്പോള്‍ ക്രൈസ്തവ സഭകളെ ഒപ്പം നിര്‍ത്തണമെന്നതും ലക്ഷ്യം. പ്രതിപക്ഷ നേതാവിൻെറ മലയോര ജാഥയും കണ്ണുകടിയായി. ഭേദഗതി തങ്ങളുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുമെന്ന ജോസ് കെ മാണിയുടെ മുന്നറിയിപ്പില്‍ അപകടം മണത്തു. മന്ത്രി വാശി പിടിച്ചിട്ടും വനംഭേദഗതി പൊക്കം വിടാന്‍ പിണറായിയെ പ്രേരിപ്പിച്ചത് ക്രൈസ്തവ വോട്ട്ബാങ്ക് !

തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്ന വർഷത്തിൽ സംസ്ഥാന സർക്കാരിനെതിരെ ജനങ്ങളെ അണിനിരത്താൻ ലഭിച്ച സുവർണാവസരം എന്ന നിലയിലാണ് പ്രതിപക്ഷം വനനിയമ ഭേദഗതിയെ കണ്ടത്.

New Update
jose k mani pinarai vijayan mar remijiose inchananiyil
Listen to this article
0.75x1x1.5x
00:00/ 00:00

തിരുവനന്തപുരം: വന നിയമഭേദഗതി റദ്ദാക്കുന്നതിലൂടെ വലിയ രാഷ്ട്രീയ നേട്ടമാണ് സർക്കാർ ലക്ഷ്യമിടുന്നത്. മലയോര മേഖലയിൽ ഈ വിഷയം ശക്തിയേറിയ ആയുധമാക്കി ഉപയോഗിക്കാൻ തയ്യാറെടുക്കുന്ന പ്രതിപക്ഷ നീക്കത്തിന് തടയിടാൻ ഇതിലൂടെ സർക്കാരിന് കഴിയും.

Advertisment

മുസ്ലീം വിഭാഗങ്ങള്‍ പാര്‍ട്ടിയില്‍ നിന്നും അകലുകയാണെന്ന അഭ്യൂഹങ്ങള്‍ക്കിടെ ക്രൈസ്തവ സഭകളെ ഒപ്പം നിര്‍ത്താനുള്ള നീക്കങ്ങളുടെ ഭാഗം കൂടിയാണിത്.


അതുവഴി നിലമ്പൂ‍ർ ഉപതിരഞ്ഞെടുപ്പിനെ ആത്മവിശ്വാസത്തോടെ സമീപിക്കാനും കഴിയും. വനനിയമ ഭേദഗതിയിൽ ആശങ്ക രേഖപ്പെടുത്തിയ കേരള കോൺഗ്രസ് (എം) നെ ഇടതു മുന്നണിയിൽ ഉറപ്പിച്ചു നിർത്താനും ഈ തീരുമാനത്തിലൂടെ സിപിഎമ്മിന് സാധിക്കുമെന്നാണ് നേതൃത്വത്തിൻെറ കണക്കുകൂട്ടൽ.


തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്ന വർഷത്തിൽ സംസ്ഥാന സർക്കാരിനെതിരെ ജനങ്ങളെ അണിനിരത്താൻ ലഭിച്ച സുവർണാവസരം എന്ന നിലയിലാണ് പ്രതിപക്ഷം വനനിയമ ഭേദഗതിയെ കണ്ടത്. അതുകൊണ്ടാണ് പ്രതിപക്ഷ നേതാവിൻെറ നേതൃത്വത്തിൽ മലയോര ജാഥ സംഘടിപ്പിക്കാൻ തീരുമാനിച്ചത്.

vd satheesan tvm press meet

ഗാഡ്ഗിൽ-കസ്തൂരിരംഗൻ റിപോർട്ട് ഉണ്ടാക്കിയ പ്രതിഷേധത്തിന് സമാനമായ വികാരം മലയോര മേഖലയിലെ ജനങ്ങൾക്കിടയിൽ ഉണ്ടാക്കുകയായിരുന്നു പ്രതിപക്ഷത്തിൻെറ ലക്ഷ്യം.

വനനിയമ ഭേദഗതിക്ക് പുറമേ വന്യജീവി ആക്രമണത്തിൽ ദിവസേന സാധാരണക്കാർ കൊല്ലപ്പെടുന്നതും മലയോര മേഖലയെ അസ്വസ്ഥമാക്കുന്നുണ്ട്.

ദിവസേന എന്നോണം മലയോര മേഖലയിൽ ഉണ്ടാകുന്ന വന്യജീവി ആക്രമണങ്ങൾ അതിന് പ്രതിപക്ഷത്തെ കുറച്ചൊന്നുമല്ല സഹായിച്ചത്.


കാടുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിൽ ഇടതുമുന്നണിയെ തുടച്ചുനീക്കാൻ തക്ക പ്രഹര ശേഷിയുള്ള വൈകാരിക ആയുധമായി ഇത് മാറുന്നത് വലിയ ഞെട്ടലോടെയാണ്  ഇടതുമുന്നണിയും സർക്കാരും കണ്ടത്.


ഇതെല്ലാം സർക്കാരിന് എതിരായ ജനവികാരമായി മാറുമെന്ന തിരിച്ചറിവിലാണ് ന്യായീകരണങ്ങൾക്കൊന്നും മുതിരാതെ വനനിയമ ഭേദഗതി പിൻവലിക്കാൻ മുഖ്യമന്ത്രി തീരുമാനിച്ചത്.

മലയോര ജനതയുടെ ആശങ്കയെ സർക്കാർ ഗൗരവത്തോടെ കാണുന്നുവെന്നും അതാണ് നിയമ ഭേദഗതി തന്നെ പിൻവലിക്കുന്നതെന്നുമുളള ഏറ്റുപറച്ചിലിന് മുഖ്യമന്ത്രി തയാറായത്.


ക്രൈസ്തവ സഭകളുടെ തുറന്ന എതിർപ്പും പിവി അൻവറിന്റെ മലയോര മേഖലകൾ കേന്ദ്രീകരിച്ചുള്ള പ്രചരണവും പ്രതിപക്ഷ നേതാവിന്റെ മലയോര യാത്രയുമൊക്കെ സർക്കാരിനെ വലിയ സമ്മർദ്ദത്തിലാക്കിയിരുന്നു.


നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്, തദ്ദേശ തെരഞ്ഞെടുപ്പ്, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും എല്ലാം സർക്കാരിനെതിരെ ആളിക്കത്തിക്കാവുന്ന വിഷയമായി വന നിയമ ഭേദഗതി മാറുമെന്ന് സർക്കാർ തിരിച്ചറിഞ്ഞു. 

infam meeting kochi

ചുവപ്പുകൊടി കാണിച്ച് ഇന്‍ഫാം 

കെസിബിസിയുടെ കര്‍ഷക സംഘടനയായ ഇന്‍ഫാം ആണ് സഭയുടെ ഭാഗത്തുനിന്നും ആദ്യമായി വന നിയമ ഭേദഗതിക്കെതിരെ കടുത്ത പ്രതിക്ഷേധവുമായി രംഗത്ത് വന്നത്.


താമരശേരി ബിഷപ്പ് ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ എര്‍ണാകുളത്ത് ചേര്‍ന്ന ഇന്‍ഫാം ദേശീയ എക്സിക്യൂട്ടീവ് ഉത്ഘാടനം ചെയ്തുകൊണ്ടാണ് വന നിയമ ഭേദഗതിക്കെതിരെ പ്രക്ഷോഭം പ്രഖ്യാപിച്ചത്. 


mar remigious inchananiyil

യോഗത്തില്‍ അധ്യക്ഷത വഹിച്ച ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ യോഗത്തില്‍ പ്രഖ്യാപിക്കുകയും ചെയ്തു. പ്രശ്നത്തില്‍ ഇടപെടാന്‍ കേരളാ കോണ്‍ഗ്രസ് എമ്മിലും ഇന്‍ഫാം സമ്മര്‍ദം ചെലുത്തി. 


ഇന്‍ഫാമിന്‍റെ വേദിയില്‍ വച്ചാണ് വന നിയമ ഭേദഗതി സഭയില്‍ പാസ്സാക്കാന്‍ അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് ഡോ. എന്‍ ജയരാജ് പ്രഖ്യാപിക്കുന്നത്. അന്ന് വേദിയിലുണ്ടായിരുന്ന സിപിഐ നേതാവുകൂടിയായ വാഴൂര്‍ സോമന്‍ എംഎല്‍എ അപ്പോള്‍ തന്നെ ജയരാജിനെ പിന്തുണച്ചു.


ജയരാജ് വിപ്പ് തന്നില്ലെങ്കില്‍ താനും ഭേദഗതിക്കെതിരെ രംഗത്ത് വരുമെന്ന് സോമന്‍ പറഞ്ഞു. കെസിബിസി ജാഗ്രതാ സമിതി ഉള്‍പ്പെടെ ഇതിനിടെ രംഗത്ത് വന്നു.

n jayaraj vazhoor soman

ആ മുന്നറിയിപ്പില്‍ അപകടം മണത്തു

ഇതോടെ, മധ്യകേരളത്തിൽ ഇടതുമുന്നണിയുടെ സ്വാധീനം വർദ്ധിപ്പിച്ച കേരള കോൺഗ്രസ് എമ്മിൽ നിന്നുള്ള സമ്മർദ്ദം കൂടിയായപ്പോള്‍ പെട്ടെന്നുള്ള പിന്മാറ്റത്തിന് കാരണമായി മാറി.


വന നിയമഭേദഗതി ഈ രൂപത്തിൽ നടപ്പാക്കിയാൽ അത് തങ്ങളുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുമെന്ന് കേരള കോൺഗ്രസ് എം നേതൃത്വം മുഖ്യമന്ത്രിയെ ധരിപ്പിച്ചു. മുന്നണിക്കുള്ള പാര്‍ട്ടിയുടെ മുന്നറിയിപ്പ് കൂടിയായിരുന്നു ആ സന്ദേശം.


പറ്റിയ രാഷ്ട്രീയാവസരത്തിൽ കേരള കോൺഗ്രസ് എമ്മിനെ അടർത്തിയെടുക്കാൻ തക്കംപാ‍ർത്ത് ഇരിക്കുന്നവരാണ് പ്രതിപക്ഷമെന്നും മുഖ്യമന്ത്രിക്ക് അറിയാം.

കേരള കോൺഗ്രസ് എം മുന്നണി വിട്ടുപോയാൽ ഉണ്ടാകുന്ന തിരിച്ചടി കൂടി കണക്കിലെടുത്താണ് സർക്കാർ തീരുമാനം സംശയങ്ങൾക്കിടനൽകാത്ത വിധം മുഖ്യമന്ത്രി തന്നെ പ്രഖ്യാപിച്ചത്. 

ഇതോടെ നിലമ്പൂർ ഉപതിരഞ്ഞെടുപ്പിനെ തൻേറടത്തോടെ നേരിടാൻ കഴിയുമെന്ന വിശ്വാസം ഇടത് മുന്നണിയിലാകെ പരന്നിട്ടുമുണ്ട്.

Advertisment