/sathyam/media/media_files/2025/01/17/GUFZDMHU56VlF31DzYlF.jpg)
തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ ഗോപൻ സ്വാമിയുടെ സമാധി വിവാദമാകുമ്പോഴും അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരായ ബില്ലിന്റെ കരട് തയ്യാറാക്കിയ സർക്കാരിന് അനക്കമില്ല.
2019 ഒക്‌ടോബറിൽ കരട് തയ്യാറായിട്ടും അതിന്മേൽ ചർച്ചകൾ നടന്നിട്ടും നിയമസഭയിൽ അവതരിപ്പിച്ച് ബിൽ നിയമമാക്കാൻ ഇടത് സർക്കാരിന് ഇതുവരെ കഴിഞ്ഞില്ല.
അനാചാരങ്ങൾക്കും ആഭിചാരവൃത്തിക്കും ബില്ലിന്റെ കരടിൽ കടുത്ത ശിക്ഷ നിർദ്ദേശിക്കുന്നുണ്ടെങ്കിലും ആചാരങ്ങളും അനാചാരങ്ങളും വേർതിരിക്കാനാവില്ലെന്ന കാരണമുയർത്തി വിശ്വാസികൾ എതിരായേക്കുമെന്ന വിലയിരുത്തലിലാണ് സർക്കാർ ബിൽ പുഴ്ത്തിയിരിക്കുന്നത്.
ചില മതസ്ഥാപനങ്ങളടക്കം നടത്തുന്ന ജീവഹാനിക്കിടയില്ലാത്ത ആചാരങ്ങൾ അനാചാരത്തിന്റെ പട്ടികയില ഉൾപ്പെട്ടേക്കുമെന്നും നിയമത്തിന്റെ പരിധിയിൽ നിന്ന് അതൊഴിവാക്കാൻ സാധിക്കുന്നതല്ലെന്നും ആഭ്യന്തരവകുപ്പ് നിലപാടെടുത്തതോടെ ബിൽ ഫ്രീസറിലായി.
അനാചാരവും അന്ധവിശ്വാസവും കണ്ടെത്താൻ പൊലീസിൽ അധികാരം നിക്ഷിപ്തമാക്കിയതും വേണ്ടത്ര ആലോചനകളില്ലാതെയാണെന്ന് എതിർപ്പ് രൂപപ്പെട്ടിരുന്നു.
അഗ്‌നിക്കാവടി, കുത്തിയോട്ടം, തൂക്കം തുടങ്ങിയ ആചാരങ്ങൾ ബില്ലിന്റെ പരിധിയിൽനിന്ന് ഒഴിവാക്കണമെന്നാണ് നിയമവകുപ്പ് ശുപാർശ നൽകിയിരുന്നു.
എന്നാൽ അതിനൊപ്പമുള്ള മറ്റാചാരങ്ങളായ കുത്തിയോട്ടം, ശൂലംകുത്തി കാവടി, വില്ലിൽതൂക്കം, മലബാറിലെ തീചാമുണ്ഡിയടക്കമുള്ള തെയ്യങ്ങൾ എന്നിവ വിലക്ക് നേരിടേണ്ട പട്ടികയിൽപെട്ടാൽ അത് വിശ്വാസസമൂഹത്തെ വ്രണപ്പെടുത്തുമെന്ന തിരിച്ചറിവിലാണ് സർക്കാർ ബില്ലുമായി മുങ്ങാംകുഴിയിട്ടത്.
2013ൽ മഹാരാഷ്ട്രയും 2017ൽ കർണാടകവും ഇത്തരം നിയമങ്ങൾ പാസാക്കിയിരുന്നു. കർണാടകത്തിൽ ശാസ്ത്രപിൻബലമില്ലാത്ത ആചാരങ്ങൾ ആഭിചാരവും ദുരാചാരവുമാണ്.
മഹാരാഷ്ട്രയിൽ പിശാച് ബാധയൊഴിപ്പിക്കൽ, മാന്ത്രികക്കല്ല്, ദിവ്യചികിത്സ എന്നിവയ്ക്ക് 7 വർഷംവരെ തടവുശിക്ഷ ലഭിക്കും.
ബീഹാറിലും ജാർഖണ്ഡിലും ഛത്തീസ്ഗഡിലും കൂടോത്രം നിയമവിരുദ്ധമാക്കിയിട്ടുണ്ട്. രാജസ്ഥാനിൽ സ്ത്രീകൾക്കെതി രെ പ്രേതബാധയുടെ പേരിലുള്ള കൈയേറ്റം തടയാൻ നിയമവും നിലവിലുള്ളപ്പോഴാണ് നവോത്ഥാനത്തിന്റെ വക്താക്കൾ ചമയുന്ന ഇടതുപക്ഷം ഭരിക്കുന്ന സംസ്ഥാനത്തിൽ അനാചാര വിരുദ്ധ ബിൽ ഫ്രീസറിലിരിക്കുന്നത്.