/sathyam/media/media_files/2025/01/17/4Jal3KfAvpeZqhU92owo.jpg)
തിരുവനന്തപുരം: കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി.അശോകിനെ തദ്ദേശ ഭരണ പരിഷ്‌ക്കാര കമ്മീഷനായി നിയമിച്ച മന്ത്രിസഭാ തീരുമാനത്തിന് കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ സ്റ്റേ.
നിയമനത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടി അശോക് അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചതോടെയാണ് നടപടി താൽക്കാലികമായി സ്റ്റേ ചെയ്തത്. ഇതോടെ സംസ്ഥാനത്ത് ഐ.എ.എസ് ഉദ്യോഗസ്ഥർക്കിടയിലുള്ള പോര് മറ്റൊരു തലത്തിലേക്ക് കടന്നു.
ഇതുമായി ബന്ധപ്പെട്ട് ടിങ്കു ബിസ്വാളിന് കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ അധിക ചുമതല നൽകിചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവ് നിലവിൽ ത്രിശങ്കുവിലായി.
കേന്ദ്ര ഐ.എ.എസ് ഡെപ്യൂട്ടേഷൻ ചട്ടങ്ങളും ഡെപ്യൂട്ടേഷൻ സംബന്ധിച്ച നിരവധി സൂപ്രീം കോടതി വിധികൾക്കുമെതിരെയാണ് കമ്മീഷനായുള്ള തന്റെ ഏകപക്ഷീയ നിയമനമെന്ന അശോകിന്റെ വാദം ട്രിബ്യൂണൽ അംഗീകരിക്കുകയായിരുന്നു.
കാർഷികോൽപ്പാദന കമ്മീഷണർ, പ്രിൻസിപ്പൽ സെക്രട്ടറി, കാർഷിക സർവ്വകലാശാല വൈസ് ചാൻസിലർ എന്നീ പദവികളിൽ ഡോ. അശോകിന് തുടരാം.
ഒരു കമ്മീഷൻ രൂപീകരിക്കുന്നതിൽ പാലിക്കേണ്ട അടിസ്ഥാന നടപടിക്രമങ്ങൾ ഒന്നും തന്നെ പാലിക്കാതെയാണ് കമ്മീഷനിൽ നിയമനം നടത്തിയതെന്ന് ട്രിബ്യൂണൽ വാദത്തിനിടെ നിരീക്ഷിച്ചു.
ശമ്പളവും വാഹനവും തടസ്സം വരാത്തരീതിയിൽ നിയമനം ക്രമീകരിക്കാമെന്ന് സർക്കാർ അഭിഭാഷകൻ വാദിച്ചെങ്കിലും അതുവരെ മുതിർന്ന ഐ.എ.എസ് ഉദ്യോസ്ഥൻ വീട്ടിലിരുന്ന് ശമ്പളം പറ്റണമെന്നാണോ പറയുന്നതെന്ന് ട്രിബ്യൂണൽ ആരാഞ്ഞു.
കേഡർ തസ്തികയിലുള്ള ഉദ്യോഗസ്ഥന് ജോലിയെടുക്കാതെ ശമ്പളം നൽകാനാവില്ലെന്ന അശോകിന്റെ വാദവും അംഗീകരിക്കപ്പെട്ടു.
തുടർന്ന് അദ്ദേഹത്തിന്റെ ഇടക്കാല അപേക്ഷ അനുവദിച്ച് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലുള്ള നിയമനം സ്റ്റേ ചെയ്ത് വിശദ മറുപടി സമർപ്പിക്കാൻ ട്രിബ്യൂണൽ സർക്കാരിനു ഒരാഴ്ച സമയം നൽകിയിട്ടുണ്ട്. വ്യാഴാഴ്ച വീണ്ടും കേസ് പരിഗണിക്കും.
കൃഷി വകുപ്പിന്റെ ലോക ബാങ്ക് പദ്ധതിയുമായി ബന്ധപ്പെട്ട് ഊർജ്ജസ്വലമായി പ്രവർത്തിക്കുന്നതിനിടെയാണ് അശോകിനെ സ്ഥാനത്ത് നിന്ന് മാറ്റിയത്.
സസ്‌പെൻഷനിലായ എൻ. പ്രശാന്തിനെ അശോക് സഹായിക്കുന്നുവെന്ന ആരോപണവും മാറ്റത്തിന് കാരണമായെന്ന് കരുതപ്പെടുന്നുണ്ട്.
എന്നാൽ ലോക ബാങ്ക് പദ്ധതിയായ കേരയിൽ വ്യവസായ വകുപ്പിന് അപ്രമാദിത്വം ലഭിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് മാറ്റമെന്നും വിലയിരുത്തപ്പെടുന്നു.