/sathyam/media/media_files/2025/01/18/auSXqj1BToquPOhmXGBe.jpg)
തിരുവനന്തപുരം: കേരളത്തിന്റെ പൊതുകടം ചരിത്രത്തിലെ ഏറ്റവും അപകടകരമായ നിലയിലെത്തി നിൽക്കവേ, റിസർവ് ബാങ്കിന്റെ ഇ-കുബേർ സംവിധാനം വഴി 1,500 കോടി രൂപ കൂടി കടമെടുക്കാൻ സർക്കാർ തീരുമാനം.
സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങളുടെ ധനശേഖരണാർത്ഥമാണ് ഈ കടമെടുപ്പ്. കഴിഞ്ഞ ദിവസം 2,500 കോടി രൂപ കടമെടുത്തത്തിന് പുറമെയാണിത്.
19 വർഷത്തേക്ക് 7.24 ശതമാനം പലിശക്കാണ് ഈ ആഴ്ച കടമെടുത്തത്. ഇതോടെ ജനുവരി മുതൽ മാർച്ച് വരെയുള്ള സാമ്പത്തിക വർഷത്തെ അവസാനപാദത്തിലെ കടമെടുപ്പ് 4,000 കോടി രൂപയിലെത്തി. നടപ്പുസാമ്പത്തിക വർഷത്തിലെ കടം 36,002 കോടി രൂപയുമായി.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം കേരളത്തിന് 2024 വരെയുള്ള ആകെ കടബാധ്യത 4.29 ലക്ഷം കോടി രൂപയാണെന്ന് കേന്ദ്ര സർക്കാർ ലോക്സഭയെ അറിയിച്ചിരുന്നു.
2016ൽ കേരളത്തിന്റെ കടബാധ്യത 1.62 ലക്ഷം കോടി രൂപയായിരുന്നു. അവിടെ നിന്നാണ് 8 വർഷം കൊണ്ട് 4.29 ലക്ഷം കോടിയിലേക്ക് കടം കുതിച്ചു കയറിയത്.
യാതൊരു ഉപാധിയുമില്ലാതെ ഇക്കൊല്ലം 6000 കോടി കടമെടുക്കാൻ അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുകയാണ് കേരളം.
ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ 8,000 കോടി രൂപ കൂടി കടമെടുക്കാൻ കേന്ദ്രസർക്കാർ കഴിഞ്ഞ ദിവസം കേരളത്തിന് അനുമതി നൽകിയിരുന്നു.
17,600 കോടി രൂപ സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടെങ്കിലും ഇത്ര മാത്രമാണ് അനുവദിച്ചത്. കഴിഞ്ഞ വർഷം ഈ കാലയളവിൽ 13,608 കോടി രൂപ കടമെടുക്കാൻ കേന്ദ്രം അനുവദിച്ചിരുന്നു.
അതോടെ മാർച്ച് മാസത്തിൽ ചെലവ് എങ്ങനെ മറികടക്കുമെന്ന ആശങ്കയുണ്ട്. പ്രതിമാസം ദൈനംദിന ചെലവുകൾക്കായി വരുമാനത്തിന് പുറമെ 3,000 കോടി രൂപയോളം സർക്കാരിന് അധികം ചെലവാകുമെന്നാണ് കണക്ക്.
കടമെടുപ്പിലൂടെയും ചെലവ് വെട്ടിച്ചുരുക്കിയും മറ്റുമാണ് സർക്കാർ ഈതുക കണ്ടെത്തുന്നത്. അവസാന മാസങ്ങളിൽ ചെലവ് വർധിക്കുമെന്നതിനാൽ ഈ തുക മതിയാകുമോയെന്നാണ് ആശങ്ക.
സാമ്പത്തിക സ്ഥിതി ഭദ്രമാണെന്ന് ഉറപ്പാക്കുന്ന ധന ഉത്തരവാദിത്ത നിയമത്തിൽ (എഫ്ആർബിഎം ആക്ട്) കടബാധ്യത സംസ്ഥാന മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ (ജിഎസ്ഡിപി) 29% കവിയരുതെന്നു നിർദേശിക്കുമ്പോൾ കേരളം 39.1 ശതമാനത്തിനു മുകളിലെത്തിയിട്ടുണ്ട്.
സംസ്ഥാനത്തിന്റെ ആകെ കടം ഭദ്രമായ നിലയിലാണോ എന്നു വിലയിരുത്തുന്നത് കടം ജിഎസ്ഡിപിയുടെ നിശ്ചിത ശതമാനം കടന്നോ എന്നു നോക്കിയാണ്.
എഫ്ആർബിഎം ആക്ടിൽ ആകെ കടം ജിഎസ്ഡിപിയുടെ 29% കവിയരുതെന്നു നിഷ്കർഷിക്കുമ്പോൾ 2018ൽ ഈ നിയമം പരിഷ്കരിക്കുന്നതിനായി നിയോഗിച്ച എൻ.കെ.സിങ്ങ് സമിതി നിർദേശിച്ചത് 20 ശതമാനത്തിൽ താഴെ നിലനിർത്തണമെന്നാണ്.
ഇതനുസരിച്ചു നോക്കുമ്പോൾ കേരളം ഈ പരിധിയുടെ ഇരട്ടിയോളം കടഭാരത്തിലാണിപ്പോൾ. കേരളത്തിന്റെ തിരിച്ചടയ്ക്കാൻ ബാക്കിയുള്ള പൊതുകടം 2.52 ലക്ഷം കോടിയായെന്ന് സി.എ.ജിയും കണ്ടെത്തിയിരുന്നു.
2018 മുതൽ 2023 വരെ 94,271.83 കോടിയാണ് കൂടിയത്. കടം കൂടിവരുന്ന പ്രവണത ഭാവിയിൽ കടത്തിന്റെ സുസ്ഥിരതയെ പ്രതികൂലമായി ബാധിക്കുമെന്നും സി.എ.ജി. പറയുന്നു.
2022-23 സാമ്പത്തികവർഷം കിഫ്ബി 5109.24 കോടിയും ക്ഷേമപെൻഷൻ കമ്പനി 2949.67 കോടിയും വായ്പയെടുത്തു. ഈ 8058.91 കോടിയും ബജറ്റിന് പുറത്താണെന്ന് സി.എ.ജി. ആവർത്തിച്ചു.
2023-ൽ സംസ്ഥാനം കടമെടുത്തതിന്റെ 97.88 ശതമാനവും മുമ്പെടുത്ത കടങ്ങൾ തിരിച്ചടയ്ക്കാനാണ് ചെലവിട്ടതെന്നും സി.എ.ജി. നിരീക്ഷിച്ചു.
2018 മുതൽ അഞ്ചുവർഷം കടമെടുത്ത പണത്തിൽ വിവിധ വർഷങ്ങളിൽ 76 ശതമാനംമുതൽ 98 ശതമാനംവരെ കടം തിരിച്ചടയ്ക്കാനും പലിശ അടയ്ക്കാനും ഉപയോഗിച്ചു.
ആസ്തി വികസനത്തിന് ചെലവിട്ടത് 2.12 ശതമാനം മാത്രമാണ്. ആകെ കടത്തിൽ 1.36 ലക്ഷം കോടിരൂപ (54.08 ശതമാനം) അടുത്ത ഏഴുവർഷത്തിൽ തിരിച്ചടയ്ക്കണം.
കടമെടുത്ത് സർക്കാരിന്റെ ചെലവുകൾ നേരിടുന്നത് ഒഴിവാക്കണം. ഇതിനായി സാമൂഹിക-സാമ്പത്തിക വികസനപദ്ധതികൾക്ക് സർക്കാർ അധിക വിഭവസമാഹരണം നടത്തണമെന്നും സി.എ.ജി പറയുന്നു.
അതേസമയം കേരളത്തിന്റെ കടത്തിന്റെ വളർച്ച കുതിച്ചുയരുകയാണ് എന്നത് വസ്തുതാ വിരുദ്ധമായ പ്രചരണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നു.
2021-22 ൽ മുൻ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് കടം വളർന്നത് 13.04 ശതമാനമാണ്. 2022-23 ലെ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം കടത്തിന്റെ വളർച്ച 10.33 ശതമാനമായി കുറഞ്ഞു.
2023-24 ലെ ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം കടത്തിന്റെ വളർച്ച 10.21 ശതമാനമാണ്. ഈ കണക്കുകൾ കടവർദ്ധനയുടെയും കടക്കെണിയുടെയും ലക്ഷണങ്ങളല്ല.
ഈ സർക്കാർ അധികാരത്തിൽ വന്നശേഷം സംസ്ഥാനത്തിന്റെ തനതു നികുതി വരുമാനത്തിന്റെ വാർഷിക വളർച്ചാ നിരക്ക് 20 ശതമാനത്തിൽ കൂടുതലാണ്.
2021-22 ൽ 22.41 ശതമാനമാണ് വർദ്ധനവ് രേഖപ്പെടുത്തിയത്. ജി.എസ്.ടിയുടെ വളർച്ചാ നിരക്ക് 2021-22 ൽ 20.68 ശതമാനമാണ്. 2022-23 ലെ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം ജി.എസ്.ടി വരുമാനത്തിലെ വളർച്ചാനിരക്ക് 25.11 ശതമാനമാണ്.
ഇത് നികുതി ഭരണരംഗത്തെ കാര്യക്ഷമതയുടെയും സംസ്ഥാന സർക്കാരിന്റെ മൂലധന ചെലവുകൾ ഉൾപ്പെടെയുള്ള ഇടപെടലുകൾ കാരണം സാധ്യമായ ഉയർന്ന സാമ്പത്തിക വളർച്ചാനിരക്കും കാരണമാണ്.
ഈ സർക്കാർ അധികാരത്തിൽ വന്നശേഷം സംസ്ഥാനത്തിന്റെ തനതു നികുതി വരുമാനത്തിന്റെ വാർഷിക വളർച്ചാ നിരക്ക് 20 ശതമാനത്തിൽ കൂടുതലാണ്. 2021-22 ൽ 22.41 ശതമാനമാണ് വർദ്ധനവ് രേഖപ്പെടുത്തിയത്.
ജി.എസ്.ടിയുടെ വളർച്ചാ നിരക്ക് 2021-22 ൽ 20.68 ശതമാനമാണ്. 2022-23 ലെ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം ജി.എസ്.ടി വരുമാനത്തിലെ വളർച്ചാനിരക്ക് 25.11 ശതമാനമാണ്.
ഇത് നികുതി ഭരണരംഗത്തെ കാര്യക്ഷമതയുടെയും സംസ്ഥാന സർക്കാരിന്റെ മൂലധന ചെലവുകൾ ഉൾപ്പെടെയുള്ള ഇടപെടലുകൾ കാരണം സാധ്യമായ ഉയർന്ന സാമ്പത്തിക വളർച്ചാനിരക്കും കാരണമാണ്.
സംസ്ഥാന സർക്കാർ കടം വർദ്ധിപ്പിച്ചതുകൊണ്ടോ നികുതി വരുമാന പിരിവിൽ അലംഭാവം കാണിച്ചതുകൊണ്ടോ അല്ല സാമ്പത്തിക ഞെരുക്കം ഉണ്ടായത്. കേന്ദ്ര സർക്കാരിന്റെ സമീപനത്തിൽ അടിക്കടി ഉണ്ടാകുന്ന പ്രതികൂല മാറ്റങ്ങളാണ് ഇതിനു കാരണം - മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാന സർക്കാരിന്റെ റവന്യൂ ചെലവുകളിൽ ഗണ്യമായ ഒരു ഭാഗം വികസന ചെലവുകളാണ്. വിദ്യാഭ്യാസ, ആരോഗ്യ, കൃഷി, ഗ്രാമവികസന, ജലസേചന മേഖലകളിൽ ചെലവഴിക്കുന്ന തുക. ഇവയെല്ലാം സാമ്പത്തിക വളർച്ചയെ സഹായിക്കുന്നതുമാണ്.
വികസന ചെലവ് ധൂർത്തല്ല. ശമ്പളവും പെൻഷനും നൽകാൻ കടമെടുക്കുന്നു എന്നാണ് വലിയ പ്രചാരണം. ശമ്പളവും പെൻഷനും 2021-22 ൽ സംസ്ഥാനത്തിന്റെ മൊത്തം റവന്യൂ വരുമാനത്തിൻറെ 61.21 ശതമാനമായിരുന്നു.
2022-23 ലെ പുതുക്കിയ കണക്കുകൾ പ്രകാരം ഇത് 50.34 ശതമാനമായി കുറഞ്ഞു. 2023-24 ലെ ബജറ്റ് കണക്കുകൾ പ്രകാരം ഇത് 50.42ശതമാനമാണ്- മുഖ്യമന്ത്രി പറയുന്നു.