/sathyam/media/media_files/2025/01/18/VtQVth1lKs4XRELtLQJK.jpg)
തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രതിപക്ഷ നേതാവ് വി.ഡി സതീശന് തൊട്ടകൂടായ്മയില്ലെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യസമിതിയംഗവും മുൻ കെപിസിസി അധ്യക്ഷനുമായ കെ.മുരളീധരൻ എക്സ് എംപി.
കഴിഞ്ഞ തവണ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്നും രമേശ് ചെന്നിത്തലയെ ആരും പിടിച്ചുമാറ്റിയതല്ലെന്നും എംഎൽഎമാരുടെ വികാരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു മാറ്റമെന്നും അദ്ദേഹം സത്യം ഓൺലൈനിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ വ്യക്തമാക്കി.
മുഖ്യമന്ത്രി സ്ഥാനം ഇപ്പോഴേ തീരുമാനിക്കേണ്ട കാര്യമില്ല. ജാതിമത സ്വാധീനം കൊണ്ട് കോൺഗ്രസിൽ ആരും മുഖ്യമന്ത്രിയായിട്ടില്ല.
എല്ലാവരും പാർട്ടി പാരമ്പര്യത്തിന്റെ അടിസ്ഥാനത്തിലായതാണ്. കേരളത്തിലെ കോൺഗ്രസ് നേതാക്കൻമാർ അവരവരുടെ കഴിവുപയോഗപ്പെടുത്തി വളർന്ന് വന്നതാണ്.
ആരുടെയെല്ലാം സഹായം കിട്ടിയാലും തിരഞ്ഞെടുപ്പിൽ അവനവന്റെ കഴിവും കൂടി നോക്കും. ഇവിടെ ജാതി പറയേണ്ട ആവശ്യമില്ല. പക്ഷേ സർക്കാരുണ്ടാക്കുമ്പോൾ സാമുദായിക സന്തുലനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഇക്കഴിഞ്ഞ നാല് ഉപതിരഞ്ഞെടുപ്പുകളും നടത്താൻ പ്രതിപക്ഷനേതാവ് വി.ഡി സതീശൻ മുന്നിട്ടിറങ്ങി. നല്ല കാര്യക്ഷമതയോടെയാണ് അദ്ദേഹം തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നടത്തിയത്. പാർട്ടിയിലും മുന്നണിയിലും എല്ലാവരും സഹകരിക്കുകയും ചെയ്തു.
രമേശ് ചെന്നിത്തലയെ പ്രതിപക്ഷനേതാവ് സ്ഥാനത്ത് നിന്ന് മാറ്റണമെന്നുള്ള മുൻവിധിയുമായല്ല ഹൈക്കമാന്റിൽ നിന്നുമുള്ള നിരീക്ഷകർ കേരളത്തിൽ എത്തിയത്. മാറ്റം എം.എൽ.എമാർ അഭിപ്രായപ്പെട്ടതനുസരിച്ച് ഉണ്ടായതാണ്.
2011 ല്‍ താൻ പാർട്ടിയിൽ തിരിച്ചെത്തി വട്ടിയൂർക്കാവിൽ നിന്നും വിജയിച്ച് നിയമസഭയിലെത്തിയിട്ടും തന്നെ ക്യാബിനറ്റിൽ ഉൾപ്പെടുത്താത്തതിൽ വേദനയുണ്ടായി. തന്നെക്കാൾ ജൂനിയറായവർക്ക് മന്ത്രിസ്ഥാനം നൽകി തന്നെ മൂന്നാം നിരയിലേക്ക് ഇരുത്തി. അതിലുള്ള വേദന ഇതേവരെ ആരോടും പങ്കുവെച്ചിട്ടില്ല.
മുമ്പ് കെ.കരുണാകരന്റെയും എ.കെ ആന്റണിയുടെയും നേതൃത്വത്തിലുള്ള ഗ്രൂപ്പുകൾ വ്യത്യസ്ത ശൈലി പിന്തുടരുന്നതായിരുന്നു. അവയുടെ പ്രവർത്തനവും സദുദ്ദേശ്യപരമായിരുന്നു. എന്നാൽ നിലവിൽ ചിലർക്ക് ചിലരെ കണ്ടുകൂടാത്തതിന്റെ പേരിൽ വന്ന ഗ്രൂപ്പുകൾ പാർട്ടിക്ക് ഗുണകരമാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തൃശ്ശൂരിലെ പരാജയത്തിൽ തനിക്ക് നിരാശയുണ്ടെന്നും അദ്ദേഹം സമ്മതിച്ചു. പ്രത്യേക സാഹചര്യത്തിൽ തൃശ്ശൂരിലേക്ക് മത്സരിക്കാൻ വന്നപ്പോൾ അവിടുത്തെ സാഹചര്യം മനസിലാക്കേണ്ടതായിരുന്നു.
ജയിക്കേണ്ട സ്ഥാനത്ത് പരാജയം വിലയ്ക്ക് വാങ്ങിയെന്ന വികാരമാണ് തനിക്കുണ്ടായതെന്നും അശേദ്ദഹം പറഞ്ഞു. വട്ടിയൂർക്കാവ് മണ്ഡലം തന്റെ കുടുംബമാണെന്നും അവിടെ രാജീവ് ചന്ദ്രശേഖറല്ല ഏത് ബിഗ് ഷോട്ട് വന്നാലും തനിക്ക് പ്രശ്‌നമില്ലെന്നും അദ്ദേഹം പറഞ്ഞു.
സമീപ കാല രാഷ്ട്രീയ സ്ഥിതിഗതികള്‍ സംബന്ധിച്ച് വിശദമായ തുറന്നുപറച്ചില്‍ നടത്തിയ അഭിമുഖത്തിന്റെ പൂർണ്ണ രൂപം ഉടൻ സത്യം ഓണ്‍ലൈന്‍ പ്രസിദ്ധീകരിക്കും.