/sathyam/media/media_files/2025/01/20/PDJAgT6AadWjpJ28fR9c.jpg)
തിരുവനന്തപുരം: കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി യോഗത്തിൽ നിന്നും വാർത്ത ചോർന്നത് പാർട്ടിയിൽ വീണ്ടും ചൂടേറിയ ചർച്ചകൾക്ക് വഴിവെയ്ക്കുന്നു.
മുമ്പ് വയനാട് നേതൃക്യാമ്പിലും പ്രതിപക്ഷനേതാവ് വി.ഡി സതീശൻ പങ്കെടുക്കാതിരുന്ന കെ.പി.സി.സി യോഗത്തിലും നടന്ന കാര്യങ്ങൾ പൊടിപ്പും തൊങ്ങലും വെച്ച് മാദ്ധ്യമങ്ങൾക്ക് ചോർത്തിയത് വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു.
അന്ന് വാർത്തകൾ ചോർത്തി നൽകി പാർട്ടി നടപടിക്ക് അടുത്തെത്തിയ സംഘത്തിന്‍റെ ഉപഞ്ജ്ജാതാക്കള്‍ തന്നെയാണ് ഇത്തവണത്തെ ചോര്‍ത്തലിന് പിന്നിൽ പ്രവർത്തിച്ചതെന്നാണ് പ്രാഥമിക നിഗമനം.
കോണ്‍ഗ്രസില്‍ ഒന്നുംനടക്കില്ലെന്ന പൊതു പ്രതീതി സൃഷ്ടിച്ച് ബിജെപിക്കും ഇടതുപക്ഷത്തിനും സഹായകരമായ സാഹചര്യം സൃഷ്ടിക്കുക എന്ന നിലപാടുകാര്‍ ആണ് ഇതിന് പിന്നില്‍.
പാർട്ടിയിലെ നേതൃതർക്കങ്ങളെ ചൊല്ലി മുതിർന്ന നേതാവ് പി.ജെ കുര്യൻ നടത്തിയ വിമർശനവും എ.പി അനിൽകുമാർ പ്രതിപക്ഷ നേതാവിനെതിരെ നടത്തിയ വിമർശനമാണ് പ്രധാനമായും മാധ്യമങ്ങൾ ചർച്ചയാക്കിയത്. മറ്റൊരു 'വമ്പന്‍' നേതാവ് ശൂരനാട് രാജശേഖരന്‍ നടത്തിയ വിമര്‍ശനവും വാര്‍ത്തകളില്‍ ഇടംപിടിച്ചത്രേ.
63 നിയമസഭാ മണ്ഡലങ്ങളിൽ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്ന രീതിയിൽ പ്രതിപക്ഷനേതാവ് കാര്യങ്ങൾ അവതരിപ്പിച്ചപ്പോഴാണ് അനിൽ കുമാർ വിമർശനവുമായി രംഗത്ത് വന്നത്. പാർട്ടിയോട് ആലോചിക്കാതെ ഈ സംഖ്യ എവിടെനിന്നു കിട്ടി എന്ന് ചോദിച്ചായിരുന്നു വിമർശനത്തിന് തുടക്കമിട്ടത്.
പാർട്ടിയിൽ സമ്പൂർണ്ണ പുന:സംഘടന നടക്കാനിരിക്കുന്നതിനിടെ അനിൽകുമാർ നടത്തിയ വിമർശനം സംവരണ ആനുകൂല്യത്തില്‍ കെ.പി.സി.സി അദ്ധ്യക്ഷ പദവിയിൽ കണ്ണുവച്ച് അനില്‍ നടത്തിയ നീക്കങ്ങള്‍ പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെ ആരും ഗൗനിക്കാതെ പോയതിന്റെ മോഹാലസ്യത്തില്‍ ആണെന്ന് പറയപ്പെടുന്നു.
പിന്നാക്ക വിഭാഗത്തിൽ നിന്നും അദ്ധ്യക്ഷൻ വേണമെന്ന വാദമുയർത്തിയായിരുന്നു അധ്യക്ഷ പദവിക്കായുള്ള അനിൽകുമാറിന്റെ നീക്കങ്ങള്‍.
എ.ഐ.സി.സി സംഘടനാ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ കേരളത്തിലെ ഗ്രൂപ്പ് കാര്യങ്ങള്‍ താനാണ് കൈകാര്യം ചെയ്യുന്നതെന്ന് സ്വയം പ്രചാരണം നല്കിയാണ് പാര്‍ട്ടിയില്‍ പിടി മുറുക്കാന്‍ അനില്‍ നീക്കങ്ങള്‍ നടത്തുന്നത്.
എന്നാല്‍, ഇത് ശ്രദ്ധയില്‍ പെട്ടപ്പോള്‍ തന്‍റെ പേരില്‍ ഗ്രൂപ്പ് നടത്താന്‍ താന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് വേണുഗോപാല്‍ വേണ്ടപ്പെട്ടവരെ നേരത്തെ ബോധ്യപ്പെടുത്തിയിട്ടുള്ളതാണ്.
അനില്‍ കുമാറിന്‍റെ 'സ്വയം പ്രഖ്യാപിത വേണുഗ്രൂപ്പ്' ശ്രദ്ധയില്‍ പെടുത്തിയ മാധ്യമപ്രവര്‍ത്തകരോടും വേണുഗോപാല്‍ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. കാരണം അനില്‍ കുമാറിനെപ്പോലെ ഒരാളാണ് നാട്ടില്‍ തന്‍റെ വിശ്വസ്തന്‍ എന്നുവരുന്നത് വേണുഗോപാലിനും മോശമാണ്.
ഇതിനിടെ വേണുഗോപാലിന്‍റെ സ്വാധീനം ചൂണ്ടിക്കാട്ടി കെ.പി.സി.സി അദ്ധ്യക്ഷ പദവിക്കുവേണ്ടി അനിൽകുമാര്‍ നടത്തിയ നീക്കങ്ങളെ പാര്‍ട്ടിയില്‍ ആരും കാര്യമായി ഗൗനിച്ചില്ല.
പിന്നോക്ക വിഭാഗത്തില്‍ നിന്നും പ്രസിഡന്‍റിനെ പരിഗണിച്ചാല്‍ ആ വിഭാഗങ്ങളില്‍ നിന്നുള്ള പിന്തുണ ഉറപ്പിക്കാന്‍ കഴിയുമെന്നായിരുന്നു അനിലിന്‍റെ വാദം.
എന്നാല്‍ ആ വിഭാഗത്തില്‍ നിന്ന് പൊതുസ്വീകാര്യതയുള്ള കൊടിക്കുന്നില്‍ സുരേഷ് ഉള്‍പ്പെടെ നില്‍ക്കുമ്പോഴായിരുന്നു അനിലിന്‍റെ നീക്കങ്ങള്‍. അതിനാല്‍ തന്നെ അനിലിന്‍റെ അവകാശവാദങ്ങള്‍ ആരും മുഖവിലയ്ക്കെടുത്തില്ല.
ഈ സാഹചര്യത്തിലായിരുന്നു രാഷ്ട്രീയകാര്യ സമിതിയില്‍ അനില്‍കുമാര്‍ ചില വിമര്‍ശനങ്ങള്‍ നടത്തുകയും അത് മാധ്യമങ്ങളില്‍ വാര്‍ത്തയാക്കുകയും ചെയ്തത്.
ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പ് മുൻ നിർത്തി പാർട്ടിക്ക് മുന്നേറ്റമുണ്ടാക്കാനുള്ള ചില കാര്യങ്ങൾ പ്രതിപക്ഷനേതാവ് അവതരിപ്പിച്ചതാണ് വിമർശനത്തിന് കാരണമായിട്ടുള്ളതെന്നാണ് കൌതുകകരം.
യോഗത്തിൽ പ്രതിപക്ഷ നേതാവിനെ അനിൽകുമാർ അടക്കമുള്ള നേതാക്കൾ 'നിർത്തിപ്പൊരിച്ചു'വെന്നായിരുന്നു ഏഷ്യാനെറ്റില്‍ ഉള്‍പ്പെടെ പുറത്ത് വന്ന വാർത്തയുടെ കാതൽ.
മുമ്പ് നടന്ന കെപി.സി.സി യോഗത്തിൽ പ്രതിപക്ഷനേതാവിന്റെ അസാന്നിധ്യത്തിൽ അദ്ദേഹത്തെ രൂക്ഷ വിമർശനത്തിന് വിധേയമാക്കുകയും അത് വാർത്താ മാദ്ധ്യമങ്ങൾക്ക് ചോർത്തി നൽകുകയും ചെയ്തത് വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു.
കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്‍റെ പ്രത്യേകതകള്‍ മനസിലാകാത്ത വേണ്ടത്ര രാഷ്ട്രീയബോധവുമില്ലാത്ത ചില മാധ്യമ പ്രവര്‍ത്തകരാണ് ഇതുപോലെ അനില്‍കുമാറിന്‍റെ 'തീപ്പെട്ടികൊള്ളി'കൊണ്ട് വിഡി സതീശനെ 'നിര്‍ത്തിപൊരിയ്ക്കുന്ന'പോലത്തെ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നത്.
ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ അത് വാര്‍ത്തയാക്കി ബ്രേയ്ക്കിങ് ആക്കുന്നതാണ് തലസ്ഥാനത്തെ പ്രധാന മാധ്യങ്ങളില്‍പോലും പ്രവര്‍ത്തിക്കുന്ന ചില മാധ്യമ പ്രവര്‍ത്തകരുടെ സ്ഥിരം പരിപാടി. അങ്ങനെയാണ് ഒന്നാം സ്ഥാനത്ത് നിന്ന അവരുടെ മീഡിയ രണ്ടും മൂന്നും സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെടുന്നത്.
അതേസമയം, ഇനി കെ.പി.സി.സി സംഘടിപ്പിക്കുന്ന ഒരു യോഗത്തിലെയും വിവരങ്ങൾ ചോർത്തി മാദ്ധ്യമങ്ങൾക്ക് നൽകി വാർത്ത സൃഷ്ടിക്കരുതെന്ന കർശന നിർദ്ദേശം എ.ഐ.സി.സി സംഘടനാ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലും കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപദാസ് മുൻഷിയും നൽകിയിരുന്നു. വീണ്ടും വാർത്തകൾ പുറത്ത് വന്നതോടെ അന്ന് ദേശീയ നേതൃത്വം നൽകിയ കർശന നിർദ്ദേശങ്ങളാണ് കാറ്റിൽ പറന്നത്.
പാർട്ടിമയാട് കൂറില്ലാത്തവരും ഇരുട്ടിന്റെ സന്തതികളുമാണ് വാർത്ത ചോർത്തിയതെന്നായിരുന്നു അന്ന് കെ.മുരളീധരൻ നടത്തിയ വിമർശനം. യോഗത്തിൽ നടന്ന ചർച്ചകളുടെ വിശദാംശങ്ങളടക്കം വാർത്ത വീണ്ടും ചോർന്നതോടെ പാർട്ടിയിലെ ഐക്യസന്ദേശത്തിന് വിണ്ടും പോറലേറ്റെന്നാണ് എഐ.സി.സിയുടെ വിലയിരുത്തൽ.