/sathyam/media/media_files/2025/01/20/X8ZriFJ2XYlJmyM0j4CF.jpg)
തിരുവനന്തപുരം: ടെക്നോപാര്‍ക്ക് ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനി കേരള വിഷനുമായി സഹകരിച്ച് സംഘടിപ്പിച്ച പതിമൂന്നാമത് പ്രതിധ്വനി ക്വിസ ഫിലിം ഫെസ്റ്റിവലിന് സമാപനം.
ഫിലിം ഫെസ്റ്റിവലിനോടനുബന്ധിച്ച് ടെക്നോപാര്‍ക്കിലെ ട്രാവന്‍കൂര്‍ ഹാളില്‍ നടന്ന അവാര്‍ഡ് ദാന ചടങ്ങ് പ്രമുഖ കലാപ്രവര്‍ത്തകനും നാടകകാരനുമായ സൂര്യ കൃഷ്ണമൂര്‍ത്തി ഉദ്ഘാടനം ചെയ്തു. വിജയികള്‍ക്കുള്ള അവാര്‍ഡ് വിതരണവും അദ്ദേഹം നിര്‍വഹിച്ചു.
ഫിലിം ഫെസ്റ്റിവലിന്‍റെ ഭാഗമായി ഐടി ജീവനക്കാര്‍ സംവിധാനം ചെയ്ത 32 ഹ്രസ്വ ചിത്രങ്ങളാണ് മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചത്.
ചലച്ചിത്ര നടനും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ പ്രൊഫ. അലിയാര്‍ ചെയര്‍മാനും ചലച്ചിത്ര സംവിധായകന്‍ പ്രശാന്ത് വിജയ്, ചലച്ചിത്ര നടന്‍ പ്രദീപ് കുമാര്‍ എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് ചിത്രങ്ങള്‍ വിലയിരുത്തിയത്.
ചടങ്ങില്‍ പ്രതിധ്വനി ഫിലിം ക്ലബ് ജോയിന്‍റ് കണ്‍വീനര്‍ മുഹമ്മദ് അനീഷ് അധ്യക്ഷനായി. പ്രശസ്ത നിരൂപകന്‍ എം എഫ് തോമസ് മുഖ്യപ്രഭാഷണം നടത്തി. ജൂറി ചെയര്‍മാന്‍ പ്രൊഫ. അലിയാര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.
ഏറ്റവും മികച്ച ഹ്രസ്വചിത്രത്തിന് 20,000 രൂപയും രണ്ടാമത്തെ മികച്ച ചിത്രം, മികച്ച സംവിധായകന്‍, മികച്ച തിരക്കഥാകൃത്ത് എന്നിവയ്ക്ക് 10,000 രൂപ വീതവുമാണ് പുരസ്കാരത്തുക. കൂടാതെ മികച്ച നടന്‍, നടി, ഛായാഗ്രാഹകന്‍, എഡിറ്റര്‍ എന്നിവര്‍ക്കും പ്രത്യേക പുരസ്കാരങ്ങളുണ്ട്.
പിക്യുഎഫ്എഫ് 2024 അവാര്‍ഡുകള്‍ : മികച്ച ചിത്രം : പാറ്റേണ്‍സ് (സംവിധാനം - രാജ് ഗോവിന്ദ്, എന്‍ട്രി സോഫ്റ്റ് വെയര്‍ പ്രൈവറ്റ് ലിമിറ്റഡ്, കൊച്ചി). മികച്ച രണ്ടാമത്തെ ചിത്രം : ക്യുബിക്കിള്‍ഡ്(സംവിധാനം - മഹേഷ് മാനസ് ഐബിഎം, കൊച്ചി).
മികച്ച സംവിധായകന്‍: അഖില്‍ ഗോവിന്ദ് ഇവൈ കൊച്ചി (ചിത്രം: മണികണ്ഠന്‍). മികച്ച തിരക്കഥ: രാകേഷ് ഗോപാലകൃഷ്ണന്‍ യുഎസ്ടി, തിരുവനന്തപുരം (ചിത്രം: അഥര്‍വം), മികച്ച ഛായാഗ്രഹണം: ജോണ്‍ പോള്‍ മാത്യു (ചിത്രം: ഹൗആര്‍യു..?). മികച്ച എഡിറ്റര്‍: നിഖില്‍ സുദര്‍ശന്‍ (ചിത്രം: പാറ്റേണ്‍സ്).
അഭിമന്യു രാമനന്ദന്‍ മെമ്മോറിയല്‍ മികച്ച നടനുള്ള അവാര്‍ഡ്: അനുമോദ് സാകര്‍, ഇന്‍ഫോസിസ്, തിരുവനന്തപുരം (ചിത്രം: കിന്‍റസുഗി).
അഭിമന്യു രാമനന്ദന്‍ മെമ്മോറിയല്‍ മികച്ച നടിക്കുള്ള അവാര്‍ഡ്: ധന്യ പാര്‍വതി, സ്ട്രാഡ ഗ്ലോബല്‍, കൊച്ചി (ചിത്രം: ബിയോണ്ട് ദി ഡോര്‍).
വ്യൂവേഴ്സ് ചോയ്സ് അവാര്‍ഡ് - ദ്വയം (സംവിധാനം: അമല്‍ , ഐന്‍സര്‍ടെക്, തിരുവനന്തപുരം). പ്രദീപ് ജോസഫ് - യുഎസ്ടി (ചിത്രം: പാറ്റേണ്‍സ്), വിനോദ് കുമാര്‍ രാജന്‍ (ചിത്രം: മണികണ്ഠന്‍) എന്നിവര്‍ അഭിനയത്തിന് ജൂറിയുടെ പ്രത്യേക പരാമര്‍ശം ഏറ്റുവാങ്ങി.
ഫെസ്റ്റിവല്‍ ഡയറക്ടര്‍ രോഹിത് കെ സ്വാഗതം ആശംസിച്ച ചടങ്ങില്‍ പ്രതിധ്വനി പ്രസിഡന്‍റ് വിഷ്ണു രാജേന്ദ്രനും സംസാരിച്ചു. ഫെസ്റ്റിവല്‍ ജനറല്‍ കണ്‍വീനര്‍ ഹരി എസ് നന്ദി രേഖപ്പെടുത്തി.
ജനുവരി 6 മുതല്‍ 16 വരെ ടെക്നോപാര്‍ക്കിലും ഇന്‍ഫോപാര്‍ക്കിലുമായി നടന്ന പിക്യുഎഫ്എഫ് 24 ന്‍റെ ഭാഗമായി ചലച്ചിത്ര സംബന്ധിയായ നിരവധി പരിപാടികളാണ് നടന്നത്.