/sathyam/media/media_files/2025/01/20/Pqe8SvPffdXe5WzmNd1b.jpg)
തിരുവനന്തപുരം: സംസ്ഥാന ഭരണം പിടിക്കാൻ എല്ലാ അനുകൂല സാഹചര്യവും ഉണ്ടായിട്ടും ഗ്രൂപ്പുകളിച്ചും തമ്മിലടിച്ചും അവസരം നഷ്ടപ്പെടുത്തുന്ന തരത്തിലാണ് കോൺഗ്രസ് നേതാക്കളുടെ പോക്ക്.
ഞായറാഴ്ച നടന്ന കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ ഭരണം പിടിക്കാനുള്ള മാസ്റ്റർപ്ലാൻ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അവതരിപ്പിച്ചു.
യു.ഡി.എഫ് ജയിച്ചിട്ടില്ലാത്തതും പിടിച്ചെടുക്കാൻ കഴിയുന്നതുമായ 63 മണ്ഡലങ്ങളിൽ ജയിക്കാൻ സ്വീകരിക്കേണ്ട കർമ്മപദ്ധതിയാണ് സതീശൻ അവതരിപ്പിച്ചത്.
തന്ത്രപരമായ കൂട്ടുകെട്ടുണ്ടാക്കാൽ, സംഘടനകളുടെയും പ്രമുഖ വ്യക്തികളുടെയും പിന്തുണ തേടൽ, ജനപിന്തുണ ഉറപ്പാക്കുന്ന തരത്തിലെ പ്രവർത്തനങ്ങൾ, മികച്ച ഇമേജും ജനസ്വാധീനവുമുള്ളവരെ സ്ഥാനാർത്ഥിയാക്കൽ എന്നിങ്ങനെ ഈ മണ്ഡലങ്ങളിൽ ജയിക്കാനുള്ള തന്ത്രങ്ങളടങ്ങിയതായിരുന്നു സതീശന്റെ മാസ്റ്റർപ്ലാൻ.
നിലവിൽ കോൺഗ്രസ് വിജയിച്ച 21 സീറ്റുകളുണ്ട്. ഇതിനു പുറമേ 63 സീറ്റിൽ കൂടി ശ്രദ്ധചെലുത്തി മുന്നോട്ടുപോകണമെന്നാണ് സതീശൻ പറഞ്ഞത്.
ഈ 63 മണ്ഡലങ്ങളിൽ ജയിച്ചാൽ ഭരണം പിടിക്കാമെന്ന് വിലയിരുത്തലുണ്ടായി. യോഗത്തിൽ സതീശന് സ്വീകാര്യത കിട്ടിയതോടെയാണ് എ.പി അനിൽകുമാറും ശൂരനാട് രാജശേഖരനും എതിർപ്പുമായി എഴുന്നേറ്റത്.
ഈ 63 മണ്ഡലങ്ങൾ സതീശൻ എങ്ങനെ കണ്ടെത്തിയെന്നും ജയസാദ്ധ്യത കുറഞ്ഞ മണ്ഡലങ്ങളാണെന്ന് സതീശനാണോ നിശ്ചയിക്കുന്നതെന്നും ഇതിനൊക്കെ സതീശനെ ആര് ചുമതലപ്പെടുത്തിയെന്നും ചോദിച്ച് ഇരുവരും രംഗത്ത് വന്നു.
പ്രതിപക്ഷ നേതാവ് എന്ന ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന സതീശൻ, മുന്നണിക്ക് തിരഞ്ഞെടുപ്പിൽ വിജയസാദ്ധ്യത കുറഞ്ഞ മണ്ഡലങ്ങൾ കണ്ടെത്തി അവിടെ ജയിക്കാനുള്ള തന്ത്രങ്ങൾ അടങ്ങിയ മാസ്റ്റർപ്ലാൻ അവതരിപ്പിക്കുന്നത് മൂന്നാം പിണറായി സർക്കാരിനെ തടഞ്ഞ് ഭരണം തിരികെ പിടിക്കാനുള്ള വഴിയാണെന്ന് മനസിലാക്കാതെയാണ് ഏതാനും കോൺഗ്രസ് നേതാക്കൾ തമ്മിലടിക്ക് ശ്രമിക്കുന്നത്.
എനിക്ക് പറയാൻ അവകാശമില്ലേ എന്നായിരുന്നു വിഡി സതീശന്റെ മറുചോദ്യം. 63 എന്ന കണക്ക് എവിടെ ചർച്ച ചെയ്താണു തീരുമാനിച്ചതെന്നായിരുന്നു ഇരുനേതാക്കളുടെയും ചോദ്യം.
ഒരു പ്രമുഖ കോൺഗ്രസ് നേതാവിന്റെ പിന്തുണയോടെയാണ് ശൂരനാട് രാജശേഖരനും അനിൽകുമാറും സതീശനെതിരേ വാളെടുത്തതെന്നാണ് സൂചന.
എന്നാൽ സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ഇടപെട്ട് രംഗം ശാന്തമാക്കി.
ജയത്തിനായി സതീശൻ തയ്യാറാക്കിയ മാസ്റ്റർപ്ലാൻ വേണുഗോപാലിന് ബോദ്ധ്യമായെങ്കിലും ഏതാനും നേതാക്കൾ സതീശനെ വിമർശിക്കുകയും അക്കാര്യം മാദ്ധ്യമങ്ങൾക്ക് ചോർത്തി നൽകി രാഷ്ട്രീയ കാര്യ സമിതിയിൽ ചൂടേറിയ വാഗ്വാദമാണെന്ന് പ്രചരിപ്പിക്കുകയും ചെയ്തു.
മൂന്നാമത് ഒരിക്കൽക്കൂടി പ്രതിപക്ഷ ബെഞ്ചിലിരിക്കാനാവില്ലെന്ന് സതീശന്റെ മാസ്റ്റർപ്ലാനിനെ പിന്തുണച്ച് ഭൂരിഭാഗം അംഗങ്ങളും നിലപാടെടുത്തു.
ഇപ്പോഴത്തെ നിലയിൽപോയാൽ വീണ്ടും ഇതേ അവസ്ഥയുണ്ടാകുമെന്നും അതിനാൽ അത്തരം അസ്വാരസ്യങ്ങൾ ഒഴിവാക്കണമെന്നും ഒരു എം.എൽ.എ തുറന്നടിച്ചു.
അഭിപ്രായ വ്യത്യാസങ്ങൾ പരസ്പര ചർച്ചകളിലൂടെ ഇല്ലാതാക്കണമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പറഞ്ഞു.
തദ്ദേശസ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പ് അടുത്തിട്ടുള്ള സാഹചര്യത്തിൽ അഭിപ്രായ ഭിന്നതകളില്ലാതെ യോജിച്ച് പോകണമെന്ന അഭിപ്രായമാണ് പി.ജെ.കുര്യനടക്കം മുതിർന്ന നേതാക്കൾ പ്രകടിപ്പിച്ചത്.
എൽ.ഡി.എഫിന്റെ തുടർഭരണത്തിലെ അഴിമതിയും ജനവിരുദ്ധ നയങ്ങളുമെല്ലാം അടുത്ത തിരഞ്ഞെടുപ്പിൽ യുഡിഎഫിനും പാർട്ടിക്കും ഗുണംചെയ്യുമെന്നാണ് രാഷ്ട്രീയകാര്യ സമിതിയിലെ വിലയിരുത്തൽ.
ഒത്തുപിടിച്ചാൽ അടുത്ത തവണ ഭൂരിപക്ഷം കിട്ടും. പക്ഷേ, അനാവശ്യ വിവാദങ്ങളും തമ്മിലടിയും തർക്കങ്ങളും അവസരം നഷ്ടമാക്കുന്നതിന് ഇടയാക്കും. കെ.പി.സി.സി പുനഃസംഘടനാ ചർച്ചകൾ നീട്ടിക്കൊണ്ടു പോകരുതെന്നും അഭിപ്രായമുയർന്നു.
മുഖ്യമന്ത്രിസ്ഥാനം സംബന്ധിച്ചുള്ള അനവസരത്തിലെ ചർച്ചകളെ യോഗത്തിൽ പങ്കെടുത്ത ഭൂരിപക്ഷ അംഗങ്ങളും വിമർശിച്ചു. ഒറ്റക്കെട്ടായി യോജിച്ച് തിരഞ്ഞെടുപ്പിനെ നേരിടണം.
കെ.പി.സി.സി പുനഃസംഘടനയിൽ വ്യക്തമായ നിലപാട് വേണം. അതനുസരിച്ച് നടപടികൾ വേഗത്തിലാക്കണം. രാഷ്ട്രീയ കാര്യസമിതി യോഗം മാസത്തിൽ ഒരുവട്ടം ചേരണമെന്ന അഭിപ്രായവും യോഗത്തിൽ ഉയർന്നു.
താഴേത്തട്ടിലുള്ള പ്രവർത്തകരുടെ വികാരം ഉൾക്കൊണ്ടു വേണം നേതാക്കൾ പ്രവർത്തിക്കേണ്ടതെന്നു സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി പറഞ്ഞു.
മുഖ്യമന്ത്രിയുടെ പേരുപറഞ്ഞു കോൺഗ്രസിനുള്ളിൽ പ്രശ്നങ്ങളുണ്ടാക്കുന്നത് എതിരാളികളുടെയും ചില മാധ്യമങ്ങളുടെയും അജൻഡയാണ്. അതിൽ വീഴരുത്. തദ്ദേശ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥിനിർണയത്തിൽ കഴിവും പ്രതിഛായയും മുഖ്യ മാനദണ്ഡമാക്കണമെന്നും ആവശ്യമുയർന്നു.
ജനം സർക്കാരിന് എതിരാണെന്നും വരുന്ന തിരഞ്ഞെടുപ്പുകളിൽ നേട്ടമുണ്ടാക്കാൻ കോൺഗ്രസ് ഒറ്റക്കെട്ടായി നിൽക്കണമെന്നും നേതാക്കൾ പറഞ്ഞു.