/sathyam/media/media_files/2025/01/24/XBJ2bYaD15IGIfIRIkkF.jpg)
തിരുവനന്തപുരം: മാരാമൺ കൺവെൻഷനുമായി ബന്ധപ്പെട്ടുള്ള പരിപാടിയിൽ പ്രതിപക്ഷനേതാവ് വി.ഡി സതീശനെ ഒഴിവാക്കാൻ താൻ ഇടപെട്ടിട്ടില്ലെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയംഗം പി.ജെ കുര്യൻ.
സഭാംഗമാണെങ്കിലും കൺവെൻഷനുമായി ബന്ധപ്പെട്ട ഒരു കാര്യത്തിലും ഇടപെട്ടിട്ടില്ല. വിഷയത്തിൽ ഉണ്ടായത് കമ്മ്യൂണിക്കേഷൻ ഗ്യാപ്പാണെന്നും സഭയ്ക്ക് സതീശനോട് തികഞ്ഞ ആദരവാണെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസ് കോൺ്രഗസിലെ തമ്മിലടിയെപ്പറ്റി സംഘടിപ്പിച്ച ചർച്ചയിലായിരുന്നു മർത്താമോ കോളേജിലെ മുൻ പ്രൊഫസറായിരുന്ന മോഹൻ വർഗീസ് പി.ജെ കുര്യന്റെ പേര് പരാമർശിക്കാതെ ആരോപണം നടത്തിയത്.
കൺവെൻഷനിൽ നിന്നും സതീശനെ വെട്ടിയത് ഹൈക്കമാന്റിനോട് ഏറ്റവും അടുപ്പമുണ്ടായിരുന്ന പത്തനംതിട്ടയിലെ ഒരു നേതാവാണെന്നും എൻ.എസ്.എസിന്റെ പരിപാടിയിൽ രമേശിനെ പങ്കെടുപ്പിച്ചതും ഇദ്ദേഹമാണെന്ന തരത്തിലായിരുന്നു ആരോപണം.
തന്റെ സോഴ്‌സുകളിൽ നിന്നാണ് വിവരം ലഭിച്ചതെന്നും മോഹൻ വർഗീസ് പറഞ്ഞിരുന്നു. എന്നാൽ ഈ ആരോപണമാണ് പി.ജെ കുര്യൻ നിഷേധിച്ചത്. അങ്ങനെ ഒരു നീക്കം നടത്തിയില്ലെന്ന് മാത്രമല്ല പ്രതിപക്ഷനേതാവെന്ന നിലയിൽ സതീശന് പൂർണ്ണ പിന്തുണ അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തു.
ഇതിനിടെ സംഘപരിവാർ നിലപാടുകളുമായി ചേർന്ന് നിൽക്കുന്ന മോഹൻ വർഗീസിനെ ഏറെ സംശയത്തോടെയാണ് പി.ജെ കുര്യനൊപ്പമുള്ളവർ കാണുന്നത്.
അദ്ദേഹം ആരോപണം ഉന്നയിച്ചതിന് പിന്നിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന കാര്യവും അവർ സമാന്തരമായി അന്വേഷിക്കുന്നുണ്ട്.
സഭാ നേതൃത്വവുമായി ഏറെ അടുത്ത ബന്ധമാണ് മോഹൻ വർഗീസിനുള്ളത്. അദ്ദേഹത്തിനെതിരായ തന്റെ അമർഷം പി.ജെ കുര്യൻ സഭാ നേതൃത്വത്തെ അറിയിച്ചതായാണ് ലഭിക്കുന്ന വിവരം.
കലങ്ങി നിൽക്കുന്ന കോൺഗ്രസ് രാഷ്ട്രീയത്തിൽ നേതാക്കളെ തമ്മിലടിപ്പിക്കാനുള്ള സംഘപരിവാർ അജൻഡയുടെ ഭാഗമായാണോ ഇത്തരം ആരോപണങ്ങൾ ചാനൽ ചർച്ചയ്ക്കിടെ ഉന്നയിച്ചതെന്നും വിലയിരുത്തലുണ്ട്.
പത്തനംതിട്ട തടിയൂർ സ്വദേശിയായ മോഹൻ വർഗീസിന്റെ പ്രവർത്തനങ്ങളെപ്പറ്റി വിശദമായ അന്വേഷണം കോൺഗ്രസിലെ ചിലരും നടത്തുന്നുണ്ട്. സി.പി.എം, കോൺഗ്രസ് നേതാക്കൾ ആരെങ്കിലുഗ ഇതിന് പിന്നിലുണ്ടോയെന്ന സംശയവും നിലവിലുണ്ട്.