Advertisment

സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ യൂണിവേഴ്സിറ്റികളുടെ ഫണ്ടിൽ കൈയ്യിട്ടുവാരി സർക്കാർ. നീക്കിയിരുപ്പ് പൂർണമായി ട്രഷറിയിലേക്ക് മാറ്റാൻ നിർദ്ദേശം. പാലിച്ചില്ലെങ്കിൽ ഗ്രാന്‍റുകളും ഫണ്ടുകളും തടയുമെന്ന് മുന്നറിയിപ്പ്. പെൻഷൻ വിഹിതമടക്കം ട്രഷറിയിലേക്ക് മാറ്റി യൂണിവേഴ്സിറ്റികൾ. പണം പിൻവലിക്കാൻ പെടാപ്പാടും. യൂണിവേഴ്സിറ്റികളിലെ പണം സർക്കാർ കൈക്കലാക്കുമ്പോൾ

സർവകലാശാലകളുടെയും സ്വയംഭരണ സ്ഥാപനങ്ങളുടെയും ദേശസാൽകൃത ബാങ്കുകളിലെ സ്ഥിരനിക്ഷേപങ്ങളും എസ്.ബി അക്കൗണ്ടിലുള്ള നിക്ഷേപവും ട്രഷറിയിലേക്ക് മാറ്റാൻ നേരത്തേ മുൻപ് സർക്കാർ നിർദ്ദേശിച്ചിരുന്നു. അത് പാലിക്കാതിരുന്നവർക്കാണ് പുതിയ നിർദ്ദേശം.

New Update
financial crisis
Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ യൂണിവേഴ്സിറ്റികളുടെ ഫണ്ടിൽ കൈയ്യിട്ടു വാരുകയാണ് സർക്കാർ. 

Advertisment

എം.ജി, കുസാറ്റ്, സംസ്കൃത സർവകലാശാലകളുടെ സ്ഥിരനിക്ഷേപങ്ങൾ അടിയന്തരമായി ട്രഷറിയിലേക്ക് മാറ്റാനാണ് പുതിയ നിർദ്ദേശം. ധനവകുപ്പിന്റെ ആവശ്യപ്രകാരം ഉന്നതവിദ്യാഭ്യാസ വകുപ്പാണ് ഈ നിർദ്ദേശം നൽകിയത്.


സർവകലാശാലകളുടെയും സ്വയംഭരണ സ്ഥാപനങ്ങളുടെയും ദേശസാൽകൃത ബാങ്കുകളിലെ സ്ഥിരനിക്ഷേപങ്ങളും എസ്.ബി അക്കൗണ്ടിലുള്ള നിക്ഷേപവും ട്രഷറിയിലേക്ക് മാറ്റാൻ നേരത്തേ മുൻപ് സർക്കാർ നിർദ്ദേശിച്ചിരുന്നു. അത് പാലിക്കാതിരുന്നവർക്കാണ് പുതിയ നിർദ്ദേശം.

ഫണ്ട് ഉടനടി ട്രഷറിയിലേക്ക് മാറ്റിയില്ലെങ്കിൽ സർക്കാരിന്റെ പ്ലാൻ ഫണ്ട് ഗ്രാന്റ്, പ്രതിമാസ പദ്ധതിയേതര ഗ്രാന്റ് എന്നിവ തടഞ്ഞു വയ്ക്കുമെന്ന് മുന്നറിയിപ്പും സർവകലാശാലകൾക്ക് നൽകിയിയിട്ടുണ്ട്. 


100 കോടിയോളം രൂപ ഈ ഇനത്തിൽ ട്രഷറിയിലേക്ക് മാറ്റാനാണ് സർക്കാർ നീക്കം. നേരത്തേ കേരള, കാലിക്കറ്റ് സർവകലാശാലകൾ ജീവനക്കാരുടെ പെൻഷൻ ഫണ്ടിലേക്ക് നീക്കിവച്ചിരുന്നതുൾപ്പടെ 1500 കോടിയോളം രൂപ ട്രഷറിലേക്ക് മാറ്റിയിരുന്നു. 


സർവകലാശാലകളുടെ ഗവേഷണ പ്രവർത്തനങ്ങൾക്ക് യുജിസി അനുവദിച്ച പണവും ട്രഷറിലേക്ക് മാറ്റി. എന്നാൽ ട്രഷറിയിൽ നിന്നും തുക പിൻവലിക്കാൻ പ്രയാസമാണ്.

കുസാറ്റ്, സംസ്കൃത സർവകലാശാലകളുടെ ആക്ട് പ്രകാരം യൂണിവേഴ്സിറ്റി ഫണ്ട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ മാത്രമേ നിക്ഷേപിക്കാൻ പാടുള്ളൂ. 

അതിനാൽ ട്രഷറിലേക്ക് മാറ്റാൻ സർക്കാർ ആവശ്യപ്പെടുന്നത് ചട്ട വിരുദ്ധമാണെന്ന നിലപാടിലാണ് സർവകലാശാലകൾ. 


എന്നാൽ ദേശസാൽകൃത ബാങ്കുകളിൽ നിന്ന് ലഭിക്കുന്നതിനേക്കാൾ സ്ഥിരനിക്ഷേപങ്ങൾക്ക് കൂടുതൽ പലിശ ട്രഷറിയിൽ ലഭിക്കുമെന്നും ഇത് നഷ്ടപ്പെടുത്തുന്നത് യൂണിവേഴ്സിറ്റി അധികൃതരുടെ ബാധ്യതയായി കണക്കാക്കുമെന്നും ധനകാര്യ വിഭാഗം സർവകലാശാലകളുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. 


അതേസമയം, എംജി സർവകലാശാല നിയമത്തിൽ യൂണിവേഴ്സിറ്റി ഫണ്ട്‌ ട്രഷറിയിലും നിക്ഷേപിക്കാമെന്ന് വ്യവസ്ഥയുണ്ട്.

സംസ്ഥാന സർക്കാരിന്റെ സഹായധനത്തോടെ (ഗ്രാന്റ് ഇൻ എയ്‍ഡ്) പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലെ ശമ്പളം, പെൻഷൻ, മറ്റാനുകൂല്യങ്ങൾ എന്നിവ സർക്കാരിന്റെ ബാധ്യതയല്ലെന്ന് നേരത്തേ സർക്കാർ വ്യക്തമാക്കിയിരുന്നു. 

ദേശസാത്കൃത ബാങ്കുകളിലായിരുന്ന തനത് ഫണ്ട് ട്രഷറിയിലേക്ക് വകമാറ്റാൻ സർക്കാർ നിർദേശിച്ചു. അതിനുശേഷം കിട്ടിയ തനതുവരുമാനവും ട്രഷറിയിൽ നിക്ഷേപിച്ചു. ഇതെല്ലാംചേർത്ത് സർക്കാർ ഖജനാവിലേക്ക് മാറ്റി. 


സർക്കാർ നിർദ്ദേശപ്രകാരം സ്വന്തം അക്കൗണ്ടിലെ ഫണ്ടുകൾ മുഴുവൻ ട്രഷറിയിലേക്ക് മാറ്റിയതോടെ സംസ്ഥാനത്തെ സർവ്വകലാശാലകൾ കടുത്ത പ്രതിസന്ധിയിലാണ്. 


പല സർവ്വകലാശാലകളും ശമ്പളം നൽകാൻ പോലും പാടുപെടുന്ന അവസ്ഥയിലാണ്.  പെൻഷൻ ഫണ്ട് അടക്കമാണ് ട്രഷറിയിലേക്ക് മാറ്റിയത്.  

പദ്ധതി ഫണ്ട്, പദ്ധതിയേതര ഫണ്ട്, തനത് ഫണ്ട്, മുതൽ പെൻഷൻ ഫണ്ട് അടക്കം സർവ്വകലാശാലകളിലെ മുഴുവൻ പണവും ട്രഷറിയിലേക്ക് മാറ്റാൻ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.

സാമ്പത്തികപ്രതിസന്ധി മറികടക്കാനാണ് സർക്കാർ സർവ്വകലാശാലകളുടെ ഫണ്ടിൽ കൈവെച്ചത്. ഇങ്ങിനെ ട്രഷറിയിലേക്കെത്തിയത് കോടികളാണ്. 


കേരള സര്‍വകലാശാല മാത്രം കൈമാറിയ തനത് ഫണ്ട് 700 കോടി രൂപയാണ്.  ശമ്പളം, വിവിധ ഗഡുക്കളായി സർക്കാർ സർവ്വകലാശാലകൾക്ക് നൽകും. 


പക്ഷെ പലപ്പോഴും കൃത്യസമയത്ത് ഗഡുക്കൾ പലയിടത്തും കിട്ടാതായി. കേരള പോലുള്ള വലിയ സർവ്വകലാശാലകൾ സ്വന്തം വരുമാനത്തിൽ നിന്ന് അഡ്ജസ്റ്റ് ചെയ്ത് ചെലവ് നടത്തുമ്പോൾ വരുമാനം കുറഞ്ഞവയാണ് പെട്ടത്. 

കാർഷിക, വെറ്റിനറി, സംസ്കൃത സർവ്വകലാശാലകളും കലാമണ്ഡലവും ശമ്പളം നൽകുന്നത് ഒപ്പിച്ച് മാത്രം. തനത് ഫണ്ട് ട്രഷറിക്ക് പോയതോടെ എല്ലാ സ‍ർവ്വകലാശാലകളിലെയും ഗവേഷണത്തിനും പദ്ധതി നടത്തിപ്പിനും വികസന പ്രവർത്തനത്തിനും പണമില്ലാതായി.

Advertisment