തിരുവനന്തപുരം: യു.ഡി.എഫിന്റെ ആഭിമുഖ്യത്തിൽ നടന്ന മലയോര ജാഥയിൽ നിലമ്പൂർ ഇടതുമുന്നണിക്കും മുഖ്യമന്ത്രിക്കുമെതിരെ ആഞ്ഞടിച്ച് മുൻ എം.എൽ.എ പി.വി അൻവർ. മലയോര മേഖലയിലെ വന്യജീവി പ്രശ്‌നത്തിന്റെ ഗൗരവം മനസ്സിലാകാത്തത് മുഖ്യമന്ത്രിക്കും വനം മന്ത്രിക്കുമാണ്. മേഖലയിൽ ജീവിക്കാൻ കഴിയാത്ത അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.
മൂന്നര വർഷമായി മുഖ്യമന്ത്രിയുടെ ഓഫീസ് ആർ.എസ്.എസിന് വേണ്ടി പണിയെടുക്കുകയാണ്. മലപ്പുറം ജില്ലയെ ഏറ്റവും കൂടുതൽ ക്രിമിനൽ കേസുള്ള ജില്ലയാക്കി മാറ്റാനാണ് ആഭ്യന്തര വകുപ്പിന്റെ ശ്രമം. പിണറായിക്കുവേണ്ടി വേണ്ടി സംസാരിച്ച് 8 വർഷം ഈ വേദിയിൽ ഇരിക്കുന്നവരെ പിണക്കിയവനാണ് താൻ.
നിലമ്പൂരിൽ എൽ.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്ത ജനങ്ങളോട് അഴിമതികൾ തുറന്നു പറയാനാണ് എം.എൽ.എ സ്ഥാനം രാജി വെച്ചതെന്നും വ്യക്തമാക്കിയ അൻവർ എ.ഡി.ജി.പി എം.ആർ അജിത് കുമാറിനെതിരെയുള്ള ആരോപണങ്ങളും ആവർത്തിച്ചു.
/sathyam/media/media_files/2025/01/30/CTGsNDMsVZyDg4T8hHoT.jpg)
ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് പല രീതിയിലും ഇടപെട്ടു. എന്നാൽ അത് തടയാനായില്ല. ശ്രമം തുടർന്നാൽ വോട്ടർമാർ കോടതിയെ സമീപിക്കും. ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ആരായാലും 30000 ത്തിൽപ്പരം വോട്ടുകൾക്ക് വിജയിക്കും.
നിലമ്പൂരിൽ പിണറായിസത്തിന്റെ അവസാന ആണിയടിക്കും. പനമരത്ത് പഞ്ചായത്തിലെ ഭരണമാറ്റം യു.ഡി.എഫിനുള്ള തന്റെ സമ്മാനമാണെന്നും അദ്ദേഹം പറഞ്ഞു.
മുന്നണി നേതൃത്വത്തിന്റെ സമ്മതം വാങ്ങിത്തന്നെയാണ് താൻ ജാഥയിൽ പങ്കെടുക്കുന്നത്. ഇന്നലെ ഇതിനായി പ്രതിപക്ഷ നേതാവിനെ സന്ദർശിച്ചിരുന്നു. തനിക്ക് സമ്മതം നൽകിയതിന് പ്രതിപക്ഷ നേതാവിന്‍റെയും യു.ഡി.എഫ് ഘടകകക്ഷി നേതാക്കളുടെയും പേരെടുത്ത് നന്ദി അറിയിച്ചുകൊണ്ടാണ് അൻവർ പ്രസംഗം അവസാനിപ്പിച്ചത്.
/sathyam/media/media_files/2025/01/30/K8U6PNsLskG7g2neOXmB.jpg)
നിലമ്പൂരിലെ മലയോര പ്രചാരണ ജാഥ ആരംഭിച്ച ശേഷം വേദിയിലേയ്ക്ക് വന്ന പി വി അന്‍വറെ പ്രതിപക്ഷ നേതാവ് എഴുന്നേറ്റ് ചെന്ന് കെട്ടിപ്പിടിച്ച് സ്വീകരിച്ച് അരികെ ഇരുത്തിയത് അന്‍വറിനുള്ള യുഡിഎഫ് അംഗീകാരമായി മാറി. മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലികുട്ടി അടക്കമുള്ളവര്‍ ഈ സമയത്ത് വേദിയിലുണ്ടായിരുന്നു.