Advertisment

വീണ്ടും കടമെടുത്ത് കൂട്ടി കേരളം. ഫെബ്രുവരിയിൽ എടുക്കുന്നത് 3000 കോടി. നടപ്പുവ‌ർഷത്തെ കടം 39,000 കോടി കവിഞ്ഞു. കടമെടുക്കുന്നത് ശമ്പളം, പെൻഷൻ വിതരണം ഉൾപ്പെടെയുള്ള സാമ്പത്തികാവശ്യങ്ങൾക്കായി. സർക്കാരിന്റെ പ്രതമാസ വരുമാനം 12000 കോടി. ചെലവ് 15,000 കോടി. ചെലവ് വെട്ടിച്ചുരുക്കിയിട്ടും രക്ഷയില്ല. പൊതുകടം അടക്കം കേരളത്തിന്റെ ആകെ ബാദ്ധ്യത 4.15 ലക്ഷം കോടിയെന്ന് സിഎജി

ഡിസംബർ വരെ 23000 കോടിയായിരുന്നു കടമെടുക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകിയത്. ഇതിൽ ചില ഇളവുകൾ സംസ്ഥാനം നേടിയെടുത്തു. ഇളവുകളോടെ അത് 31002 കോടിയിലെത്തി.

New Update
pinarai vijayan kn balagopal
Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: ശമ്പളം, പെൻഷൻ വിതരണം ഉൾപ്പെടെയുള്ള സാമ്പത്തികാവശ്യം നിറവേറ്റാനായി സംസ്ഥാന സർക്കാർ വീണ്ടും കടമെടുക്കുകയാണ്. കേരളത്തിന്റെ കടമെടുപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന തോതിലായിരിക്കെ, ഫെബ്രുവരി നാലിന് സംസ്ഥാനം 3000 കോടി രൂപ കൂടി കടമെടുക്കും.

Advertisment

ജനുവരി 14ന് 1500 കോടിയും 21ന് 2500 കോടിയും കടമെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഫെബ്രുവരിയിലും കടമെടുക്കുന്നത്. ഇതോടെ നടപ്പ് സാമ്പത്തിക വർഷം സംസ്ഥാനത്തിന്റെ കടമെടുപ്പ് 39002 കോടിയിലെത്തി.


നിത്യചെലവുകൾക്കും മുൻപെടുത്ത കടത്തിന്റെ പലിശ നൽകാനുമാണ് ഇടയ്ക്കിടെയുള്ള ഈ കടമെടുപ്പ്. ഡിസംബർ വരെ 23000 കോടിയായിരുന്നു കടമെടുക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകിയത്. ഇതിൽ ചില ഇളവുകൾ സംസ്ഥാനം നേടിയെടുത്തു. ഇളവുകളോടെ അത് 31002 കോടിയിലെത്തി.

ജനുവരി മുതൽ മാർച്ച് വരെ 8000 കോടിയുടെ കടമെടുപ്പിനാണ് അനുമതി കിട്ടിയത്. കേന്ദ്രം അനുമതി നൽകിയതിന്റെ പരമാവധി തുക സംസ്ഥാനം കടമെടുത്ത് കൂട്ടുകയാണ്.


സംസ്ഥാന സർക്കാരിന്റെ പൊതുകടം ഉൾപ്പെടെയുള്ള ബാധ്യതകൾ കഴിഞ്ഞ സാമ്പത്തിക വർഷമായ 2023-24ൽ 4.15 ലക്ഷം കോടി രൂപയാണെന്ന് സിഎജി റിപ്പോർട്ട് ചെയ്തിരുന്നു. സംസ്ഥാന ജിഡിപിയുടെ 36.23 ശതമാനമാണിത്.


ഇത്രയും കടമെടുത്തിട്ടും ഉപാധികളില്ലാതെ വീണ്ടുമൊരു 6000 കോടി കൂടി കടമെടുക്കാൻ അനുവദിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമനെ കണ്ട് മന്ത്രി കെ.എൻ.ബാലഗോപാൽ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.

kn balagopal nirmala sitaraman

സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിലെ മുന്‍കാല വെട്ടിക്കുറവുകള്‍ പിന്‍വലിക്കുന്നതുള്‍പ്പെടെ പരിഗണിക്കണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.


കേരളത്തിന്റെ പൊതുകടം ചരിത്രത്തിലെ ഏറ്റവും അപകടകരമായ നിലയിലാണിപ്പോൾ. 19 വർഷത്തേക്ക് 7.24 ശതമാനം പലിശക്കാണ് കേരളത്തിന്റെ കടമെടുപ്പ്. 


റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം കേരളത്തിന് 2024 വരെയുള്ള ആകെ കടബാധ്യത 4.29 ലക്ഷം കോടി രൂപയാണെന്ന് കേന്ദ്ര സർക്കാർ ലോക്സഭയെ അറിയിച്ചിരുന്നു. 2016ൽ കേരളത്തിന്റെ കടബാധ്യത 1.62 ലക്ഷം കോടി രൂപയായിരുന്നു. അവിടെ നിന്നാണ് 8 വർഷം കൊണ്ട് 4.29 ലക്ഷം കോടിയിലേക്ക് കടം കുതിച്ചു കയറിയത്.

സാമ്പത്തിക വർഷത്തിന്റെ ഓരോ പാദത്തിലും കടമെടുക്കാൻ കേന്ദ്രസർക്കാർ പ്രത്യേകം അനുമതി നൽകിയാൽ മാത്രമേ റിസർവ് ബാങ്ക് വഴിയുള്ള കടമെടുപ്പു സാധ്യമാകൂ. അനുമതി നൽകുന്നതുവരെ ഇടക്കാല കടമെടുപ്പ് അനുവദിക്കണമെന്നും കേരളം കേന്ദ്രത്തോടാവശ്യപ്പെട്ടിട്ടുണ്ട്.  


12,000 കോടി രൂപയെങ്കിലും കിഫ്ബിയുടെയും പെൻഷൻ കമ്പനിയുടെയും വായ്പ ഇനത്തിലും പ്രോവിഡന്റ് ഫണ്ട് നിക്ഷേപ ഇനത്തിലും കേന്ദ്രം വെട്ടിക്കുറയ്ക്കും. ക്ഷേമപെൻഷൻ വിതരണം ചെയ്യുന്നതിനും മറ്റുമായി റിസർവ് ബാങ്കിൽ നിന്നു വെയ്സ് ആൻഡ് മീൻസ് അഡ്വാൻസും എടുത്തിട്ടുണ്ട്. ഇത്തരത്തിൽ കിട്ടാവുന്നിടത്തു നിന്നെല്ലാം കടമെടുത്താണ് സർക്കാർ മുന്നോട്ടു പോവുന്നത്.


2016ൽ 76, 69544 കോടിയായിരുന്നു രാജ്യത്തിന്റെ കട ബാധ്യത. 2021ൽ ഇത് 1,21, 91608 കോടിയായെന്നാണ് സർക്കാർ പറയുന്നത്. കേന്ദ്രസർക്കാർ എടുക്കുന്ന കടം എന്തിനുവേണ്ടിയാണ് വിനിയോഗിക്കുന്നത് എന്ന് സംബന്ധിച്ച് വ്യക്തതയില്ല.

കേന്ദ്രത്തിന്റെ സാമ്പത്തിക നയങ്ങൾ അല്ല കേരളം പിന്തുടരുന്നത്. ബദൽ സാമ്പത്തിക നയങ്ങളിലൂടെ വലിയ വികസനമാണ് കേരളം കൈവരിക്കുന്നത്. ദരിദ്രാവസ്ഥ ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളം. കേരളത്തിൽ 0.7% മാത്രമാണ് പരമ ദരിദ്രരുള്ളത്. അതിദാരിദ്ര്യം ഇല്ലാതാക്കുന്നതിന് കൃത്യമായ പദ്ധതിയും സംസ്ഥാന സർക്കാർ നടപ്പാക്കുന്നു.


2025 നവംബർ ഒന്നിന് കേരളത്തിൽ പരമ ദാരിദ്ര്യത്തിൽ കഴിയുന്ന ഒരാൾ പോലും ഉണ്ടാകില്ല എന്ന് ഉറപ്പിച്ചുള്ള നടപടികളാണ് സർക്കാർ നടപ്പാക്കുന്നതെന്നും വികസനത്തിനു വേണ്ടിയാണ് പണം കടമെടുക്കുന്നതെന്നുമാണ് സർക്കാരിന്റെ പ്രഖ്യാപനം.


മൂന്നുവർഷം മുൻപ് കേരളത്തിൻറെ പൊതുകടം ജിഡിപിയുടെ 39 ശതമാനമായിരുന്നത് ഇപ്പോൾ 33 ശതമാനമാണെന്നും എന്നാൽ, കേന്ദ്രത്തിൻറെ മൊത്തം കടം ഇക്കാലയളവിൽ നാലു ശതമാനം ഉയർന്ന് 56 ശതമാനമായതായും മന്ത്രി കെ.എൻ ബാലഗോപാൽ പറയുന്നു.

kn balagopal ona

കേരളത്തിൻറെ പൊതുകടമെടുപ്പിൻറെ തോത് കുറഞ്ഞുവരികയാണെന്നും സംസ്ഥാനം കടക്കെണിയിലാണെന്ന പ്രചാരണം തെറ്റിദ്ധാരണാജനകമാണെന്നുമാണ് ധനമന്ത്രിയുടെ വിശദീകരണം.


ഏകദേശം 12,000 കോടി രൂപയാണ് സംസ്ഥാന സർക്കാരിന്റെ പ്രതിമാസ വരുമാനം. ചെലവ് 15,000 കോടി രൂപയോളവും. അതായത്, ഓരോ മാസവും 3,000 കോടി രൂപ അധികമായി കണ്ടെത്തണം.


 കടമെടുപ്പിലൂടെയും ചെലവ് വെട്ടിച്ചുരുക്കിയും മറ്റുമാണ് സർക്കാർ ഈതുക കണ്ടെത്തുന്നത്. സാമ്പത്തിക വർഷത്തിന്റെ അവസാന മാസങ്ങളിൽ ചെലവ് വർധിക്കുമെന്നതിനാൽ ഈ തുക മതിയാകുമോയെന്നാണ് ആശങ്ക.

സാമ്പത്തിക സ്ഥിതി ഭദ്രമാണെന്ന് ഉറപ്പാക്കുന്ന ധന ഉത്തരവാദിത്ത നിയമത്തിൽ (എഫ്ആർബിഎം ആക്ട്) കടബാധ്യത സംസ്ഥാന മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ (ജിഎസ്ഡിപി) 29% കവിയരുതെന്നു നിർദേശിക്കുമ്പോൾ കേരളം 39.1 ശതമാനത്തിനു മുകളിലെത്തിയിട്ടുണ്ട്.

കേരളത്തിന്റെ തിരിച്ചടയ്ക്കാൻ ബാക്കിയുള്ള പൊതുകടം 2.52 ലക്ഷം കോടിയായെന്ന് സിഎജിയും കണ്ടെത്തിയിരുന്നു. 2018 മുതൽ 2023 വരെ 94,271.83 കോടിയാണ് കൂടിയത്. കടം കൂടിവരുന്ന പ്രവണത ഭാവിയിൽ കടത്തിന്റെ സുസ്ഥിരതയെ പ്രതികൂലമായി ബാധിക്കുമെന്നും സി.എ.ജി. പറയുന്നു.

Advertisment