തിരുവനന്തപുരം: സർവ്വകശാലകളിലെയും കോളേജുകളിലെയും നിയമനമാനദണ്ഡങ്ങളിലുള്ള മാറ്റത്തിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് സീറോ മലബാർ സഭ രംഗത്ത്.
കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള യുജി.സി പുറപ്പെടുവിച്ചിട്ടുള്ള കരട് നിർദ്ദേശങ്ങളാണ് അതൃപ്തിക്ക് കാരണമായിട്ടുള്ളത്.
കോളേജുകളിലെ അധ്യാപക നിയമനമടക്കം മുഴുവൻ കാര്യങ്ങളും പുതുക്കിയ നിയമമനുസരിച്ച് വൈസ് ചാൻസിലർക്ക് കീഴിലാവും.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ന്യൂനപക്ഷപദവിയടക്കം ഒരു കാര്യങ്ങളും പരിഗണിക്കാതെയാണ് പുതുക്കിയ നിയമം കൊണ്ടു വരുന്നത്.
നിയമം പ്രാബല്യത്തിലായാൽ കേന്ദ്ര സർക്കാരിന്റെ താൽപര്യപ്രകാരമാവും മുഴുവൻ നിയമനങ്ങളും നടക്കുക. നിയമനത്തിനായി വൈസ് ചാൻസിലറുടെ നേതൃത്വത്തിലുള്ള സമിതിയാവും തീരുമാനമെടുക്കുക.
സമിതിയംഗങ്ങളെ തീരുമാനിക്കുന്നത് വൈസ് ചാൻസിലറാവും. ചുരുക്കത്തിൽ മാനേജ്‌മെന്റിന്റെയും സംസ്ഥാന സർക്കാരിന്റെയും നിയന്ത്രണം പൂർണ്ണമായി നഷ്ടമാവും.
ജനുവരി 15നാണ് കരട് ചട്ടങ്ങൾ കേന്ദ്രം പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഫെബ്രുവരി അഞ്ചിനകം ഇതിലുള്ള ആക്ഷേപങ്ങൾ രേഖപ്പെടുത്താം. എന്നാൽ ഉന്നയിക്കുന്ന ആക്ഷേപങ്ങൾ കേന്ദ്ര സർക്കാർ ഉൾക്കൊണ്ട് മാറ്റം വരുത്തുമെന്ന് ഉറപ്പുകളൊന്നുമില്ല.
കരട് നിയമത്തിനെതിരെ കേരളം, ബംഗാൾ, തമിഴ്‌നാട് അടക്കം ചില സംസ്ഥാനങ്ങൾ സുപ്രീം കോടതിയിലേക്ക് പോകാനാണ് നീക്കം നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ടുള്ള സർക്കാർ പ്രതിനിധികളുടെ യോഗം അടുത്ത മാസം 20ന് ചേരുമെന്നും അറിയാൻ കഴിഞ്ഞിട്ടുണ്ട്.
ഇതിനിടെ സംസ്ഥാനത്ത് രാഷ്ട്രീയമായി സഭകളെ തങ്ങളിലേക്ക് അടുപ്പിക്കാൻ ശ്രമിക്കുന്ന ബിജെപിക്ക് നിലവിലെ യുജിസി കരട് നിയമം തിരിച്ചടിയായേക്കും.
തങ്ങളുടെ സ്ഥാപനങ്ങളുടെ അധികാരങ്ങൾ കവർന്നെടുക്കുന്ന മകന്ദ്ര സർക്കാരിന്റെ നടപടികളിൽ സഭയ്ക്കുള്ള അതൃപ്തിയാണ് കാരണമായി പറയുന്നത്.
സഭകൾക്ക് പുറമേ എൻഎസ്എസ്, എസ്എൻഡിപി മറ്റ് സാമുദായിക സംഘടനകൾ, ദേവസ്വം ബോർഡ് എന്നിവ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും യുജിസി നിയമം ബാധിക്കും. നിയമത്തിനെതിരെ വലിയ പ്രക്ഷോഭങ്ങൾ നടക്കാനുള്ള സാദ്ധ്യതയും തള്ളിക്കളായാനാവില്ല.