Advertisment

കേന്ദ്ര ബജറ്റിൽ പ്രതീക്ഷയോടെ കേരളം. സർക്കാർ തേടുന്നത് 24000 കോടിയുടെ പാക്കേജ്. വിഴിഞ്ഞത്തിന് 5000 കോടിയും വയനാടിന് 2000 കോടിയും ആവശ്യപ്പെട്ടു. എയിംസ് കിട്ടുമോയെന്നും കണ്ടറിയണം. ആദായ നികുതി ഇളവ് പരിധി അഞ്ച് ലക്ഷമാക്കിയേക്കും. 30% ടാക്സ് അടയ്ക്കേണ്ട വരുമാന പരിധി 20 ലക്ഷമാക്കി ഉയർത്താനിട. ജിഎസ്‌ടി നിരക്കുകൾ ഏകീകരിച്ചേക്കാം. ബജറ്റ് ജനപ്രിയമാക്കി കൈയ്യടി നേടുമോ നിർമ്മല

കേന്ദ്രബജറ്റിൽ കൂടുതൽ നികുതി ഇളവുകൾ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നഗര, ഗ്രാമീണ മേഖലകളിലെ ഉപഭോഗ തളർച്ച മറികടക്കാൻ നികുതിദായകർക്ക് അധിക ഇളവുകൾ നൽകുമെന്നാണ് സൂചന. 

New Update
budget 2025
Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ കേരളത്തിന് എന്ത് കിട്ടുമെന്ന കാത്തിരിപ്പിലാണ് കേരളം. 24,000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് എന്ന കേരളത്തിന്റെ പ്രധാനപ്പെട്ട ആവശ്യം കേന്ദ്ര ബജറ്റിൽ പരിഗണിക്കുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.  

Advertisment

2022-23ലെയും 2023-24 ലെയുംകടമെടുപ്പ് പരിധിയിലെ വെട്ടിക്കുറവ് മൂലമുണ്ടായ നഷ്ടം നികത്താനുള്ള പാക്കേജാണ് കേരളം പ്രധാനമായും ആവശ്യപ്പെട്ടത്. 

ഇതിനൊപ്പം വിഴിഞ്ഞത്തിന് 5000 കോടിയുടെയും വയനാടിന് 2000 കോടിയുടെയും പ്രത്യേക സഹായവും തേടി. 


പതിറ്റാണ്ടുകളായി കാത്തിരിക്കുന്ന ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസും അങ്കമാലി- എരുമേലി ശബരി പാതയും ബജറ്റിൽ പ്രഖ്യാപിക്കുമെന്നും കേരളം പ്രതീക്ഷിക്കുന്നു.


വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമ്മാണ പദ്ധതിയുടെ തുടർ പ്രവർത്തനങ്ങൾക്ക് 5000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് ആവശ്യപ്പെട്ടിട്ടുണ്ട്.  

8867 കോടി രൂപ അടങ്കൽ വരുന്ന പദ്ധതിയിൽ 5595 കോടി രൂപ സംസ്ഥാനമാണ് വഹിക്കുന്നത്.  നിലവിൽ 818 കോടി രൂപ മാത്രമാണ് കേന്ദ്ര വിഹിതമായുള്ളത്. 

kn balagopal1

ഈ തുക നൽകിയാൽ തുറമുഖത്തു നിന്നുള്ള വരുമാനത്തിൽ നിന്ന് തവണകളായി തിരിച്ചടയ്ക്കണമെന്നാണ് കേന്ദ്രത്തിന്റെ പുതിയ വ്യവസ്ഥ. ഇതൊഴിവാക്കണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.


 കോഴിക്കോടിനെയും വയനാടിനെയും ബന്ധിപ്പിക്കുന്ന തുരങ്ക പാത, റെയിൽവേ  നവീകരണവും ഇരട്ടപ്പാതയാക്കലും, റബ്ബറിന്റെ താങ്ങ് വില ഉയർത്തൽ, പരമ്പരാഗത മേഖലയുടെ നവീകരണത്തിനും തൊഴിലവസരങ്ങൾ ഉയർത്തുന്നതിനും ആവശ്യമായ സഹായങ്ങൾ എന്നിവയും ബജറ്റിൽ ഉൾപ്പെടുത്തണമെന്ന് കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.


വിഴിഞ്ഞത്തേക്ക് റെയിൽ, റോഡ് സൗകര്യങ്ങൾക്ക് കാപ്പക്സ് പദ്ധതിയിൽ പലിശരഹിത ദീർഘകാല വായ്പ അനുവദിക്കണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. 

ദേശീയപാതയ്ക്ക് ഭൂമി ഏറ്റെടുക്കാൻ നൽകിയ 6025 കോടിക്ക് തുല്യമായതുക വായ്പയെടുക്കാനുള്ള അനുമതിയും കേരളം പ്രതീക്ഷിക്കുന്നു. 

പ്രവാസികളുടെ പുനരധിവാസത്തിനും ക്ഷേമത്തിനും 300 കോടി, തൊഴിലുറപ്പ് കൂലി, സ്കൂൾ ഉച്ചഭക്ഷണം വിഹിത വർദ്ധന എന്നിവയും ആവശ്യപ്പെട്ടിട്ടുണ്ട്. 


വയനാട്ടിലടക്കം വന്യജീവി ആക്രമണം തടയാൻ 1000 കോടി, റെയിൽവേ വികസനത്തിന് കൂടുതൽ പരിഗണന എന്നിവ വേണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.


കേന്ദ്രബജറ്റിൽ കൂടുതൽ നികുതി ഇളവുകൾ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നഗര, ഗ്രാമീണ മേഖലകളിലെ ഉപഭോഗ തളർച്ച മറികടക്കാൻ നികുതിദായകർക്ക് അധിക ഇളവുകൾ നൽകുമെന്നാണ് സൂചന. 

ആദായനികുതി ഇളവ് പരിധിയിലെ വർദ്ധനയും നികുതി സ്ളാബിൽ വരുത്തുന്ന മാറ്റങ്ങളുമാണ് ഇടത്തരക്കാരും ശമ്പളക്കാരും പ്രതീക്ഷിക്കുന്നത്.  

ജി.എസ്.ടി നിരക്കുകളുടെ ഏകീകരണവും ഉണ്ടായേക്കാം. പശ്ചാത്തല വികസനം, സാമൂഹിക ക്ഷേമ പദ്ധതികൾ, ആരോഗ്യ, വിദ്യാഭ്യാസ മേഖലകൾ എന്നിവയ്ക്കും ഇത്തവണ കൂടുതൽ വിഹിതം ലഭിക്കാനിടയുണ്ട്.


ബജറ്റിൽ ആദായ നികുതി ഇളവ് പരിധി അഞ്ച് ലക്ഷമാക്കിയേക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. നിലവിലെ പരിധി മൂന്ന് ലക്ഷം രൂപയാണ്. 30 ശതമാനം ആദായ നികുതി നിൽകേണ്ട സ്ളാബിന്റെ പരിധി 15 ലക്ഷത്തിൽ നിന്ന് 20 ലക്ഷമായി ഉയർത്തുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. 


നാഷണൽ പെൻഷൻ സിസ്‌റ്റത്തിലെ നിക്ഷേപം , ആരോഗ്യ, ലൈഫ് ഇൻഷ്വറൻസ് പ്രീമിയം അടവ്, ഭവന വായ്പകളുടെ പലിശ എന്നിവയ്ക്കും നികുതി ഇളവുകൾ നൽകിയേക്കും. 

nirmala65656560

മൂന്നാം നരേന്ദ്ര മോഡി സർക്കാരിന്റെ രണ്ടാമത്തെ സമ്പൂർണ ബജറ്റാണ് ധനമന്ത്രി നിർമ്മല സീതാരാമൻ നാളെ പാർലമെന്റിൽ അവതരിപ്പിക്കുന്നത്.

കേരളത്തിന് എയിംസ് (ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്) 2014ൽ കേന്ദ്രം പ്രഖ്യാപിച്ചതാണെങ്കിലും ഇതുവരെ അനുവദിച്ചിട്ടില്ല. 


എയിംസിനായി കോഴിക്കോട് കിനാലൂരിൽ 252 ഏക്കർ ഭൂമി സർക്കാർ ഏറ്റെടുത്തിരുന്നു. എയിംസ് എവിടെ വേണമെന്നതിൽ സമവായമില്ലെന്ന് പറഞ്ഞ് അനുവദിക്കാതിരിക്കുകയാണ്. 


ധനമന്ത്രി കെ.എൻ. ബാലഗോപാൽ കേന്ദ്ര ധനമന്ത്രിയുമായി ബജറ്റിന് മുൻപ് നടത്തിയ കൂടിക്കാഴ്ചയിലും എയിംസ് എന്ന ആവശ്യമുന്നയിച്ചിരുന്നു.  

റോഡ് സൗകര്യവും കുടിവെള്ളവുമുള്ള 200 ഏക്കർ ഭൂമി നൽകിയാൽ എയിംസ് അനുവദിക്കാമെന്നായിരുന്നു 2014ൽ കേന്ദ്രവാഗ്ദാനം. 

യു.ഡി.എഫ് സർക്കാർ തിരുവനന്തപുരത്തും കോട്ടയത്തും എറണാകുളത്തും കോഴിക്കോട്ടും സ്ഥലംകണ്ടെത്തി. പദ്ധതി പരിഗണനയിലില്ലെന്ന് 2018ൽ കേന്ദ്രം നിലപാട് മാറ്റി. 

കേരളത്തിന് എയിംസ് അനുവദിക്കാൻ കേന്ദ്രആരോഗ്യ മന്ത്രാലയം 2022 ഏപ്രിലിൽ ധനമന്ത്രാലയത്തിന് ശുപാർശ നൽകിയിരുന്നതാണെങ്കിലും തുടർനടപടികളുണ്ടായില്ല.

Advertisment