തിരുവനന്തപുരം: ദളിത്-ന്യൂനപക്ഷ സ്‌കോളർ ഷിപ്പുകൾ വെട്ടിക്കുറച്ചതിനെതിരെ കത്തോലിക്ക സഭയുടെ മുഖപത്രമായ ദീപികയിൽ രൂക്ഷവിമർശനം.
പത്രത്തിന്റെ മുഖപ്രസംഗത്തിലാണ് സർക്കാർ നടപടിയെ കടുത്ത വിമർശനത്തിന് ഇരയാക്കിയിട്ടുള്ളത്. ചില്ലിക്കാശും തട്ടിയെടുത്ത ദുർബലരെ വീഴ്ത്തരുതെന്ന തലക്കെട്ടിലാണ് മുഖപ്രസംഗം പ്രസിദ്ധീകരിച്ചിട്ടുള്ളത്.
ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിൽ 2024-25ലെ പദ്ധതിയിൽ 87.63 കോടി രൂപ വകയിരുത്തിയെങ്കിലും അതിൽ 1.29ശതമാനം തുക മാത്രമാണ് ചിലവഴിച്ചത്.
സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ന്യൂനപക്ഷങ്ങളുടെയുംഎ ദളിതരുടെയും കുത്തിന് പിടിക്കുന്ന സർക്കാർ ഒരുപയോഗവുമില്ലാത്തെ ഹെലികോപ്റ്ററിന്റെ 9 മാസത്തെ വാടകയിനത്തിൽ 7.20 കോടി രൂപ ഒരു ഉളുപ്പുമില്ലാതെ കൊടുത്തതായും വ്യക്തമാക്കിയിട്ടുണ്ട്.
സ്‌കോളർഷിപ്പും പദ്ധതികളും വെട്ടിക്കുറച്ചതിലൂടെ ന്യനൂനപക്ഷങ്ങൾക്കും ദളിതർക്കും സർക്കാർ മുന്നറിയിപ്പാണ് നൽകിയതെന്നും ഇത് വിവേചനമല്ലെങ്കിൽ അവരുടെ സ്വപ്‌നങ്ങൾക്ക് മേൽ കുത്തിയ കൊടി എടുത്തു മാറ്റുകയാണ് വേണ്ടതെന്നും മുഖപ്രസംഗം വ്യക്തമാക്കുന്നു.
സ്‌കോളർഷിപ്പുകളിൽ 50ശതമാനവും ദളിത് പദ്ധതികളിൽ 60ശതമാനവും സർക്കാർ വെട്ടിനിരത്തിയിട്ടും സി.പി.ഐ അടക്കമുള്ള ഘടകകക്ഷികൾക്ക് മിണ്ടാട്ടമില്ല.
അടിസ്ഥാന വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്നുവെന്ന മുദ്രാവാക്യമുയർത്തി പ്രവർത്തിക്കുന്ന സർക്കാർ സാമ്പത്തിക പ്രതിസന്ധിയുടെ പേരിലെടുക്കുന്ന നടപടികൾ സർക്കാരിന്റെ പ്രതിച്ഛായയ്ക്ക് കാര്യമായ പോറൽ ഏൽപ്പിച്ചേക്കും.
എല്ലാ കക്ഷി നേതാക്കളുമായും പാർട്ടികളുമായും ആലോചിച്ചാണ് സർക്കാർ ഈ നടപടിയിലേക്ക് കടന്നിരിക്കുന്നതെന്നാണ് ഘടകകക്ഷികളുടെ മൗനത്തിൽ നിന്നും വ്യക്തമാകുന്നത്.
പാവപ്പെട്ടവർക്കുള്ള ക്ഷേമപെൻഷൻ കുടിശിഖയില്ലാതെ നൽകുമെന്ന സർക്കാരിന്റെ പ്രഖ്യാപനം പാളിയിരുന്നു. അതിന് പിന്നാലെ ന്യൂനപക്ഷ-പിന്നാക്ക വിഭാഗങ്ങൾക്ക് വലിയ തോതിൽ അതൃപ്തിയുണ്ടാക്കുന്ന തീരുമാനമാണ് ഇപ്പോൾ പുറത്ത് വന്നിട്ടുള്ളത്.
കത്തോലിക്ക സഭയുടെ വിമർശനത്തിന് പിന്നിലെ വിവിധ സാമുദായിക സംഘടനകളും സർക്കാർ നിലപാടിനെ വിമർശിച്ച് വരും ദിവസങ്ങളിൽ രംഗത്ത് വരാനുള്ള സാദ്ധ്യതകളും തള്ളിക്കളയാനാവില്ല.