Advertisment

ന്യൂനപക്ഷ വിഭാഗങ്ങൾക്കു പിന്നാലെ പട്ടികജാതി വകുപ്പിന്റെ ഫണ്ടും വെട്ടി. പട്ടികജാതിക്കാരുടെ വിദ്യാഭ്യാസ സഹായം, ഭവനനിർമ്മാണ പദ്ധതി, വീട് പുനർനിർമ്മാണം എന്നിവയ്ക്കെല്ലാമുള്ള പദ്ധതികൾ അവതാളത്തിലാവും. പട്ടികജാതി വിഭാഗങ്ങളുടെ ലൈഫ് മിഷന് നൽകിയത് വെറും 30 ശതമാനം മാത്രം. പട്ടിക വിഭാഗക്കാരോട് സർക്കാരിന് ചിറ്റമ്മ നയമോ ?

പട്ടികജാതി പെൺകുട്ടികളുടെ വിദ്യാഭ്യാസം, സാമൂഹിക നിലവാരം എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള ഇൻഷ്വറൻസ് പദ്ധതിയായ വാൽസല്യ നിധിയക്ക് 10 കോടി രൂപയാണ് വകയിരുത്തിയതെങ്കിലും ഇതിൽ നിന്ന് ഒരു രൂപ പോലും കൊടുക്കണ്ടെന്നാണ് ഉത്തരവ്. 

New Update
pinarai vijayan kn balagopal-2
Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: ന്യൂനപക്ഷ വിഭാഗങ്ങളുടെ സ്‌കോളർഷിപ്പുകൾ വെട്ടിയതിനു പിന്നാലെ പട്ടികജാതി വകുപ്പിന്റെ പദ്ധതികളും 60 ശതമാനം വരെ വെട്ടിക്കുറച്ച് സർക്കാർ. 

Advertisment

പട്ടിക ജാതി വിഭാഗത്തിൽ പെട്ട കുട്ടികളുടെ വിദ്യാഭ്യാസ സഹായ പദ്ധതി, പട്ടികജാതി വിഭാഗക്കാർക്ക് ലൈഫ് മിഷൻ വഴി വീടും ഭൂമിയും നൽകുന്ന പദ്ധതി തുടങ്ങിയവ അടക്കമുള്ളവയ്ക്കായി വകയിരുത്തിയ തുകയിലെ 50 ശതമാനമാണു വെട്ടിക്കുറച്ചത്.


ഭവന രഹിത പട്ടികജാതി വിഭാഗക്കാർക്ക് ലൈഫ് മിഷൻ വഴി നടപ്പാക്കുന്ന ഭവന പദ്ധതിക്ക് 300 കോടി രൂപയാണ് ഈ സാമ്പത്തിക വർഷം ബജറ്റിൽ വകയിരുത്തിയത്. ഇത് 120 കോടിയാക്കിയാണ് വെട്ടി കുറച്ചത്. 60 ശതമാനം വെട്ടികുറവാണ് പട്ടികജാതി വിഭാഗങ്ങളുടെ ഭവന പദ്ധതിയിൽ മാത്രം വരുത്തിയത്.


പട്ടികജാതി കുടുംബങ്ങളുടെ ഭാഗികമായി നിർമ്മിച്ച വീടുകളുടെ പൂർത്തീകരണത്തിനും ജീർണിച്ച വീടുകളുടെ മെച്ചപ്പെടുത്തലിനും പഠനമുറി നിർമ്മാണത്തിനും ധനസഹായം നൽകുന്നതിന് 222.06 കോടിയാണ് വകയിരുത്തിയിരുന്നത്. ഇത് 173.06 കോടിയായി വെട്ടികുറച്ചു. 

ഭൂരഹിതരായ പട്ടികജാതി കുടുംബങ്ങൾക്ക് ഭവന നിർമ്മാണത്തിന് ഭൂമി വാങ്ങാൻ സഹായം നൽകുന്ന പദ്ധതിക്ക് 170 കോടിയായിരുന്നു ബജറ്റ് വിഹിതം. ഇത് 70.25 കോടിയായി വെട്ടികുറച്ചു. 


ഒരു ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള പട്ടികജാതി കുടുംബങ്ങളിലെ പെൺകുട്ടികളുടെ മാതാപിതാക്കൾക്ക് അവരുടെ പെൺമക്കളുടെ വിവാഹത്തിനായി വിവാഹ ധനസഹായമായി 1.25 ലക്ഷം രൂപ വീതം നൽകുന്ന വിവാഹ ധനസഹായം നൽകുന്ന പദ്ധതിക്ക് 86 ലക്ഷം രൂപയായിരുന്നു വിഹിതമായി ഉൾപ്പെടുത്തിയിരുന്നത്. ഇത് 50 ലക്ഷമാക്കി വെട്ടിച്ചുരുക്കി.


പട്ടികജാതി പെൺകുട്ടികളുടെ വിദ്യാഭ്യാസം, സാമൂഹിക നിലവാരം എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള ഇൻഷ്വറൻസ് പദ്ധതിയായ വാൽസല്യ നിധിയക്ക് 10 കോടി രൂപയാണ് വകയിരുത്തിയതെങ്കിലും ഇതിൽ നിന്ന് ഒരു രൂപ പോലും കൊടുക്കണ്ടെന്നാണ് ഉത്തരവ്. 

വാൽസല്യ നിധി പദ്ധതിയിൽ 100 ശതമാനം വെട്ടിക്കുറവു വരുത്തി. പട്ടികജാതി വിഭാഗങ്ങൾക്ക് അനുവദിച്ച തുകയിൽ 20 വിഭാഗങ്ങൾക്കുള്ള തുകയിലാണ് വെട്ടിക്കുറവു വരുത്തിയത്. 


കഴിഞ്ഞ ദിവസം ന്യൂനപക്ഷ വിഭാഗങ്ങൾക്കുള്ള ഒൻപത് സ്‌കോളർഷിപ്പുകൾക്കുള്ള തുകയിൽ 50 ശതമാനം വീതം വെട്ടിക്കുറവു വരുത്തിയിരുന്നു. ഇതു വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയതിനു പിന്നാലെയാണ് പട്ടികജാതി വികസന ഫണ്ടും വെട്ടിയത്.


സാമ്പത്തിക വർഷം അവസാനിക്കാൻ രണ്ടു മാസം മാത്രം ശേഷിക്കേ പട്ടിക ജാതി വിഭാഗങ്ങളുടെ ലൈഫ് മിഷന് നൽകിയത് വെറും 30 ശതമാനം മാത്രമാണെന്ന് പ്ലാനിംഗ് ബോർഡ് രേഖകൾ വ്യക്തമാക്കുന്നു.

Advertisment