തിരുവനന്തപുരം: ബജറ്റിൽ കേരളത്തിന് പ്രത്യേകമായി ഒന്നുമില്ല. ബീഹാറിന് വാരിക്കോരി പദ്ധതികൾ പ്രഖ്യാപിക്കുമ്പോൾ കേരളത്തെ ധനമന്ത്രി കൈയ്യൊഴിഞ്ഞുവെന്ന പ്രതീതിയാണ് ബജറ്റ് സൃഷ്ടിച്ചിട്ടുള്ളത്.
എംയിസടക്കം പുതിയ പദ്ധതികൾ ഒന്നും പ്രഖ്യാപിച്ചില്ല. നിലവിൽ വലിയ ദുരന്തമുണ്ടായ വയനാടിനും പ്രത്യേകമായ പാക്കേജ് നൽകിയിട്ടില്ല. വിഴിഞ്ഞം തുറമുഖത്തിനും കാര്യമായ തോതിലുള്ള സഹായ വാഗ്ദാനങ്ങൾ ഒന്നുമുണ്ടായിട്ടില്ല. സർക്കാരിന്റെ ആവശ്യങ്ങളെ പൂർണ്ണമായും നിരാകരിച്ചുവെന്നു വേണം ഇതിൽ നിന്നും മനസിലാക്കേണ്ടത്.
രാജ്യത്തെ ഏറ്റവും പ്രധാന തുറമുഖമായി മാറുന്ന വിഴിഞ്ഞത്തിനായി 5,000 കോടിയുടെ പ്രത്യേക പാക്കേജാണ് ആവശ്യപ്പെട്ടിരുന്നത്.
വിഴിഞ്ഞത്തിനായി ഇതുവരെ ചെലവിട്ട 8500 കോടിയിൽ 5500 കോടിയും കേരളത്തിന്റേതാണ്. കേന്ദ്രം അനുവദിച്ച വിജിഎഫ് (വയബിലിറ്റി ഗ്യാപ് ഫണ്ട്) തിരിച്ചടയ്ക്കണമെന്ന വ്യവസ്ഥ ഒഴിവാക്കണമെന്നും ആവശ്യമുണ്ടായിരുന്നു.
സംസ്ഥാനം ചെലവിട്ട 6000 കോടിരൂപ കടമെടുക്കാൻ അനുവദിക്കണമെന്നതും കേന്ദ്രത്തിനോട് ആവശ്യപ്പെട്ടിരുന്നു. ഇതൊന്നും ബജറ്റിൽ പരിഗണിച്ചിട്ടില്ല.
സാമ്പത്തിക പ്രതിസന്ധി മൂലം വഴിമുട്ടി നിൽക്കുന്ന സംസ്ഥാനം കേന്ദ്രത്തിലേക്ക് ഉറ്റു നോക്കിയെങ്കിലും പ്രത്യക്ഷത്തിൽ കാര്യമായ സഹായങ്ങളൊന്നും നൽകിയിട്ടില്ല.
എന്നാൽ നിലവിൽ നൽകിയിരിക്കുന്ന ആദായയ നികുതിയിളവ് മന്ദീഭവിച്ചിരിക്കുന്ന കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയെ ചലിപ്പിക്കുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ വിലയിരുത്തുന്നത്.
വിപണി ഉണരുമ്പോൾ കൂടുതൽ നികുതി ലഭിക്കുമെന്നതിനാൽ സംസ്ഥാനത്തിന് കൂടുതൽ വരുമാനമുണ്ടാവുമെന്നും കരുതപ്പെടുന്നു.